
രാത്രിയില്‍ പൂശാനംപെട്ടിക്കടുത്ത് അരിക്കൊമ്പന്‍; ആരോഗ്യം വീണ്ടെടുത്തതോടെ സഞ്ചരിക്കുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണ്ണവും കൂടി; നിരീക്ഷണം ശക്തമാക്കി തമിഴ്നാട് വനം വകുപ്പ്; തിരുവനന്തപുരത്ത് ധര്‍ണ നടത്താന്‍ അരിക്കൊമ്പന്‍ ഫാന്‍സും മൃഗസ്നേഹികളും….!
സ്വന്തം ലേഖിക
കുമളി: വനത്തിനുള്ളില്‍ തുടരുന്ന അരിക്കൊമ്പനെ നിരീക്ഷിച്ചു വരികയാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു.
ഇന്നലെ രാത്രിയില്‍ ലഭിച്ച സിഗ്നല്‍ അനുസരിച്ച് പൂശാനംപെട്ടിക്കടുത്ത് നിന്ന് നാലര കിലോമീറ്റര്‍ ഉള്‍വനത്തിലാണ് കൊമ്പൻ നിലയുറപ്പിച്ചിരുന്നത്. ഷണ്‍മുഖ നദി ഡാമില്‍ നിന്ന് ആറ് കിലോമീറ്ററോളം അകലെയാണിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യം വീണ്ടെടുത്തതോടെ സഞ്ചരിക്കുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണ്ണവും കൂടിയിട്ടുണ്ട്.
അരിക്കൊമ്പനെ മുതുമലയില്‍ നിന്നുള്ള പ്രത്യേക സംഘത്തിൻ്റെ സഹായത്തോടെ നിരീക്ഷിക്കുന്നത് തുടരുകയാണ്.
ആന വനാതിര്‍ത്തി കടന്ന് ജനവാസ മേഖലയിലെത്തി ശല്യമുണ്ടാക്കിയാല്‍ മാത്രം മയക്കുവെടി വച്ചാല്‍ മതിയെന്നാണ് തമിഴ്നാട് വനംവകുപ്പിന്റെ തീരുമാനം. പല സംഘങ്ങളായി തിരിഞ്ഞ് വനം വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്.
ഇതിന് മുൻപ് മയക്കുവെടി വച്ച് ഒരു മാസം മാത്രമായതിനാല്‍ വീണ്ടും വെടി വയ്ക്കുന്നത് ആനയുടെ ആരോഗ്യത്തെ ബാധിക്കുമോയെന്ന കാര്യവും തമിഴ്നാട് വനംവകുപ്പിനെ കുഴക്കുന്നുണ്ട്. അതേസമയം, ഇന്ന് തിരുവനന്തപുരത്ത് അരിക്കൊമ്പന് ഐക്യദാര്‍ഢ്യം എന്ന പേരില്‍ മൃഗസ്നേഹികളും സംഘടനകളും ഒന്നിക്കുമെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ക്യാമ്പയിൻ നടക്കുന്നുണ്ട്.