
സ്വന്തം ലേഖിക
ഇടുക്കി: ചിന്നക്കനാല്‍, ശാന്തന്‍പാറ ഭാഗത്ത് ഭീതി സൃഷ്ടിക്കുന്ന അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടണോ എന്നതില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് എത്തും.
ചിന്നക്കനാല്‍ സന്ദര്‍ശിച്ച് വിദഗ്ധ സമിതി കാട്ടാനശല്യത്തെക്കുറിച്ച് നാട്ടുകാരില്‍ നിന്ന് നേരിട്ട് വിവരങ്ങളും ശേഖരിക്കും. അതിനായി ചിന്നക്കനാല്‍, സിങ്കുകണ്ടം, 301 കോളനി, പന്നിയാര്‍ എസ്റ്റേറ്റ് എന്നിവിടങ്ങള്‍ സമിതി സന്ദര്‍ശിച്ചേക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേവികുളത്തോ മൂന്നാറിലോ സിറ്റിങ്ങിനും സാധ്യതയുണ്ട്.
അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കാനൊരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍.
കേസ് ഉടനടി പരിഗണിക്കാന്‍ ഉണ്ടായ സാഹചര്യം അന്വേഷിക്കണം. അടിയന്തരമായി പരിഗണിച്ചതില്‍ നിയമ വിരുദ്ധത ഉണ്ടെങ്കില്‍ നടപടിയെടുക്കണം എന്നീ ആവശ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്.
കേസില്‍ ചീഫ് ജസ്റ്റിസ് വാദം കേള്‍ക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടും.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അറുപതോളം സംഘടനകളാണ് പരാതിയുമായി ചീഫ് ജസ്റ്റിസിനെ സമീപിക്കാനൊരുങ്ങുന്നത്.
അഞ്ചാം തിയതി രാവിലെ ചീഫ് ജസ്റ്റിസിന് നേരിട്ട് പരാതി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. അരിക്കൊമ്പനെ പിടികൂടാത്ത നടപടിയില്‍ സിങ്കുകണ്ടം, പൂപ്പാറ പ്രദേശങ്ങളില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.