
അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നു..! റേഡിയോ കോളർ സന്ദേശം ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ്; രാത്രി സഞ്ചരിച്ചത് 15 കിലോമീറ്റർ; നീക്ഷണം ശക്തമാക്കി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നു. റേഡിയോ കോളർ സന്ദേശം ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.
തമിഴ്നാട്–കേരള അതിർത്തിയോടു ചേർന്നുള്ള കോതയാർ ഡാമിനടുത്താണ് അരിക്കൊമ്പൻ ഉണ്ടായിരുന്നത്. ഇന്നലെ രാത്രിയോടെയാണ് 15 കിലോമീറ്ററോളം സഞ്ചരിച്ച അരിക്കൊമ്പൻ കന്യാകുമാരി വനാതിർത്തിയിലേക്ക് കടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരിക്കൊമ്പൻ ആരോഗ്യവാനാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.15 പേർ അടങ്ങുന്ന സംഘം മൂന്ന് ഷിഫ്റ്റുകളായി കോതയാർ വനാതിർത്തിയിൽ നിരീക്ഷണം നടത്തുന്നതായി കന്യാകുമാരി ഡി.എഫ്.ഒ. ഇളയരാജ അറിയിച്ചു.
കന്യാകുമാരി വനമേഖലയിൽ അരിക്കൊമ്പൻ എത്തുകയാണങ്കിൽ ജനവാസമേഖലയിൽ എത്താനുള്ള സാധ്യത ഏറെയാണ്. ഇതുമായി ബന്ധപ്പെട്ട് കന്യാകുമാരി ജില്ലയിലെ ആദിവാസികൾ ഉൾപ്പെടെ വിവിധ സംഘടനാ പ്രതിനിധികൾ നേരത്തെ ആശങ്ക അറിയിച്ചിരുന്നു.
അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതിനൊപ്പം, അതിർത്തി പ്രദേശത്ത് ആന എത്തുകയാണെങ്കിൽ ഉൾക്കാട്ടിലേക്കു കടത്തിവിടാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി ഡി.എഫ്.ഒ. അറിയിച്ചു. അംബാസമുദ്രം, കളക്കട്, കന്യാകുമാരി മേഖലകളിലെ 60 വനംവകുപ്പ് ഉദ്യോഗസ്ഥർ അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്.