
സ്വന്തം ലേഖകൻ
ഇടുക്കി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇടുക്കിയിലെ കാട്ടാന അരിക്കൊമ്പനെ കുറിച്ചുള്ള ചർച്ചയിലാണ് കേരളക്കര. ഇടുക്കിയിലെ ചിന്നക്കനാല്‍, ആനയിറങ്കല്‍, ശാന്തന്‍പാറ മേഖലകളില്‍ പൂണ്ടുവിളയാടുന്ന അരിക്കൊമ്ബനെ പിടികൂടാൻ ദൗത്യസംഘം എത്തിയതോടെ അരിക്കൊമ്പന്റെ കഥകളും പുറംലോകം അറിയാൻ തുടങ്ങി. വെറുമൊരു കാട്ടാന മാത്രമല്ല അരിക്കൊമ്പൻ..! അവനും പറയാൻ ഏറെയുണ്ട്..
36 വര്‍ഷം മുമ്പത്തെ കഥയാണ് നാട്ടുകാര്‍ പറയുന്നത്. കേട്ടാല്‍ കെട്ടുകഥയാണെന്ന് തോന്നും. പക്ഷേ അതല്ല അനുഭവകഥയാണെന്ന് അവര്‍ ആണയിട്ട് പറയും. അമ്മയുടെ ഓര്‍മയ്ക്കായി എല്ലാ വര്‍ഷം അമ്മയെ നഷ്ടപ്പെട്ട ഏലക്കാടുകള്‍ക്കിടയിലെ സ്ഥലത്ത് വരാറുണ്ടത്രെ. ആദ്യം കൂട്ടാനകള്‍ക്കൊപ്പവും, പിന്നീട് 20 വര്‍ഷമായി ഒറ്റയ്ക്കും അരിക്കൊമ്പൻ വന്നുപോകുന്നു. അരിക്കൊമ്പൻ പെട്ടെന്നൊരു നാള്‍ വില്ലനായതല്ലെന്നും നാട്ടുകാരുടെ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കാം. മനുഷ്യനും, മൃഗവും തമ്മിലുള്ള ചെറിയ സംഘര്‍ഷങ്ങള്‍ വളര്‍ന്ന്, അവരുടെ ആവാസ വ്യവസ്ഥയില്‍, മനുഷ്യര്‍ വില്ലരായി കടന്നുകൂടിയപ്പോള്‍, അരിക്കൊമ്പനും വില്ലനായി എന്നാണ് കഥയുടെ സാരം. ആ കഥ ടെലിവിഷന്‍ ചാനലില്‍ ഒരു നാട്ടുകാരന്‍ പറയുന്നത് ഇങ്ങനെ:

Whatsapp Group 1 | Whatsapp Group 2 |Telegram Group
’87 ഡിസംബര്‍. ഡേറ്റ് ക്യത്യമായി ഓര്‍ക്കുന്നില്ല. ഈ ആന ഇതിന്റെ തൊട്ട് കിഴക്കേ സൈഡില് ഇങ്ങനെ അവശയായി നില്‍ക്കുവാ. പതുക്കെ ആന അവിടുന്ന് കുറച്ച് നീങ്ങി കഴിഞ്ഞപ്പോള്‍, കുന്നിന്റെ മുകളില്‍ വന്നപ്പോള്‍, കയ്യാലക്കെട്ടേല്‍ ചവിട്ടി, കയ്യാല സഹിതം മറിഞ്ഞ് ആന താഴേക്ക് വീണു. കയ്യാലക്കെട്ടേന്ന് വീണ ആനയ്ക്ക് എണീല്‍ക്കാന്‍ പറ്റാതെ വന്നു. ബാക്കി ആനകള് കൂടി എണീപ്പിക്കാന്‍ നോക്കി നടക്കാതെ വന്നപ്പോള്‍, അതുങ്ങള് പോയി. കുഞ്ഞും തള്ളയും ഇവിടെ നിന്നു. രണ്ടാമത്തെ ദിവസം വൈകുന്നേരം ആയപ്പോളേക്കും ആന മരിച്ചു.
മൂന്നാമത്തെ ദിവസം, ഒരു ദിവസം ഈ കുഞ്ഞ് കൂടെ നിന്നു. മൂന്നാമത്തെ ദിവസം കൂട്ടാന വന്ന് കുഞ്ഞിനെ കൊണ്ടുപോയി. അരിക്കൊമ്ബന് അന്ന് ഉദ്ദേശം ഒരുരണ്ടുവയസ്. ഇടത്തരം പോത്തിന്റെ അത്രയും ഉയരം. കൊമ്ബ് ഒരു സിഗരറ്റിന്റെ നീളത്തില്‍. അത്രയും നീളത്തില്‍ പുറത്തേക്ക് വരണേയുള്ളു. അവനാന്ന് ഞങ്ങള്‍ കൃത്യമായി പറയാന്‍ കാരണം വര്‍ഷാവര്‍ഷം ആ ആന ഇവിടെ വരാന്‍ തുടങ്ങി. ആദ്യം കൂട്ടമായിട്ടാണ് വന്നോണ്ടിരുന്നത്. ഇവന്‍ ഇച്ചിരി പ്രായമായി കഴിഞ്ഞപ്പോള്‍, 20 വര്‍ഷമായിട്ട് ഇവന്‍ തന്നെയാണ് വരുന്നത്. അതാണ് ഈ ആനയാണെന്ന് പറയാന്‍ കാരണം…അമ്മയെ കുട്ടിക്കാലത്തെ നഷ്ടപ്പെട്ടതിന്റെ വൈരാഗ്യം കാരണം ആകാം ആളുകളെ ഓടിക്കാന്‍ തുടങ്ങിയത്. ഇത് കെട്ടുകഥയല്ല, അനുഭവത്തില്‍ ഉള്ള കഥയാണ്. ക്യത്യമായിട്ടറിയാം. ഈ നവംബര്‍ അവസാനവും അരിക്കൊമ്പൻ അമ്മ ചരിഞ്ഞ സ്ഥലത്ത് വന്നിരുന്നു. ഈ സ്ഥലത്ത് വന്ന് കൃത്യമായിട്ട് അവന്റെ അമ്മ നില്‍ക്കുന്ന സ്ഥലത്ത് വന്ന്, അര മണിക്കൂര്‍ നേരം സൈലന്റായി നിന്ന് താഴെയിറങ്ങി പോയി അവിടെ നോക്കിയേച്ചാണ് അവന്‍ തിരിച്ചുകയറി പോയത്.’
പിന്നെയുമുണ്ട് അരിക്കൊമ്പനെ കുറിച്ച് പറയാൻ ഏറെ..! കുടുംബസ്നേഹിയായ കാട്ടാന
തന്റെ ഇണയ്ക്കും, കുഞ്ഞിനുമൊപ്പം കൂട്ടത്തിന്റെ രക്ഷകനായി നടക്കുന്ന അരികൊമ്പന്റെ ദൃശ്യങ്ങളും ഇതിനകം മനുഷ്യര്‍ കണ്ടുകഴിഞ്ഞു. കൂട്ടം തെറ്റിയ കുട്ടിയാനയെ തേടി പിടിച്ച് കൂട്ടത്തിലാക്കുന്നതില്‍ വേവലാതിപ്പെടുന്ന പാവം, ശാന്തനായ അരിക്കൊമ്പൻ.
റേഷൻ കടകളും വീടുകളും തകർത്ത് അരി തിന്നുന്നത് മറ്റൊരു മുഖം… ഈ മുഖം മാത്രം അറിയാവുന്നവർക്ക് അരിക്കൊമ്പൻ എന്നും ശല്യക്കാരനായ കാട്ടാനയാണ്.. എന്നാൽ മറ്റു ചിലർക്ക് എന്നും പ്രിയപ്പെട്ടവനും..
തന്നെ കുറിച്ചുള്ള ചൂടുള്ള ചർച്ചകളെക്കുറിച്ചൊന്നും അരിക്കൊമ്പൻ ഇപ്പോഴും അറിഞ്ഞിട്ടുണ്ടാവില്ല. സഹ്യന്റെ പുത്രനെ അവന്റെ ആവാസവ്യവസ്ഥയിൽ ജീവിക്കാൻ അനുവദിക്കാതെ പിടിച്ചു കൂട്ടിലിടാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം… ജനങ്ങൾക്കുണ്ടായ നാശനഷ്ടം പരിഗണിക്കുമ്പോൾ അരിക്കൊമ്പനെ തളയ്ക്കാതെ മറ്റു മാർഗ്ഗമൊന്നുമില്ല എന്ന് തന്നെ തോന്നും. എന്നാൽ മനുഷ്യന് മാത്രമാണോ ഇവിടെ ജീവിക്കാൻ അവകാശം.. പ്രകൃതി അവന്റേതു കൂടിയല്ലേ.. അവരുടെ ആവാസവ്യവസ്ഥയിലേക്ക് കടന്നുചെന്നതും നമ്മളല്ലേ..!
അരിക്കൊമ്പനെ മയക്കുവെടി വെച്ച് വീഴ്‌ത്താന്‍ മിഷന്‍ അരിക്കൊമ്പൻ ദൗത്യത്തിന് വനംവകുപ്പ് ഒരുങ്ങിയിരുന്നു. ശനിയാഴ്ച ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനായിരുന്നു തീരുമാനം. ഇതിനെതിരെ മൃഗസംരക്ഷണ സംഘടന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇവര്‍ നല്‍കിയ ഹര്‍ജിയിലാണ് മിഷന്‍ അരിക്കൊമ്പൻ ഹൈക്കോടതി താത്കാലികമായി തടയിട്ടത്. എന്തായാലും അരിക്കൊമ്പനെ പിടികൂടി ഉള്‍വനത്തില്‍ വിടുന്നതിനെ കുറിച്ച് അഭിപ്രായം അറിയിക്കാന്‍ ഹൈക്കോടതി വിദഗ്ധ സമിതി രൂപീകരിച്ചിരിക്കുകയാണ് കോടതി. ഇതൊന്നുമറിയാതെ തന്റേതായ ജീവിതം തുടരുകയാണ് അരിക്കൊമ്പൻ…