സ്വന്തം ലേഖകൻ
കോട്ടയം: അർജന്റീനയുടെ തോൽവിയിൽ മനം നൊന്ത് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് വീട് വിട്ട മെസിയുടെ ആരാധകൻ ആറ്റിൽചാടിയിട്ടില്ലെന്ന് ഉറപ്പിച്ച് പൊലീസ്. ഇയാൾക്കായി മീനച്ചിലാറ്റിൽ നടത്തുന്ന തിരച്ചിൽ 48 മണിക്കൂർ പിന്നിട്ടിട്ടും ആറ്റിൽ നിന്നും തെളിവുകളൊന്നും ലഭിക്കാതെ വന്നതോടെയാണ് പൊലീസ് അന്വേഷണം മറ്റൊരു ദിശയിലേയ്ക്കു മാറ്റുന്നത്. അയർക്കുന്നം അമയന്നൂർ കൊറ്റത്തിൽ ചാണ്ടിയുടെ മകൻ ഡിനു(30)വിനെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നര മുതൽ വീട്ടിൽ നിന്നും കാണാതായത്. ഇയാളുടെ മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പും ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് പൊലീസ് ഡിനു ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നത്.
ഡിനുവിനെ കണ്ടെത്തുന്നതിനായി വെള്ളിയാഴ്ച പുലർച്ചെയാണ് പൊലീസും അഗ്നിശമന സേനയും മീനച്ചിലാറ്റിൽ അയർക്കുന്നത്ത തിരച്ചിൽ ആരംഭിച്ചത്. അർജന്റീനയുടെ പരാജയത്തിൽ മനം നൊന്ത് വീട്ടിൽ ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷമായിരുന്നു ഇയാൽ പുറത്തേയ്ക്കു പോയത്. അതുകൊണ്ടു തന്നെ ഡിനു ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിൽ നാട്ടുകാർ എത്തിച്ചേർന്നത്. തുടർന്നാണ ഇതേ രീതിയിൽ തന്നെ പൊലീസ് അന്വേഷണം മുന്നോട്ടുപോയതും. എന്നാൽ, 48 മണിക്കൂറിലേറെ, മീനച്ചിലാറ്റിൽ പത്തു കിലോമീറ്ററോളം ദൂരം അഗ്നിശമന സേനയും നാട്ടുകാരും നിരന്തരം തിരച്ചിൽ നടത്തിയെങ്കിലും ഡിനു ചാടിയതായ സൂചനകളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല. ഇതോടെയാണ് അന്വേഷണത്തിനു പൊലീസ് മറ്റു വഴികൾ തേടിയിരിക്കുന്നത്.
ഡിനു നേരത്തെയും സാമാന രീതിയിൽ വീട്ടിൽ നിന്നും പുറപ്പെട്ട് പോയിട്ടുണ്ടെന്ന സൂചനയാണ് വീട്ടുകാർ നൽകുന്നത്. എന്നാൽ, നേരത്തെ ഇത്തരത്തിൽ പുറത്തു പോയിരുന്നപ്പോൾ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ, ഇക്കുറി കാണാതാകുമ്പോൾ ഡിനുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ് അതുകൊണ്ടു തന്നെ ഡിനുവിന്റെ ഇക്കുറിയുള്ള കാണാതാകലിൽ എന്തോ ്അപകടകരമായി ഉണ്ടോ എന്ന സംശയമാണ് ബന്ധുക്കൾക്കുള്ളത്. എന്നാൽ, ബന്ധുക്കളുടെ ഈ സംശയത്തെ പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല. അർജന്റനയുടെ പരാജയത്തിൽ മനം നൊന്ത് ഡിനു നാട്ടുവിട്ടതാകാമെന്ന സംശയം മാത്രമാണ് പൊലീസിനുള്ളത്. ഇതേ തുടർന്നു പൊലീസ് സംഘം ഇയാൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.