സുഹൃത്തുക്കളായ ആൺകുട്ടിയേയും പെൺകുട്ടിയേയും നടുറോഡിൽ മണിക്കൂറുകളോളം ബന്ദിയാക്കി; വ്യത്യസ്ത മതക്കാരാണെന്ന കാരണം പറഞ്ഞാണ് ബന്ദിയാക്കിയത്
സ്വന്തം ലേഖകൻ
ബെംഗളൂരു: സുഹൃത്തുക്കളുമായ ആൺകുട്ടിയെയും പെൺകുട്ടിയെയും നടുറോഡിൽ മണിക്കൂറുകളോളം ബന്ദിയാക്കി. വ്യത്യസ്ത മതക്കാരാണെന്ന കാരണം പറഞ്ഞാണ് ഒരു സംഘം ഇരുവരെയും റോഡിൽ തടഞ്ഞുവെച്ച് പണംതട്ടാൻ ശ്രമം നടത്തയത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം മൈസൂരു-ബെംഗളൂരു റോഡിൽവെച്ചായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. മൈസൂരു സ്വദേശികളും എൻജിനീയറിങ് കോളേജ് വിദ്യാർഥികളുമായ ഇരുവരും ബൈക്കിൽ ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. ഇതിനിടെ വിശ്രമിക്കാനായി ഒരിടത്ത് നിർത്തിയപ്പോളായിരുന്നു മൂന്നുപേരടങ്ങുന്ന സംഘം ഇവരെ വളഞ്ഞത്. പേരും നാടും ചോദിച്ചറിഞ്ഞ ഇവർ ആൺകുട്ടി ക്രിസ്ത്യാനിയും പെൺകുട്ടി മുസ്ലീമും ആണെന്ന് മനസിലാക്കിയതോടെ ഭീഷണിപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്യമതക്കാരനൊപ്പം ബൈക്കിൽ കറങ്ങിനടക്കുന്ന വിവരം വീട്ടിൽ അറിയിക്കുമെന്ന് പറഞ്ഞായിരുന്നു പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയത്. ഇരുവരെയും കുറേസമയം ബന്ദികളാക്കുകയും ചെയ്തു. പിന്നീട് പണം നൽകിയാൽ വിട്ടയക്കാമെന്ന് പ്രതികൾ പറഞ്ഞതോടെ പണം തരാമെന്ന് പെൺകുട്ടി സമ്മതിച്ചു.
തുടർന്ന് പ്രതികളിലൊരാൾ ബൈക്കിൽ പെൺകുട്ടിയുമായി സമീപത്തെ എടിഎം കൗണ്ടറിലേക്ക് പോയി. കൈലാഞ്ചയിലെ എടിഎം കൗണ്ടറിന് സമീപം ഏറെ പരിഭ്രാന്തയായ നിലയിൽ പെൺകുട്ടി വരുന്നത് നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. ഉടൻതന്നെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു.
എന്നാൽ പൊലീസ് എത്തിയതോടെ പ്രതികൾ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. സംഭവത്തിൽ രണ്ടുപേരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി സുഹൈൽ, ഇയാളുടെ സുഹൃത്ത് മുദീം എന്നിവരെയാണ് പൊലീസ് പിടികൂടിയത്.