ജാഗ്രത നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി:രണ്ട് വർഷം വരെ തടവ് ശിക്ഷ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടിയെടുക്കാൻ ഉത്തരവിട്ട് തിരുവനന്തപുരം ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ. വിദേശത്തുനിന്നും നാട്ടിലെത്തിയവർ ആരോഗ്യവകുപ്പ് നൽകിയിട്ടുള്ള ക്വാറന്റീൻ നിർദേശം ലംഘിക്കാൻ പാടില്ലെന്നും നിർദേശം ലംഘിക്കുന്നത് ദുരന്തനിവാരണ നിയമപ്രകാരം രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും കളക്ടർ വ്യക്തമാക്കി.
കോവിഡ്-19 സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ പൊതുസ്ഥലങ്ങളിലും സ്വകാര്യയിടങ്ങളിലും ജനങ്ങൾ കൂട്ടം കൂടുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തി.
പൊതു പരിപാടികൾ, സമ്മേളനങ്ങൾ, ആരാധനാലയങ്ങൾ, ആഘോഷങ്ങൾ, ഉത്സവങ്ങൾ എന്നിവയിൽ അൻപതിലധികം ആളുകൾ കൂട്ടംചേരാൻ പാടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉത്തരവ് ലംഘിച്ചാൽ രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമായി കണക്കാക്കുമെന്നും ഇത് എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരെയും കളക്ടറും അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാ ലേബർ ഓഫീസർ നടപടി സ്വീകരിക്കുകയും ഇവർക്ക് ഏതെങ്കിലും തരത്തിൽ രോഗലക്ഷണം കണ്ടെത്തിയാൽ അടിയന്തര സഹായം ലഭ്യമാക്കുകയും വേണമെന്നും അദ്ദേഹം അറിയിച്ചു.