play-sharp-fill
വര്‍ഷങ്ങളായി അടുപ്പം പുലര്‍ത്തുന്ന വീട്ടമ്മയുടെ വീട്ടില്‍  ബോധരഹിതനായി കാണപ്പെട്ട യുവാവിൻ്റെ മരണം കൊലപാതകമെന്ന് ആരോപണം;ബന്ധുക്കൾ പൊലീസിൽ പരാതി നൽകി

വര്‍ഷങ്ങളായി അടുപ്പം പുലര്‍ത്തുന്ന വീട്ടമ്മയുടെ വീട്ടില്‍ ബോധരഹിതനായി കാണപ്പെട്ട യുവാവിൻ്റെ മരണം കൊലപാതകമെന്ന് ആരോപണം;ബന്ധുക്കൾ പൊലീസിൽ പരാതി നൽകി

സ്വന്തം ലേഖകൻ

ഏറ്റുമാനൂര്‍:കോട്ടയം വയലാ സ്വദേശി അരവിന്ദിന്‍റെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.

വര്‍ഷങ്ങളായി അടുപ്പം പുലര്‍ത്തുന്ന വീട്ടമ്മയുടെ വീട്ടില്‍ വെച്ച് ബോധരഹിതനായ അരവിന്ദനെ ആശുപത്രിയിലാക്കാന്‍ ഏറ്റുമാനൂരില്‍ നിന്ന് വാഹനം വിളിക്കാന്‍ വീട്ടമ്മ തയാറായിരുന്നില്ല.
പകരം പത്തു കിലോ മീറ്റര്‍ അകലെയുളള വയലായില്‍ നിന്ന് അരവിന്ദന്‍റെ പരിചയക്കാരനായ ഓട്ടോറിക്ഷക്കാരനെ വിളിച്ചു വരുത്തിയ ശേഷം മണിക്കൂറുകള്‍ വൈകി ആശുപത്രിയിലെത്തിച്ചതാണ് മരണത്തില്‍ സംശയം തോന്നാനുള്ള കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതോടൊപ്പം അരവിന്ദിന്‍റെ തലയിലും ശരീരത്തിലും കണ്ട മുറിവുകളാണ് ബന്ധുക്കളുടെ സംശയത്തിനിടയാക്കിയത്.

ആരോപണ വിധേയയായ വീട്ടമ്മയുടെ സഹോദരനൊപ്പമാണ് അരവിന്ദനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ തെറ്റായ മേല്‍വിലാസം നല്‍കിയ ശേഷം വീട്ടമ്മയുടെ സഹോദരന്‍ മുങ്ങിയതും കാര്യങ്ങള്‍ സങ്കീര്‍ണമാക്കി.

ആരും കൂടെ ഇല്ലാതിരുന്നതിനാല്‍ തന്നെ അരവിന്ദന്‍റെ ചികില്‍സ മണിക്കൂറുകള്‍ വൈകിയാണ് തുടങ്ങിയത്.

തലയ്ക്കു പിന്നിലെ മുറിവാണ് മരണകാരണമായതെന്ന വിവരമാണ് ഡോക്ടര്‍മാരില്‍ നിന്ന് ബന്ധുക്കള്‍ക്ക് കിട്ടിയിട്ടുള്ളത്. മറ്റ് സാഹചര്യങ്ങളെല്ലാം ചേര്‍ത്തു വയ്ക്കുമ്പോൾ അരവിന്ദനെ മനപൂര്‍വം തലയ്ക്കടിച്ചു കൊന്നെന്ന സംശയമാണ് ബന്ധുക്കള്‍ പങ്കുവയ്ക്കുന്നത്.

എന്നാല്‍ തന്‍റെ വീട്ടില്‍ വച്ച്‌ അപസ്മാരമുണ്ടായി തലയിടിച്ചു വീണാണ് അരവിന്ദന് പരുക്കേറ്റതെന്നും മറ്റെല്ലാ ആരോപണങ്ങളും കളളമെന്നുമാണ് ആരോപണ വിധേയയായ വീട്ടമ്മ പറയുന്നത്. തന്‍റെ സഹോദരന് ശരിയായ മേല്‍വിലാസം അറിയാഞ്ഞതിനാലാണ് ആശുപത്രിയില്‍ നല്‍കിയ വിവരങ്ങള്‍ തെറ്റിപ്പോയതെന്നുമാണ് വീട്ടമ്മ വിശദീകരിക്കുന്നത്.

സാഹചര്യ തെളിവുകളില്‍ പലതിലും ദുരൂഹതയുണ്ടെങ്കില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടാതെ ഒന്നും പറയാനാകില്ലെന്നാണ് കേസ് അന്വേഷിക്കുന്ന ഏറ്റുമാനൂര്‍ പൊലീസിന്‍റെ വിശദീകരണം.

ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിൽ അരവിന്ദിന്‍റെ മരണത്തില്‍ വിശദമായ അന്വേഷണമാണ് വീട്ടുകാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Tags :