
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ചതില്‍ വിസിയോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രിയ വര്‍ഗീസിന്റെ നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി ഫോറം നല്‍കിയ പരാതിയിലാണ് നടപടി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്.
25 വര്‍ഷത്തെ അധ്യാപന പരിചയവും നൂറില്‍പരം ഗവേഷണ പ്രബന്ധങ്ങളുമുള്ള ചങ്ങനാശ്ശേരി എസ്.ബി കോളജിലെ ഡോ. ജോസഫ് സ്കറിയയെയും മലയാളം സര്‍വകലാശാലയിലെ രണ്ട് അധ്യാപകരെയും പിന്തള്ളിയാണ് മൂന്ന് വര്‍ഷത്തെ അധ്യാപന പരിചയം മാത്രമുള്ള കെ.കെ. രാഗേഷിന്റെ ഭാര്യയെ അസോസിയേറ്റ് പ്രഫസറായി നിയമിക്കാന്‍ ഒന്നാംറാങ്ക് നല്‍കിയത്.
തൃശൂര്‍ കേരള വര്‍മ്മ കോളജില്‍ അധ്യാപികയായിരുന്നു പ്രിയ വര്‍ഗീസ്. കഴിഞ്ഞ നവംബറില്‍ വിസി യുടെ കാലാവധി നീട്ടുന്നതിനു തൊട്ടു മുന്‍പ് മലയാളം അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനായി അഭിമുഖം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയത് വിവാദമായിരുന്നു. വിവാദത്തെ തുടര്‍ന്ന് നിയമനം നല്‍കാതെ റാങ്ക് പട്ടിക മാറ്റിവെച്ചിരിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ കഴിഞ്ഞ മാസം ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് ലഭിച്ച പട്ടിക അംഗീകരിച്ചു. പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയതിനുള്ള പരിതോഷികമായാണ് ഡോ ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വകലാശാലയില്‍ വിസി ആയി പുനര്‍നിയമനം ലഭിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു.
ഒന്നരലക്ഷത്തോളം രൂപയാണ് അസോസിയേറ്റ് പ്രഫസറുടെ ശമ്ബളം. നേരത്തേ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസി. പ്രഫസര്‍ നിയമനത്തിന് ശ്രമിച്ചിരുന്നെങ്കിലും പ്രായക്കൂടുതല്‍ കാരണം തടസ്സം നേരിട്ടു. തുടര്‍ന്നാണ് തിരക്കിട്ട് അസോസിയേറ്റ് പ്രഫസര്‍ നിയമനത്തിന് വിജ്ഞാപനം ഇറക്കിയതും ഇന്‍റര്‍വ്യൂ നടത്തി ഒന്നാം റാങ്ക് നല്‍കിയതും.
കേരളവര്‍മ കോളജില്‍ മൂന്ന് വര്‍ഷത്തെ മാത്രം സേവനമുള്ള പ്രിയ വര്‍ഗീസ് രണ്ട് വര്‍ഷം കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ്സ് സര്‍വിസസ് ഡയറക്ടറായി ജോലി ചെയ്തതും മൂന്ന് വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രഫസറായി ജോലി ചെയ്തതും അധ്യാപന പരിചയമായി കണക്കിലെടുത്തത് ക്രമവിരുദ്ധമാണെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു.



