ഹേമ കമ്മിറ്റി റിപ്പോ‍ർട്ടിൽ സുരേഷ് ഗോപിയുടെ പേരുണ്ടോ എന്നാണ് സംശയം; അല്ലെങ്കിൽ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്യേണ്ട കാര്യമില്ലായിരുന്നു, അദ്ദേഹത്തിന് വലിയ കുറ്റബോധമുണ്ടെന്നു തോന്നുന്നു; പ്രതികരണവുമായി അനിൽ അക്കര

Spread the love

തൃശൂർ: ഹേമ കമ്മിറ്റി റിപ്പോ‍ർട്ടിൽ സുരേഷ് ഗോപിയുടെ പേരുണ്ടോയെന്ന് സംശയമുണ്ടെന്ന് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ അനിൽ അക്കര. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് രോഷത്തോടെയുള്ള സുരേഷ് ഗോപിയുടെ മോശം പെരുമാറ്റത്തിന് പിന്നാലെയാണ് അനിൽ അക്കരയുടെ പ്രതികരണം.

അനിൽ അക്കരയുടെ പ്രതികരണം ഇങ്ങനെ..

ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിച്ചത്തുവന്നതിന് ശേഷം നിരവധി നടന്മാർക്കെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരുടെയൊക്കെ പേരുണ്ട് എന്നത് ഇനിയും വ്യക്തമല്ല. പരാതിയുമായി മുന്നോട്ട് വന്നവരുടെ കാര്യങ്ങൾ മാത്രമാണ് ഇപ്പോൾ ചർച്ചയായിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാതിക്കാരുടെയോ അവർ ആരോപണം ഉന്നയിച്ചവരുടെയോ കാര്യങ്ങൾ ചർച്ചയായിട്ടില്ല. ഏതൊക്കെ സിനിമാ താരങ്ങൾ നടിമാരോട് മോശമായി പെരുമാറിയെന്നോ പീ‍ഡിപ്പിച്ചു എന്നോ ഉള്ള ഒരു വിവരവും ഇതുവരെ പുറത്തുവന്നിട്ടില്ല.

അതിനകത്ത് സുരേഷ് ഗോപിയുടെ പേരുണ്ടോ എന്ന സംശയം എനിക്കും പൊതുസമൂഹത്തിനും ബലപ്പെടുന്ന സംഭവമാണ് ഇന്നത്തേത്. അല്ലെങ്കിൽ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ സുരേഷ് ഗോപി ശ്രമിക്കേണ്ട കാര്യമെന്താണ്. അദ്ദേഹത്തിന് വലിയ കുറ്റബോധമുണ്ട് എന്നാണ് എനിക്ക് തോന്നുന്നതെന്നും അനിൽ അക്കര പറഞ്ഞു.

നേരത്തെ തൃശൂരിലെ രാമനിലയത്തിൽ പ്രതികരണം ചോ​ദിച്ച മാധ്യമങ്ങളോടാണ് സുരേഷ് ​ഗോപി തട്ടിക്കയറിയതും മോശമായി പെരുമാറിയതും. രാമനിലയത്തിലെത്തിയ മാധ്യമങ്ങളെ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളിമാറ്റുകയായിരുന്നു സുരേഷ് ​ഗോപി.

എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു പ്രകോപനം.