എകെ ആന്റണിയുടെ മകൻ അനിൽ രാഷ്ട്രീയത്തിലേക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എകെ ആന്റണിയുടെ മകൻ അനിൽ രാഷ്ട്രീയത്തിലേക്ക്. വരുന്ന പൊതുതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായിട്ടുള്ള സംസ്ഥാനത്തെ ഡിജിറ്റൽ മീഡിയ സെൽ കൺവീനറാക്കി അനിലിനെ നിയിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പിലും മറ്റ് നിയമസഭാ തെരഞ്ഞെടുപ്പിലും അനിലിന്റെ നേതൃത്വത്തിൽ നടന്ന നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങൾ പാർട്ടിക്ക് ഗുണം ചെയ്തുവെന്ന് വിലയിരുത്തിക്കൊണ്ടാണ് നടപടി. ഇതാണ് നിയമനത്തിന് കാരണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. നിലവിൽ സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന നവൂതൻ ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റാണ് അനിൽ. തിരുവനന്തപുരം എൻജിനീയറിങ്ങ് കോളേജിലെ പഠനത്തിനു ശേഷം സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മാനേജ്‌മെന്റ് സയൻസ് ആൻഡ് എൻജിനീയറിംഗിൽ ബിരുദവും അനിൽ നേടിയിരുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി നവമാധ്യമങ്ങളിൽ നടത്തിയ പ്രചാരണമാണ് അനിൽ ആന്റണിയെ ശ്രദ്ധേയനാക്കിയത്. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേലുമായി ചേർന്നായിരുന്നു കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി പ്രവർത്തിച്ചത്. വർഷങ്ങളുടെ പാരമ്പര്യം ഉള്ള രാഷ്ട്രീയ പാർട്ടി ആണെങ്കിലും സൈബർ രംഗത്ത് കോൺഗ്രസ് പരാജയമാണ്. കേരളത്തിൽ ബിജെപി സിപിഎം സൈബർ ക്യാമ്പയിന് ഒപ്പം നിൽക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.ഇതിന് മാറ്റമുണ്ടാക്കിയാൽ മാത്രമെ യുവാക്കളെ ഒപ്പം നിർത്താൻ കഴിയുകയുള്ളു എന്ന തിരിച്ചറിവുകൂടിയാണ് ഇത്തരമൊരു നീക്കത്തിന് സംസ്ഥാന നേതൃത്വത്തെ പ്രേരിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നു എന്നതാണ് അനിലിന്റെ പ്രചാരണ രീതിയെ പ്രശാന്ത് കിഷോറിന്റേതിൽ നിന്നും വ്യത്യസ്തമാക്കുന്നത്. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ ശശി തരൂരിന് കീഴിലായിരിക്കും അനിൽ പ്രവർത്തിക്കുക. സമൂഹമാധ്യമങ്ങളിലെ പ്രചാരണം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ശശി തരൂർ റിപ്പോർട്ട് സമർപ്പിച്ച് ഉടനെയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നടപടി. കോൺഗ്രസ് പ്രവർത്തകർക്ക് സമൂഹ മാധ്യമങ്ങളിൽ പെരുമാറ്റച്ചട്ടം വേണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.