പാര്‍ട്ടി നേതാക്കള്‍ ക്രൂരമായി പീഡിപ്പിക്കുന്നു; കേരളത്തിലെ ഏക ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി അനന്യ മത്സരത്തില്‍ നിന്ന് പിന്മാറി
സ്വന്തം ലേഖകന്‍
കോഴിക്കോട്: വേങ്ങര മണ്ഡലത്തിലെ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ടി സ്ഥാനാര്‍ഥിയും കേരളത്തിലെ ഏക ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയുമായ അനന്യ കുമാരി അലക്സ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്മാറി. പാര്‍ട്ടി നേതാക്കള്‍ തന്നെ ക്രൂരമായി പീഡിപ്പിക്കുന്നു, കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് അനന്യ പിന്മാറിയത്.
നേതാക്കള്‍ മാനസികമായി പീഡിപ്പിക്കുന്നു. ഒരു നേതാവ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. തന്റെ കരിയര്‍ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി- അനന്യ വീഡിയോയില്‍ പറയുന്നു. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് തന്നെ സ്പോണ്‍സര്‍ ചെയ്തത്. എന്നാല്‍ ഇതിനുപുറകിലുള്ള ചതിക്കുഴികളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ഇനിയും വോട്ടര്‍മാരേയും ജനങ്ങളേയും പറ്റിക്കാന്‍ താല്‍പര്യമില്ലെന്നും അനന്യ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലൂടെ ട്രാന്‍സ്ജെന്‍ഡറുടെ പ്രശ്നങ്ങള്‍ ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു ലക്ഷ്യം. എന്നാല്‍ ഈ പാര്‍ട്ടിയിലൂടെ അത് സാധ്യമാകില്ല എന്ന് തനിക്ക് ഇപ്പോള്‍ ബോധ്യമായി. ജീവന് ഭീഷണിയുണ്ട്. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ടി തട്ടിക്കൂട്ട് പാര്‍ട്ടിയാണെന്നും വേങ്ങര മണ്ഡലം മത്സരത്തിനായി തെരഞ്ഞെടുത്തത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും അനന്യ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നിന്ന് സ്വമേധയാ പിന്‍മാറുന്നതായും ആരും തന്റെ പേരില്‍ ഡി എസ് ജെ പി പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്നും അനന്യ വിഡിയോയില്‍ ആവശ്യപ്പെട്ടു. മേക്കപ്പ് ആര്‍ടിസ്റ്റും വാര്‍ത്താ അവതാരകയും കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കിയും കൂടിയാണ് അനന്യ കുമാരി. കൊല്ലം പെരുമണ്‍ സ്വദേശിനിയാണ്.