
കോട്ടയം: 1989 ഏപ്രിൽ 8 – ന് തമിഴ്നാട്ടിലെ വള്ളിയൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന ഒരു ദാരുണ സംഭവത്തിന്റെ മുപ്പത്തിയാറാം വാർഷികദിനമാണിന്ന്.
അതിങ്ങനെയായിരുന്നു…
കന്യാകുമാരി ജില്ലയിൽപ്പെട്ട കുറ്റാലമ്മൂട് ഭദ്രേശ്വരി അമ്മൻ കോവിലിലെ ഉത്സവത്തിന്റെ ഭാഗമായി ഒരു ഗാനമേള അവതരിപ്പിക്കാൻ തീവണ്ടിയിൽ വന്നുകൊണ്ടിരിക്കുകയായിരുന്നു പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര പിന്നണി ഗായകനായ എ.എം. രാജയും ഭാര്യ ജിക്കിയും.
തീവണ്ടി വള്ളിയൂർ
സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്നതിനിടയിൽ വെള്ളമെടുക്കാനായി ഗാനമേള ഗ്രൂപ്പിലെ ഒരാൾ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി.
ഏറെ നേരമായിട്ടും കാണാതായ അദ്ദേഹത്തെ അന്വേഷിച്ചിറങ്ങിയ
എ. എം. രാജ തീവണ്ടി
പതുക്കെ മുന്നോട്ടു നീങ്ങാൻ തുടങ്ങിയതോടെ ഓടിവന്ന് ട്രെയിനിൽ ചാടി കയറി .

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിർഭാഗ്യകരമെന്നു പറയട്ടെ അദ്ദേഹത്തിന് പിടികിട്ടിയില്ല.
പ്ലാറ്റ്ഫോമിനും തീവണ്ടിക്കും ഇടയിൽ അബദ്ധവശാൽ വീണു പോയ ദക്ഷിണേന്ത്യയുടെ പ്രിയഗായകൻ്റെ ശരീരത്തിലൂടെ തീവണ്ടിചക്രങ്ങൾ ഒന്നൊന്നായി കയറിയിറങ്ങി.
വള്ളിയൂർ റെയിൽവേ സ്റ്റേഷനിൽ
ഭാര്യ ജിക്കിയുടെ മുമ്പിൽ വെച്ചു തന്നെ പിടഞ്ഞുമരിച്ച
എ എം രാജയുടെ ദുരന്തവാർത്ത ചിലരെങ്കിലും ഓർക്കുന്നുണ്ടായിരിക്കും.
ആന്ധ്രപ്രദേശിലെ
ചിറ്റൂരിൽ ജനിച്ച ഏയ്മല മന്മഥരാജ
” വിശപ്പിന്റെ വിളി “എന്ന ചിത്രത്തിൽ പ്രേംനസീറിന് പിന്നണി
പാടിക്കൊണ്ടാണ് മലയാള ചലച്ചിത്ര ഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്.
എന്നാൽ സത്യൻ നായകനായി അഭിനയിച്ച സ്നേഹസീമയിലെ
” കണ്ണും പൂട്ടിയുറങ്ങുക നീയെൻ കണ്ണേ പുന്നാരപ്പൊന്നുമകളേ….”
എന്ന ഗാനത്തോടെയാണ്
എ എം രാജ മലയാള സിനിമയിൽ സജീവമാകുന്നത്.
ഉദയായുടെ “ഭാര്യ ”
എന്ന ചിത്രത്തിൽ സുശീലയോടൊപ്പം പാടിയ
“പെരിയാറേ പെരിയാറേ പർവ്വതനിരയുടെ പനിനീരേ ….”
എന്ന ഗാനം വളരെയധികം ജനപ്രീതി നേടിയതോടുകൂടി മലയാളത്തിലെ നമ്പർ വൺ ഗായകനായി രാജ ഉയർന്നു.
ഈ ചിത്രത്തിൽ തന്നെ
എ എം രാജയും ഭാര്യ ജിക്കിയും
ചേർന്ന് പാടിയ
” മനസ്സമ്മതം തന്നാട്ടെ
മധുരം കിള്ളി തന്നാട്ടെ ….”
എന്ന ഗാനവും വമ്പിച്ച ജനശ്രദ്ധ നേടിയെടുത്തു.
മലയാളത്തിലെ ദേവരാഗങ്ങളുടെ ശില്പി ദേവരാജന്റെ പ്രിയഗായകനായിരുന്നു
എ എം രാജ .
ദേവരാജൻ തന്നെയാണ് രാജയെക്കൊണ്ട് ഏറ്റവും കൂടുതൽ ഗാനങ്ങൾ മലയാളത്തിൽ പാടിപ്പിച്ചതും.
“ആകാശഗംഗയുടെ കരയിൽ അശോകവനിയിൽ … ”
( ഓമനക്കുട്ടൻ -വയലാർ – ദേവരാജൻ )
“ദേവദാരു പൂത്തനാളൊരു . ”
(മണവാട്ടി – വയലാർ – ദേവരാജൻ )
“മയിൽപീലി കണ്ണുകൊണ്ട് ..”.(കസവുതട്ടം – വയലാർ – ദേവരാജൻ)
“കാട്ടുചെമ്പകം പൂത്തുലയുമ്പോൾ … ”
( വെളുത്ത കത്രീന – ശ്രീകുമാരൻ തമ്പി – ദേവരാജൻ)
“താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ …. ”
“മാനസേശ്വരി മാപ്പ് തരൂ …”
( രണ്ടു ഗാനങ്ങളും അടിമകൾ എന്ന ചിത്രത്തിൽ നിന്ന് , രചന വയലാർ – സംഗീതം ദേവരാജൻ)
“കിഴക്കേമലയിലെ വെണ്ണിലാവൊരു
ക്രിസ്ത്യാനി പെണ്ണ് ….”
(ബി വസന്തയോടൊപ്പം – ചിത്രം, ലോറാ നീ എവിടെ – രചന വയലാർ – സംഗീതം ബാബുരാജ് )
“അന്നു നിന്നെ കണ്ടതിൽ പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു …”
.( ഉണ്ണിയാർച്ച – രചന പി ഭാസ്കരൻ – സംഗീതം കെ രാഘവൻ )
“കിളിവാതിലിൽ മുട്ടി വിളിച്ചത് ..”.
( റബേക്കാ – വയലാർ –
കെ രാഘവൻ )
” കൺമണി നീയെൻ കരംപിടിച്ചാൽ …. ”
(കുപ്പിവള
പി ഭാസ്കരൻ – ബാബുരാജ് )
“പാലാണ് തേനാണ് ..”
(ഉമ്മ – രചന പി ഭാസ്കരൻ – സംഗീതം ബാബുരാജ് )
“ചന്ദനപ്പല്ലക്കിൽ വീടു കാണാൻ വന്ന … ”
(ചിത്രം പാലാട്ടുകോമൻ – വയലാർ – ബാബുരാജ് )
“പാലാഴി കടവിൽ നീരാട്ടിനിറങ്ങിയ … ”
( കടലമ്മ വയലാർ – ദേവരാജൻ )
“ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം …”
( ചിത്രം ഭാര്യമാർ സൂക്ഷിക്കുക – ശ്രീകുമാരൻ തമ്പി – ദക്ഷിണാമൂർത്തി)
“നന്ദനവനിയിൽ
പ്രേമപഞ്ചമിനാളിൽ … ”
(ചിത്രം കളിത്തോഴൻ –
രചന പി ഭാസ്കരൻ -സംഗീതം ദേവരാജൻ -ആലാപനം
എ എം രാജ , എസ് ജാനകി)
എന്നിവയെല്ലാം
എ എം.രാജയുടെ തേൻനിലാവ് പോലെയുള്ള ശബ്ദമാധുര്യത്തിലൂടെ കേരളക്കരയ്ക്ക് ലഭിച്ച ശ്രുതിമധുരമായ ഗാനങ്ങളാണ്.
1970-ൽ പുറത്തിറങ്ങിയ
കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത
“അമ്മ എന്ന സ്ത്രീ ” എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചത് എ എം രാജയായിരുന്നുവെങ്കിലും തമിഴിലും തെലുങ്കിലും സംഗീത സംവിധാന രംഗത്ത് നേടിയ വിജയം മലയാളത്തിൽ ആവർത്തിക്കാൻ കഴിഞ്ഞില്ല .
എങ്കിലും അദ്ദേഹം പാടിയ ഒട്ടനവധി മധുര ഗാനങ്ങളിലൂടെ സംഗീത കേരളം ഈ ഗായകനെ എന്നുമെന്നും ഓർക്കും .



