
അമ്മൂമ്മയുടെ അക്കൗണ്ടിലേക്ക് വൻ തുക വന്നിട്ടുണ്ട്: ഒൻപതാം ക്ലാസുകാരി സ്കൂളിൽ കളിയായി പറഞ്ഞത് കാര്യമായി: സഹപാഠി ഗൂഢമായി തയാറാക്കിയ വൻ പദ്ധതിയിലൂടെ അമ്മുമ്മയുടെ പണം ചോർത്തിയത് ഇങ്ങനെ
ഗുരുഗ്രാം: ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായെന്ന പരാതി അന്വേഷിച്ച ഗുരുഗ്രാമിലെ സെക്ടർ 10 പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കണ്ടെത്തിയത് സിനിമാ കഥകളെ വെല്ലുന്ന ഞെട്ടിക്കുന്ന മോഷണം.
ഒൻപതാം ക്ലാസില്‍ പഠിക്കുന്ന ഒരു 15 വയസുകാരിയെ ഭീഷണിപ്പെടുത്തിയും നഗ്നചിത്രങ്ങള്‍ മോർഫ് ചെയ്ത് കാണിച്ച് സമ്മർദത്തിലാക്കിയും തട്ടിയെടുത്തത് 80 ലക്ഷത്തോളം രൂപയായിരുന്നു. അതും കുട്ടിയുടെ അമ്മൂമ്മയുടെ അക്കൗണ്ടില്‍ നിന്ന്. ഇതിനായി മോഷണ സംഘം ഉണ്ടാക്കിയതാവട്ടെ വൻ പദ്ധതികളും. ആറ് പേർ പിടിയിലായിട്ടുണ്ട്. 36 ലക്ഷം രൂപ ഇതുവരെ തിരിച്ചുപിടിക്കാനും സാധിച്ചിട്ടുണ്ട്.
ഒൻപതാം ക്ലാസുകാരിയുടെ അമ്മൂമ്മയ്ക്ക് ഒരു ഭൂമി വില്‍പനയിലൂടെ വൻതുക ലഭിച്ചിരുന്നു. ബാങ്ക് അക്കൗണ്ടിലേക്കാണ് ഈ പണം വന്നത്. അമ്മൂമ്മയുടെ അക്കൗണ്ടില്‍ നിന്ന് പണം ട്രാൻസ്ഫർ ചെയ്യാനുള്ള വിവരങ്ങള്‍ കുട്ടിയ്ക്ക് അറിയുകയും ചെയ്യാമായിരുന്നു. പിന്നീട് ഒരിക്കല്‍ സ്കൂളില്‍ വെച്ചുള്ള സാധാരണ സംസാരങ്ങള്‍ക്കിടെ കുട്ടി തന്റെ അമ്മൂമ്മയുടെ അക്കൗണ്ടില്‍ വൻതുക വന്നിട്ടുണ്ടെന്നും അത് പിൻവലിക്കാൻ തനിക്ക് കഴിയുമെന്നും പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു സുഹൃത്തിനോടാണ് ഈ കാര്യം പറഞ്ഞത്. ഇത് സ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയുടെ ചെവിയിലെത്തി. ഈ കുട്ടി തന്റെ സഹോദരനോട് വീട്ടില്‍ പോയി കാര്യം പറഞ്ഞതാണ് വൻ കൊള്ളയിലേക്ക് നയിച്ചത്.
കുട്ടിയുടെ സഹോദരൻ തന്റെ സുഹൃത്തായ മറ്റൊരു യുവാവിനോട് കാര്യം പറഞ്ഞു. 20കാരനായ സുമിത് കഠാരിയ എന്ന ഈ സുഹൃത്ത് ഓണ്‍ലൈനിലൂടെ പെണ്‍കുട്ടിയുമായി ആദ്യം സൗഹൃദം സ്ഥാപിച്ചു. പിന്നീട് ഇയാള്‍ കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ മോർഫ് ചെയ്തുണ്ടാക്കി അത് കാണിച്ച് ഭീഷണിപ്പെടുത്താൻ ആരംഭിച്ചു.
പറയുന്നത് കേട്ടില്ലെങ്കില്‍ ഓണ്‍ലൈനിലൂടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. അക്കൗണ്ടിലുള്ള പണം വേണമെന്ന് ആവശ്യം. സുമിതും സുഹൃത്തുക്കളും നല്‍കിയ അക്കൗണ്ടുകളിലേക്ക് പല തവണകളായി 80 ലക്ഷം രൂപ കുട്ടി ട്രാൻസ്ഫർ ചെയ്ത് കൊടുത്തു. കുറേ ആയപ്പോള്‍ അക്കൗണ്ടിലെ പണമെല്ലാം തീർന്നു.
വീണ്ടും പണം ചോദിച്ചെത്തിയ സംഘത്തിന് പണം നല്‍കാനാവാതെ വന്നപ്പോള്‍ ഒരു ദിവസം കോച്ചിങ് ക്ലാസില്‍ ഇവരില്‍ ഒരാള്‍ എത്തി ഭീഷണിപ്പെടുത്തി. ഇതിന് ശേഷം കുട്ടി ക്ലാസില്‍ വിഷമിച്ച് ഇരിക്കുന്നത് കണ്ട ഒരു അധ്യാപകനാണ് കാര്യം അന്വേഷിച്ചത്. കുട്ടി കാര്യങ്ങള്‍ മുഴുവൻ അധ്യാപകനോട് വിവരിച്ചു. ഈ അധ്യാപകൻ വീട്ടുകാർക്ക് വിവരം കൈമാറി. പിന്നീട് അമ്മൂമ്മ പൊലീസിലും പരാതിപ്പെട്ടു. സുമിത് കഠാരിയ ഉള്‍പ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കി പണം കൂടി പണം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു.