
സ്വന്തം ലേഖിക
മണലൂർ: ഭക്ഷണംപോലും കൊടുക്കാതെ മകൻ പൂട്ടിയിട്ടു ദ്രോഹിച്ച അമ്മയെ പോലീസ് എത്തി മോചിപ്പിച്ച് ആശുപത്രിയിലാക്കി. മറ്റൊരു മകളുടെ പരാതിയിലാണ് നടപടി. ചാഴൂർ പഞ്ചായത്തിലെ വേലുമാൻപടിയിലെ മൂന്നാംവാർഡിൽ കരിക്കന്ത്ര വീട്ടിൽ മല്ലിക (73) ആണ് മകന്റെ ക്രൂരതയ്ക്കിരയായത്. വടിവാൾവീശി നാട്ടുകാരെ ഭയപ്പെടുത്തി ആഹാരംപോലും കൊടുക്കാതെ അമ്മയെ മകൻ ജ്യോതി ഉപദ്രവിച്ചുവെന്നാണു പരാതി.15 സെന്റ് സ്ഥലത്ത് ഇടിഞ്ഞു വീഴാറായ ഒരു വീട്ടിലാണ് ഇവർ ദുരിത ജീവിതം നയിച്ചിരുന്നപൂട്ടിയിട്ടു ദ്രോഹിച്ച. കൂലിപ്പണിക്കാരനാണ് മകൻ ജ്യോതി.രണ്ടു ദിവസത്തിനു ശേഷം സ്നേഹിത ഹെൽപ്പ് ഡെസ്‌ക് വഴി ഇവരെ രാമവർമപുരത്തെ അഗതി മന്ദിരത്തിലേക്ക് മാറ്റുമെന്ന് ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അതേ സമയം ചാഴൂർ പഞ്ചായത്തിന്റെ കുടുംബശ്രീയുടെ അഗതി ആശ്രയയിൽ അംഗം കൂടിയായ മല്ലിക മാസങ്ങളോളം പീഡനം അനുഭവിച്ചിട്ടും ഇവർ വേണ്ട സൗകര്യങ്ങൾ ഒരുക്കിയില്ലെന്നും പരാതിയുണ്ട്. അന്തിക്കാട് എസ്.ഐ: സുജിത്ത് ജി. നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വയോധികയെ രക്ഷിച്ച് ആശുപത്രിയിലാക്കിയത്.