വളരെ സെൻസിറ്റീവായ വിഷയമാണ്, എന്തെങ്കിലും വാക്ക് പറയുമ്പോഴും ഒരു അക്ഷരം പറയുമ്പോഴും വളരെ സൂക്ഷിക്കണം, അറിയാതെ എന്തെങ്കിലും പറഞ്ഞുപോയാൽ ഭാവിയിൽ ദൂഷ്യഫലങ്ങളുണ്ടാക്കും, റിപ്പോർട്ട് വിശദമായി പഠിച്ചതിന് ശേഷം മാത്രം പ്രതികരണമെന്ന് അമ്മ ജനറൽ സെക്രട്ടറി

Spread the love

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോ‌ർട്ട് പുറത്തുവന്നതിൽ പ്രതികരിക്കുന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ്.

താരസംഘടനയായ അമ്മയുടെ പരിപാടിയുമായി ബന്ധപ്പെട്ട് എല്ലാവരും എറണാകുളത്ത് കൂടിയിരിക്കുകയാണ്. അതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.

‘റിപ്പോർട്ട് വിശദമായി പഠിച്ചതിനുശേഷം എവിടെയാണ് മറുപടി നൽകേണ്ടതെന്നും എന്താണ് മറുപടി നൽകേണ്ടതെന്നും സംബന്ധിച്ച് തീരുമാനമെടുക്കും. മറ്റ് സംഘടനകളുമായും ആലോചിക്കേണ്ടതുണ്ട്. റിപ്പോർട്ടിലെ വിശദാംശങ്ങൾ അറിഞ്ഞെങ്കിൽ മാത്രമേ പ്രതികരിക്കാൻ സാധിക്കുകയുള്ളൂ. വളരെ സെൻസിറ്റീവായ വിഷയമാണ്, എന്തെങ്കിലും വാക്ക് പറയുമ്പോഴും ഒരു അക്ഷരം പറയുമ്പോഴും വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. അതിനാൽ തന്നെ അറിയാതെ എന്തെങ്കിലും പറഞ്ഞുപോയാൽ ഭാവിയിൽ ദൂഷ്യഫലങ്ങളുണ്ടാക്കും. വിശദമായി പഠിച്ചതിനുശേഷം മാധ്യമങ്ങളെ കാണും’- സിദ്ദിഖ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചലച്ചിത്ര മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട്‌ ഉച്ചയ്ക്ക് രണ്ടരയോടെ പുറത്തുവന്നിരുന്നു. 233 പേജുകളാണ് പുറത്തുവിട്ടത്. വ്യക്തി വിവരങ്ങൾ ഒഴിവാക്കിയുള്ള റിപ്പോർട്ടുകളാണ് പരസ്യപ്പെടുത്തിയത്.

സ്വകാര്യതയെ ലംഘിക്കുന്ന ഒന്നും റിപ്പോർട്ടിലില്ലെന്നാണ് വിവരം. ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവിടാമെന്ന് അടുത്തിടെയാണ് ഹൈക്കോടതി ഉത്തരവിട്ടത്. മൊഴി നൽകിയവരുടെയും മറ്റും സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കി അപേക്ഷകർക്ക് പകർപ്പ് നൽകാനുള്ള വിവരാവകാശ കമ്മിഷന്റെ തീരുമാനം ശരിവയ്ക്കുകയായിരുന്നു കോടതി.

കൊച്ചിയിൽ നടിയെ ആക്രമിച്ചതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഹേമ കമ്മിറ്റി 2019 ഡിസംബർ 31ന് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് റിപ്പോർട്ട് സമർപ്പിച്ചത്.