video
play-sharp-fill
എ.എം.എം.എയുടെ ഭരണസമിതിക്ക് വെറും 58 ദിവസത്തെ ആയുസ് മാത്രം; 17 അം​ഗ ഭരണസമിതി രാജിവെച്ചത് ചരിത്രത്തിലാദ്യം

എ.എം.എം.എയുടെ ഭരണസമിതിക്ക് വെറും 58 ദിവസത്തെ ആയുസ് മാത്രം; 17 അം​ഗ ഭരണസമിതി രാജിവെച്ചത് ചരിത്രത്തിലാദ്യം

എ.എം.എം.എയുടെ ചരിത്രത്തിലാദ്യമായി, സിനിമാ മേഖലയെ പിടിച്ചുലച്ച വിവാദങ്ങള്‍ക്ക് പിന്നാലെ ഭരണസമിതി രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഇന്നും ഇന്നലെയുമല്ല വര്‍ഷങ്ങളായി പല ആരോപണങ്ങളും അമ്മയ്ക്ക് നേരെ ഉയര്‍ന്നു വരുമ്പോഴും യാതൊരു ഭാവഭേദവുമില്ലാതെ എ.എം.എം.എ എന്ന സംഘടന ഒരു ഒഴുക്കില്‍ അങ്ങനെ ചലിക്കുകയായിരുന്നു. പ്രമുഖ നടിയെ ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ടും പൃഥ്വിരാജ്, തിലകന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് വിലക്ക് നേരിട്ടപ്പോഴും, വാര്‍ത്തകളില്‍ ഇവ ഇടം പിടിച്ചപ്പോഴും എ.എം.എം.എ കുലുങ്ങിയിരുന്നില്ല.

എന്നാൽ, ഒരുകൂട്ടം സ്ത്രീകള്‍ ഒന്നിച്ച് നടത്തിയ പോരാട്ടത്തിന്റെ ഭാഗമായി ഹേമ കമ്മിറ്റിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുകയും ആ റിപ്പോര്‍ട്ട് പുറത്തുവരികയും ചെയ്തതോടെ എ.എം.എം.എയിലും പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. തുടര്‍ച്ചയായി മൂന്നുവര്‍ഷത്തോളം എ.എം.എം.എ പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്ന മോഹന്‍ലാല്‍ വിമര്‍ശിച്ചതിനും തിരുത്തിയതിനും നന്ദി പറഞ്ഞ് ആ സ്ഥാനം ഒഴിയുകയായിരുന്നു.

വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയെടുത്ത തീരുമാനത്തില്‍ 17 എക്‌സിക്യൂട്ടീവ് അംഗങ്ങളും രാജിവച്ചതോടെ ആരായിരിക്കും പിന്‍ഗാമി എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നു വരുമ്പോഴും ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നല്ലേ ഒരോ രാജിയും തെളിയിക്കുന്നതെന്ന ചോദ്യവും ഉയരുന്നു. സിദ്ദിഖിന്‍റെ രാജിയെ തുടർന്ന് ചൊവ്വാഴ്ച അമ്മ എക്സിക്യൂട്ടീവ് യോഗം ചേരുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, പ്രസിഡന്‍റായിരുന്ന മോഹൻലാലിന്‍റെ അസൗകര്യത്തെ തുടർന്ന് ഇന്നത്തെ യോഗം ഓൺലൈനായി ചേരുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിഡന്‍റായി മോഹൻലാലും ജനറൽ സെക്രട്ടറിയായ സിദ്ദിഖും വൈസ് പ്രസിഡന്‍റുമാരായി ജഗദീഷ്, ജയൻ ചേർത്തല, ജോയിന്‍റ് സെക്രട്ടറിയായി ബാബുരാജും ട്രഷററായി ഉണ്ണിമുകുന്ദനുമായിരുന്നു ഇക്കഴിഞ്ഞ ജൂണിൽ നടന്ന തെരഞ്ഞെടുപ്പിൽ അമ്മ ഭാരവാഹികളായി ചുമതലയേറ്റത്.

ഇവർക്ക് പുറമെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹൻ, ടൊവിനോ തോമസ്, സരയു മോഹൻ, അൻസീബ എന്നിവരും അംഗങ്ങളായി.