മോഹൻലാലുമായി ചർച്ചയ്ക്ക് അമിത് ഷാ എത്തുന്നു
സ്വന്തം ലേഖകൻ
കൊച്ചി: മാഹൻലാലിന്റെ ഡ്രീം പ്രോജക്ടായ ഒടിയന്റെ റിലീസിനു ശേഷം താരരാജാവുമായി ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ കൂടിക്കാഴ്ച നടത്തുമെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. സംഘപരിവാർ കേന്ദ്രങ്ങൾ നൽകിയ ഈ വിവരത്തെ കുറിച്ച് പ്രതികരിക്കാൻ മോഹൻലാൽ ക്യാംപും തയ്യാറായിട്ടില്ല.
ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി മോഹൻലാൽ, നമ്പി നാരായണൻ എന്നിവരുടെ പേരുകൾ ബി.ജെ.പി നേതൃത്വത്തിൽ സജീവമാണ്. മോഹൻലാൽ ആകട്ടെ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സേവാഭാരതിയുമായി സഹകരിച്ചാണ് ജീവകാരുണ്യ പ്രവർത്തികൾ നടത്തിവരുന്നത്. ശബരിമല വിഷയം കത്തി നിൽക്കെ ‘സ്വാമി ശരണം’ എന്നു പറഞ്ഞ് മോഹൻലാൽ ഫെയ്സ് ബുക്കിലിട്ട പോസ്റ്റും ഇതിനകം വിവാദമായിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമലയിലെ ധർമ്മസമരത്തിനുള്ള മോഹൻലാലിന്റെ പിന്തുണയായാണ് ഈ പോസ്റ്റിനെ സംഘ പരിവാർ പ്രവർത്തകർ കാണുന്നത്. കേരളത്തിൽ പൊതുജനസമ്മതിയുള്ള ഒരു വ്യക്തിയെ മുന്നോട്ട് വയ്ക്കാൻ ഇല്ല എന്ന പരിമിതി മോഹൻലാൽ വരുന്നതോടെ മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം. മുമ്പ്് അമിത് ഷാ തലസ്ഥാനത്ത് എത്തിയ സമയത്ത് മോഹൻലാലുമായി ചർച്ച നടത്താൻ നീക്കം നടന്നിരുന്നു. അന്ന് പാളിയ ചർച്ച ഒടിയനു ശേഷം തുടരാനാണ് തീരുമാനം.
അടുത്തിടെ ഡൽഹിയിൽ പ്രധാനമന്ത്രിയെ സന്ദർശിച്ച് തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വ്യക്തമാക്കാൻ മോഹൻലാലിന് അവസരമൊരുക്കിയ ആർ.എസ്.എസ് കേന്ദ്രങ്ങൾ തന്നെയാണ് താരത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറക്കാൻ ഇപ്പോൾ സജീവമായി ഇടപെടൽ നടത്തി വരുന്നത്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയും ഈ നീക്കത്തിനു പിന്നിലുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തിൽ തിരുവനന്തപുരത്ത് നിന്നും മോഹൻലാൽ മത്സരിച്ചാൽ നിഷ്പ്രയാസം വിജയിക്കുമെന്നും ഇതിന്റെ അലയൊലി കേരളമാകെ വ്യാപിക്കുമെന്നുമാണ് സംഘ പരിവാർ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
മോഹൻലാൽ ഉൾപ്പെടുന്ന ഒരു മുന്നണി സംവിധാനം ബി.ജെ.പി മുൻകൈ എടുത്ത് രൂപീകരിച്ചാൽ ഇപ്പോൾ യു.ഡി.എഫിലും എൽ.ഡി.എഫിലും ഉള്ള ചില ഘടകകക്ഷികൾ പോലും അത്തരം ഒരു മുന്നണി സംവിധാനത്തോട് സഹകരിക്കുമെന്നാണ് പ്രതീക്ഷ.
ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്ക് ശക്തമായ വേരോട്ടമുള്ള കേരളത്തിൽ ശബരിമല വിഷയം ഇടതു വോട്ട് ബാങ്കിൽ കാര്യമായ ചോർച്ചയുണ്ടാക്കുമെന്നാണ് സംഘ പരിവാർ നേതൃത്വം കരുതുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മോഹൻലാൽ തയ്യാറായാൽ, വീണ്ടും മോദി സർക്കാർ അധികാരത്തിൽ എത്തുകയാണെങ്കിൽ കാബിനറ്റ് റാങ്കോടെ കേന്ദ്ര മന്ത്രി പദം വരെ വാഗ്ദാനം ചെയ്യാൻ സംഘപരിവാർ ഉന്നതർ തയ്യാറാണെന്നാണ് ലഭിക്കുന്ന വിവരം.
യു.പി.എ ഭരണത്തിൽ ആന്ധ്രയിൽ നിന്നും സൂപ്പർ സ്റ്റാർ ചിരഞ്ജീവിയും തമിഴകത്ത് നിന്നും നടൻ നെപ്പോളിയനും കേന്ദ്ര മന്ത്രിമാരായിരുന്ന കാര്യവും പരിവാർ നേതൃത്വം ഓർമ്മിപ്പിക്കുന്നു.
കേണൽ പദവി ഉൾപ്പെടെ പദവികളാട് എന്നും അകലം പാലിക്കാത്ത മോഹൻലാൽ സംഘപരിവാർ മുന്നോട്ട് വയ്ക്കുന്ന ഓഫറുകൾക്ക് ചെവികൊടുക്കുകയാണെങ്കിൽ അത് കേരള രാഷ്ട്രീയത്തെ തന്നെ പിടിച്ചുലക്കുമെന്ന കാര്യവും ഉറപ്പാണ്.
അതേ സമയം, മോഹൻലാലിന് ആർ.എസ്.എസ് നേതാക്കളുമായുള്ള അടുപ്പം വാർത്തകളിൽ നിറഞ്ഞ് നിൽക്കുമ്പോൾ പോലും താരത്തിനെതിരെ പ്രതികരിക്കാതിരുന്ന ഇടതു-വലതു നേതാക്കൾ, ലാൽ കാവി പാളയത്തിലേക്ക് പോയാൽ ആഞ്ഞടിക്കാനുള്ള തീരുമാനത്തിലാണ്. ലാലിന്റെ കാവി പ്രണയം അദ്ദേഹത്തിന് വലിയ തിരിച്ചടിയാണ് നൽകുകയെന്നാണ് ഭരണ പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം.