പണമില്ലാത്തതിനാൽ സര്‍ക്കാര്‍ ആശുപത്രി ആംബുലന്‍സ് നല്‍കിയില്ല; മൂന്നു വയസ്സുകാരിയുടെ മൃതദേഹവുമായി കുടുംബം ബൈക്കില്‍ സഞ്ചരിച്ചത് 65 കിലോമീറ്റര്‍
ഹൈദരാബാദ്: സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് മൂന്നു വയസ്സുകാരിയുടെ മൃതദേഹവുമായി ആദിവാസി കുടുംബം ബൈക്കില്‍ സഞ്ചരിച്ചത് 65 കിലോമീറ്റര്‍. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് സെന്റര്‍ (എംസിഎച്ച്) അധികൃതരാണ് പണമില്ലാത്തതിനാല്‍ കുട്ടിയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് അനുവദിക്കാതിരുന്നത്.
ഖമ്മം ജില്ലയിലെ കോട്ട മെടേപള്ളി ഗ്രാമത്തിലെ വെട്ടി മല്ലയ്യയുടെ മകള്‍ വെട്ടി സുക്കിയാണ് (മൂന്ന്) മരിച്ചത്. അസുഖം ബാധിച്ച കുട്ടിയെ ആദ്യം എന്‍കൂര്‍ ഗവ. ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
കുട്ടിയുടെ നില ഗുരുതരമാണെന്ന് പറഞ്ഞ് ഡോക്ടര്‍ ഖമ്മം ഗവ. ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍, ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെ കുട്ടി മരിച്ചു. ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ഗ്രാമത്തിലെ ബന്ധുവിന്റെ ബൈക്ക് എത്തിച്ച് മൃതദേഹം അതില്‍ കിടത്തി കൊണ്ടുപോവുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group