പുലിയൂര്‍-ചെങ്ങന്നൂര്‍ റോഡില്‍ മൃതദേഹവുമായി പോയ ആംബുലന്‍സിന് തീപിടിച്ചു ;ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
സ്വന്തം ലേഖകൻ
ചെങ്ങന്നൂര്‍: മൃതദേഹവുമായി പോയ ആംബുലന്‍സിനു തീ പിടിച്ചു. ഡ്രൈവറുടെ സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തമൊഴിവായി. ആലാ നെടുവരംകോട് എസ്.എന്‍.ഡി.പി. ശാഖയുടെ പ്രവാസി അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള ആംബുലന്‍സിലാണ് തീ പടര്‍ന്നത്.
ഇന്നലെ രാത്രി എട്ടരയോടെ പേരിശ്ശേരി ഓര്‍ത്തഡോക്‌സ് പള്ളിയുടെ കുരിശടിക്കു സമീപമാണ് സംഭവം ഉണ്ടായത്. ആലായില്‍ നിന്നും മൃതദേഹം ചെങ്ങന്നൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാനായി കൊണ്ടുപോകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുലിയൂര്‍-ചെങ്ങന്നൂര്‍ റോഡില്‍ പേരിശ്ശേരി ഓര്‍ത്തഡോക്‌സ് പള്ളിയുടെ കുരിശടിക്കു സമീപം എത്തിയപ്പോള്‍ ബാറ്ററിയില്‍ നിന്നും പുകയും തീയും ഉയര്‍ന്നു.
ഡ്രൈവര്‍ ഉടന്‍ തന്നെ പുറത്തിറങ്ങി വാഹനത്തിലൊപ്പമുണ്ടായിരുന്ന ബന്ധുക്കളെയും കൂട്ടി മൃതദേഹം അതിവേഗത്തില്‍ റോഡിലിറക്കി വെച്ചു. ഇതിനിടെ വിവരവുമറിയിച്ചതനുസരിച്ച് ചെങ്ങന്നൂരില്‍ നിന്നും അഗ്നിരക്ഷാസേനയും പൊലിസും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. തുടര്‍ന്ന് മറ്റൊരു ആംബുലന്‍സില്‍ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.