ആമ്പലിന്റെ വള്ളിയിൽ കാലുടക്കി നീന്താനായില്ല; പാടശേഖരത്തിലെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; മരിച്ചത് പുതുപ്പുള്ളി സ്വദേശിയായ യുവാവ്
തേർഡ് ഐ ബ്യൂറോ
പുതുപ്പള്ളി: ആമ്പലിന്റെ വള്ളിയിൽ കാലുടക്കി, നീന്താനാവാതെ വന്നതോടെ വെള്ളത്തിൽ മുങ്ങിത്താഴ്ന്ന യുവാവ് മരിച്ചു. പുതുപ്പള്ളിയ്ക്കു സമീപം പാടശേഖരത്തിലെ വെള്ളക്കെട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവാണ് മുങ്ങി മരിച്ചത്.
പുതുപ്പള്ളി കൊച്ചാലുംമൂട് കളപ്പുരയ്ക്കൽ വീട്ടിൽ പരേതനായ ഡേവിഡിന്റ മകൻ ലിജോ ഡേവിഡ് (27) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 ഓടെ കൊച്ചാലുംമൂട് പോളശേരി ചേരി പാടശേഖരത്തിലായിരുന്നു അപകടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചയോടെയാണ് മരിച്ച ലിജോയും സുഹൃത്തുക്കളും വെള്ളക്കെട്ടിൽ കുളിക്കാൻ എത്തിയത്. ഇവർ വെള്ളത്തിൽ നീന്തുന്നതിനിടെ ലിജോയുടെ കാലുകൾ ആമ്പലിന്റെ വള്ളിയിൽ ഉടക്കുകയായിരുന്നുവെന്നു സുഹൃത്തുക്കൾ പൊലീസിനു മൊഴി നൽകി. തുടർന്നു, കാലുകൾ കുഴഞ്ഞ ലിജോ വെള്ളത്തിലേയ്ക്കു താഴ്ന്നു പോകുകയായിരുന്നു.
ലിജോയുടെ സുഹൃത്തുക്കൾ ബഹളം വെച്ചത് കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വെള്ളത്തിൽ ചാടി മുങ്ങിത്താഴ്ന്ന ലിജോയെ രക്ഷപെടുത്തു. തുടർന്നു, ഇയാളെ കരയ്ക്ക് എത്തിച്ച ശേഷം നാട്ടുകാർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊവിഡ് പരിശോധനയിൽ ഇന്ന് നെഗറ്റീവാണ് എന്നു കണ്ടെത്തിയാൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. മാതാവ്: ലീല. സഹോദരി: ലിജി.