ആലപ്പാട് കരിമണൽ ഖനനം അടിയന്തരമായി നിർത്തിവെക്കണം : ആംആദ്മി പാർട്ടി
സ്വന്തം ലേഖകൻ
കൊല്ലം: ആലപ്പാട് മേഖലയിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന കരിമണൽ ഖനനം അടിയന്തരമായി നിർത്തി വെക്കണമെന്ന് ആം ആദ്മി പാർട്ടി. നിർത്തി വെച്ചില്ലെങ്കിൽ അത് ആലപ്പാടിനും, കൊല്ലം ജില്ലയ്ക്കും മാത്രമല്ല അത് കേരളത്തിന്റെ തന്നെ വലിയ നാശത്തിന് വഴിവെക്കുമെന്ന് ആംആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠൻ.
വലിയ അഴിമതിയുടെ പിൻബലത്തിലാണ് അവിടെ ഖനനം തുടരുന്നത്. ആ ഖനനം ഇന്നത്തെ രീതിയിൽ തുടരുകയാണെങ്കിൽ 2020ൽ അവരുടെ കരാർ അവസാനിക്കുമ്പോൾ ഇപ്പോൾ ശേഷിക്കുന്ന ആലപ്പാട് എന്ന ഗ്രാമം ഇല്ലാതാവും. അതിശക്തമായ സുനാമി തിരകൾ ആഞ്ഞടിച്ചത് മുതൽ ആലപ്പാട് ഖനനത്തിന് എതിരായി ശക്തമായ വികാരം നിലനിൽക്കുന്നുണ്ട്. ആ സമരങ്ങളെ കാലാകാലങ്ങളിൽ അധികൃതർ പല രൂപത്തിൽ തകർത്തുകൊണ്ടാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ 80 ചതുരശ്ര കിലോമീറ്റർ ഭൂമി ഇല്ലാതായത് ഇനി അവശേഷിക്കുന്നത് ഏഴ് ചതുരശ്ര കിലോമീറ്റർ ഭൂമി മാത്രം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ഭൂമിയുടെ നഷ്ടവും അതിലെ മനുഷ്യന് ഉണ്ടായ നാശവും ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കലും പരിഗണിച്ചാൽ ഈ ഖനനത്തിൽ നിന്ന് കേരളത്തിന് ഉണ്ടായിട്ടുള്ള നേട്ടം വളരെ ചെറുതാണ് എന്ന് മനസിലാവും. ഇപ്പോൾ അവിടെയുള്ള മനുഷ്യരെ കൂടി കുടിയൊഴിപ്പിച്ചാൽ അത് വലിയ ദുരന്തത്തിലേക്ക് മാറും. കെഎംആർഎൽ, ഐആർഇ പോലെയുള്ള പൊതുമേഖല സ്ഥാപനങ്ങൾ ഈ രാജ്യത്ത് ഏറ്റവും വലിയ അഴിമതിയുടെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു എന്നതിന് നിരവധി അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഈ സ്ഥാപനങ്ങളുടെ മറവിൽ കൊച്ചിയിലും കേരളത്തിന് പുറത്ത് കന്യാകുമാരിയിലേക്കുള്ള സ്വകാര്യ സ്ഥാപനങ്ങളിലേക്കും വലിയ തോതിൽ കരിമണൽ കടത്തുന്നു എന്ന് നാട്ടുകാർ കൃത്യമായി കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിൽ വലിയ പ്രളയദുരന്തം ഉണ്ടായപ്പോൾ അന്ന് സഹായിക്കാനെത്തിയ മത്സ്യത്തൊഴിലാളികളാണ് ഇവിടെ കുടിയൊഴിപ്പിക്കപ്പെടുന്നത് എന്നത് ഒരു വൈരുദ്ധ്യമായി തോന്നാം. ഇത്തരമൊരു ദുരന്തം അവർക്ക് ഉണ്ടായിക്കൂടാ. ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ സർക്കാർ തയ്യാറാണെങ്കിൽ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ ഖനനം നിർത്തി വെയ്ക്കാതെയുള്ള ഒരു അന്വേഷണവും ശരിയായ നടപടിയാകില്ല. കാരണം അന്വേഷണം പൂർത്തിയായി വരുമ്പോഴേക്കും ഇല്ലാതായിരിക്കും. അതുകൊണ്ട് ആലപ്പാട്ടെ ജനത നടത്തുന്ന സേവ് ആലപ്പാട് എന്ന സമരത്തിന് ആംആദ്മി പാർട്ടി പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. ജനുവരി 16ന് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലേക്ക് ബഹുജന സംഘടനകളെ ചേർത്ത് കൊണ്ട് മാർച്ച് സംഘടിപ്പിക്കാൻ ആംആദ്മി പാർട്ടി തീരുമാനിച്ചിട്ടുണ്ട്.