
ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ; പ്രതി അസഫാകിനെ 10 ദിവസം കസ്റ്റഡിയില്‍ വിട്ട് കോടതി
സ്വന്തം ലേഖകൻ
കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലം 10 ദിവസം പൊലീസ് കസ്റ്റഡിയില്‍. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
ഇത് കണക്കിലെടുത്ത കോടതി ഓഗസ്റ്റ് 10 വരെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലീസ് നീക്കം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യത്തില്‍ നേരത്തെ തന്നെ അറസ്റ്റിലായ ക്രിമിനലാണ് അസഫാക് ആലം എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
2018ല്‍ ദില്ലി ഗാസീപൂരില്‍ പത്ത് വയസുള്ള പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്‌സോ ആക്ട് അടക്കം വിവിധ വകുപ്പുകള്‍ പ്രകാരം അസഫാക് ആലം പിടിയിലായിട്ടുണ്ട്.
ഒരു മാസം തടവില്‍ കഴിഞ്ഞ പ്രതി ജാമ്യത്തിലറങ്ങിയ ശേഷമാണ് കേരളത്തിലേക്ക് കടന്നത്. കേരളത്തില്‍ മൊബൈല്‍ മോഷണ കേസിലും ഇയാള്‍ പ്രതിയായിട്ടുണ്ട്. മോഷണം നടത്തി ആ പണം കൊണ്ട് മദ്യപിക്കുന്നതാണ് പ്രതിയുടെ രീതി. നിര്‍മ്മാണ ജോലിക്ക് പോയിരുന്നത് അപൂര്‍വ്വമായി മാത്രമാണെന്നും പൊലീസ് പറയുന്നു.
പ്രതിയുടെ ക്രമിനില്‍ പശ്ചാത്തലം വ്യക്തമായ സാഹചര്യത്തില്‍ കൂടുതല്‍ കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിനായി കേരളത്തില്‍ നിന്നുള്ള സംഘം വരും ദിവസം ബിഹാറില്‍ അടക്കം പോകും.
അതേസമയം, അസഫാക് ആലത്തിന്റെ തിരിച്ചറിയല്‍ പരേഡും ഇന്ന് പൂര്‍ത്തിയായി. ആലുവ മാര്‍ക്കറ്റിലെ തൊഴിലാളി താജുദ്ദീന്‍, കുട്ടിയുമായി സഞ്ചരിച്ച് കെഎസ്ആര്‍ടിസി ബസ്സിലെ കണ്ടക്ടര്‍ സന്തോഷ്, യാത്രക്കാരി സ്മിത അടക്കമുള്ളവരാണ് ആലുവ ജയിലിലെടത്തി പ്രതിയെ തിരിച്ചറിഞ്ഞത്.
കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന സംശയം കുട്ടിയുടെ അച്ഛനടക്കം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അത്തരം കാര്യങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.