ലഹരി പാർട്ടിക്കിടെ എക്സൈസ് സംഘത്തെ ആക്രമിച്ച കേസിൽ ഒരു ഗുണ്ട കൂടി പിടിയിൽ; പിടിയിലായത് ഗുണ്ടാ നേതാവ് അലോട്ടിയുടെ വലംകൈ ലിറ്റോപ്പൻ
ക്രൈം ഡെസ്ക്
കോട്ടയം: ലഹരിപാർട്ടിക്കിടെ എക്‌സൈസ് സംഘത്തെ ആക്രമിച്ച ഗുണ്ടാ നേതാവ് അലോട്ടിയുടെ വലംകൈയായ ലിറ്റോപ്പൻ പിടിയിലായി. എക്സൈസ് സംഘത്തെ ആക്രമിച്ച ശേഷം ഒരു മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന ആർപ്പൂക്കര വില്ലൂന്നി പൊരുന്നക്കോട് വീട്ടിൽ ലിറ്റോ മാത്യുവി(19)നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ അനൂപ് ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്നും 250 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. .
കേസിലെ പ്രധാന പ്രതി ആർപ്പൂക്കര പനമ്പാലം കൊപ്രായിൽ വീട്ടിൽ അലോട്ടി (ജെയിസ് മോൻ – 24) റിമാൻഡിലാണ്.
മേയ് എട്ടിന് അലോട്ടിയുടെ പനമ്പാലത്തെ വീട്ടിൽ ലഹരി പാർട്ടി നടന്നിരുന്നു. പ്രദേശത്തെ കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളെ കൂട്ടിച്ചേർത്താണ് പാർട്ടി നടത്തിയത്. പാർട്ടി നടക്കുന്നത് അറിഞ്ഞു പരിശോധനയ്ക്കു എത്തിയ ഏറ്റുമാനൂർ എക്‌സൈസ് ഇൻസ്‌പെക്‌ടർ രാജേഷ് ബി.ചിറയത്തിൻ്റെ നേതൃത്വത്തിലുള്ള സംഘത്തെ പ്രതികൾ ആക്രമിച്ചു. പരിശോധനക്കെത്തിയവർക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച സംഘം, വാക്കത്തി വീശിയാണ് രക്ഷപെട്ടത്. ഇവിടെ നിന്നു രക്ഷപെട്ട ശേഷം ലിറ്റോ വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. ഇന്നലെ പനമ്പാലം കോലേട്ടമ്പലം ഭാഗത്ത് ലിറ്റോ എത്തിയിരുന്നു. ലിറ്റോ ബൈക്കിൽ കറങ്ങുന്നതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു എസ്.ഐ അനൂപിൻ്റെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ആൻ്റീഗുണ്ടാ സ്ക്വാഡ് അംഗങ്ങളായ ഷിബുക്കുട്ടൻ, അജിത്, മനോജ്, ജിമോൻ എന്നിവർ പ്രദേശത്ത് പരിശോധന നടത്തി. ഇതിനിടെ പ്രദേശത്ത് എത്തിയ പ്രതിയെ ചേർന്ന് പൊലീസ് സംഘം പിടികൂടുകയായിരുന്നു. ഇയാളുടെ പോക്കറ്റിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
ഏറ്റുമാനൂർ, മെഡിക്കൽ കോളേജ്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ നിരവധി അടിപിടിക്കേസുകളിലും, ഗുണ്ടാ ആക്രണണക്കേസുകളിലും പ്രതിയാണ് ലിറ്റോ. നേരത്തെ അഞ്ചു കിലോ കഞ്ചാവുമായി പൊലീസ് സംഘം ഇയാളെ പിടികൂടിയിട്ടുമുണ്ട്. കോടതിയിൽ ഹാജരാക്കിയ ലിറ്റോയെ റിമാൻഡ് ചെയ്‌തു.