ആലപ്പുഴയില്‍ എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച വാഹന ലേലം വൻ പരാജയം: വിലക്കൂടുതല്‍ കാരണം ആണ് വിൽപ്പന നടക്കാത്തത്: ആകെ വിറ്റുപോയത് 2 ഇരുചക്ര വാഹനങ്ങൾ

Spread the love

ആലപ്പുഴ: ആലപ്പുഴയില്‍ എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച വാഹന ലേലം വൻ വിലക്കൂടുതല്‍ കാരണം വീണ്ടും പരാജയപ്പെട്ടു. അബ്കാരി-മയക്കുമരുന്ന് കേസുകളില്‍ പിടികൂടിയ 54 വാഹനങ്ങളാണ് ഇത്തവണ ലേലത്തിന് വെച്ചിരുന്നത്.

video
play-sharp-fill

എന്നാല്‍ സെക്കൻഡ് ഹാൻഡ് വാഹന വിപണിയിലെ വിലയേക്കാള്‍ ഉയർന്ന തുക അടിസ്ഥാന വിലയായി നിശ്ചയിച്ചതോടെ, ലേലത്തില്‍ പങ്കെടുക്കാൻ എത്തിയവർ നിരാശരായി മടങ്ങി. വെറും രണ്ട് ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് ഇത്തവണ വിറ്റുപോയത്.

പി.ഡബ്ല്യു.ഡി മെക്കാനിക്കല്‍ എൻജിനിയർ നിശ്ചയിക്കുന്ന ഉയർന്ന വിലയാണ് ലേലം പരാജയപ്പെടാൻ പ്രധാന കാരണം. കഴിഞ്ഞ വർഷവും സമാനമായ രീതിയില്‍ വിലക്കൂടുതല്‍ കാരണം നാല് ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് വില്‍ക്കാൻ സാധിച്ചത്. നൂറുകണക്കിന് ആഡംബര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ എക്‌സൈസ് ഓഫീസുകളില്‍ വെയിലും മഴയുമേറ്റ് നശിച്ചുപോകുന്നത് ഒഴിവാക്കാനാണ് പൊതുലേലം സംഘടിപ്പിച്ചതെങ്കിലും വിലയിലെ അപ്രായോഗികത തിരിച്ചടിയാകുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതല്‍ ആളുകളെ ആകർഷിക്കുന്നതിനായി ഓണ്‍ലൈൻ ലേലം ഒഴിവാക്കി ഇത്തവണ പൊതു ലേലമാണ് നടത്തിയത്. ഓണ്‍ലൈൻ ലേലത്തില്‍ 10,000 രൂപ തിരികെ ലഭിക്കാത്ത വിധം കെട്ടിവെക്കണമെന്ന നിബന്ധനയുണ്ടായിരുന്നെങ്കില്‍,

പൊതു ലേലത്തില്‍ ഇത് 5,000 രൂപയായി കുറയ്ക്കുകയും തുക തിരികെ നല്‍കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും വിലയിലെ വർദ്ധനവ് കാരണം വാഹനങ്ങള്‍ വിറ്റഴിക്കാൻ സാധിക്കാത്തത് എക്‌സൈസ് വകുപ്പിന് വലിയ തലവേദനയായിരിക്കുകയാണ്.