
സ്വന്തം ലേഖകൻ
കൊല്ലം: ആലപ്പുഴ നഗരസഭയിലെ സിപിഎം കൗണ്‍സിലറുടെ വാഹനത്തില്‍ ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ കേസിലെ മുഖ്യപ്രതി ഇജാസിനെ സിപിഐഎം പുറത്താക്കി. ലഹരി കടത്തിയ ലോറി ഉടമ ഷാനവാസിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
ആലപ്പുഴ സീവ്യൂ വാര്‍ഡ് പടിഞ്ഞാറ് ബ്രാഞ്ച് അംഗമാണ് ഇജാസ്. ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റിയംഗമാണ് ഷാനവാസ്. ആലപ്പുഴയില്‍ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വച്ചാണ് ഇരുവർക്കുമെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷാനവാസിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. ഷാനവാസിനെ യോഗത്തിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ സാഹചര്യം ഗൗരവമായി ചര്‍ച്ചചെയ്തെന്നും ഇത്തരം വിഷയങ്ങള്‍ വച്ച് പൊറുപ്പിക്കില്ലെന്നും യോഗത്തിന് ശേഷം സജി ചെറിയാന്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുമെന്ന് ഷാനവാസും പ്രതികരിച്ചു. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ വിശദീകരിച്ചു.
പച്ചക്കറികള്‍ക്കൊപ്പം കടത്താന്‍ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങള്‍ രണ്ട് ലോറികളില്‍ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇതില്‍ കെഎല്‍ 04 എടി 1973 എന്ന നമ്പറിലുള്ള ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
അതേസമയം തന്റെ ലോറി ഇടുക്കി കട്ടപ്പന സ്വദേശിയായ ജയന് വാടകക്ക് നല്‍കിയിരിക്കുകയാണെന്ന് ഷാനവാസ് പ്രതികരിച്ചു. ഇതുസംബന്ധിച്ച രേഖകളും ഷാനവാസ് പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഈ രേഖകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. വാഹനം പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് ഒപ്പ് വച്ചിരിക്കുന്ന രേഖയാണ് ഷാനവാസ് നല്‍കിയത്.



