
സ്വന്തം ലേഖിക
ആലപ്പുഴ :പൊലീസ് ക്വാർട്ടേഴ്‌സിൽ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മരിച്ച നെജിലയുടെ ഭർത്താവും സിവിൽ പൊലീസ് ഓഫീസറുമായ റെനീസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.കഴിഞ്ഞ ദിവസം ആലപ്പുഴ എആർ ക്യാമ്പ് പൊലീസ് ക്വാർട്ടേഴ്‌സിലായിരുന്നു സംഭവം. വണ്ടാനം മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിലെ സിപിഓ റെനീസിന്റെ ഭാര്യ നെജില, മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരാണ് മരിച്ചത്.
രാവിലെ ജോലി കഴിഞ്ഞെത്തിയ റെനീസാണ് മൃതദേഹങ്ങൾ കണ്ടത്. ഒന്നര വയസുകാരി മലാലയെ ബക്കറ്റിലെ വെള്ളത്തിലും അഞ്ചു വയസുകാരൻ ടിപ്പു സുൽത്താനെ കഴുത്തിൽ ഷാൾ മുറുകിയ നിലയിലുമാണ് കണ്ടെത്തിയത്. നജില ഫാനിൽ തൂങ്ങി മരിച്ച നിലയിലയിലായിരുന്നു.ആത്മഹത്യയ്ക്ക് കാരണം ഭർത്താവിന്റെ പീഡനങ്ങളാണെന്നായിരുന്നു നജിലെയുടെ കുടുംബത്തിന്റെ ആരോപണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റെനീസും ഭാര്യയും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്നും, ഇയാൾ ഭാര്യയെ ഉപദ്രവിച്ചിരുന്നതായും സഹപ്രവർത്തകർ പറയുന്നു. അടുത്തിടെ റെനീസിന്റെ ബന്ധുക്കൾ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ വച്ച് പ്രശ്‌നം ഒത്തുതീർപ്പാക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇതിനശേഷവും ഉപദ്രവം തുടർന്നതായി പറയപ്പെടുന്നു.