play-sharp-fill
നവജാതശിശുവിന്റെ ദുരൂഹ മരണം; അമ്മ കസ്റ്റഡിയിൽ

നവജാതശിശുവിന്റെ ദുരൂഹ മരണം; അമ്മ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

ചാരുംമൂട്: ആലപ്പുഴയിൽ നവജാത ശിശുവിന്റെ ദുരൂഹ മരണം. അമ്മ പൊലീസ് കസ്റ്റഡിയിൽ. ഇടപ്പോൺ സ്വദേശിനിയായ യുവതിയാണ് പൊലീസ് കസ്റ്റഡിയിൽ മാവേലിക്കരയിലെ ആശുപത്രിയിൽ കഴിയുന്നത്. ഞായറാഴ്ച രാവിലെ 10 മണിയോടെയാണു യുവതി പ്രസവിച്ചത്. അമിതരക്തസ്രാവം ഉണ്ടായതിനെത്തുടർന്നു പ്രദേശത്തെ ആശ പ്രവർത്തകയെ വിളിച്ചു തന്നെ ആശുപത്രിയിൽ എത്തിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആശ പ്രവർത്തകയെത്തി യുവതിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടയിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ മരണത്തിൽ അസ്വാഭാവികത തോന്നിയതിനാൽ പൊലീസിൽ അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ അസ്വാഭാവിക മരണത്തിൽ യുവതിക്കെതിരെ നൂറനാട് പൊലീസ് കേസെടുത്തു. പ്രസവത്തോടെ കുഞ്ഞു മരിച്ചെന്നു യുവതി ആദ്യം പറഞ്ഞെങ്കിലും കൊലപ്പെടുത്തിയതാണെന്നു പീന്നീടു മൊഴി നൽകി. ചൊവ്വാഴ്ച പോസ്റ്റ് മോർട്ടം നടന്ന ശേഷമേ കൊലപാതകമാണോ എന്ന് ഉറപ്പിക്കുകയുള്ളു. യുവതി പൊലീസ് നിരീക്ഷണത്തിലാണ്. വിവാഹിതയായ യുവതി ഭർത്താവിൽ നിന്ന് അകന്നു കഴിയുകയായിരുന്നെന്നും മറ്റൊരു യുവാവുമായി അടുപ്പത്തിലായിരുന്നെന്നും പൊലീസ് അറിയിച്ചു.