അൽ ഉമ്മ തീവ്രവാദിയെ പൊലീസ് പിടിച്ചത് പുലിമടയിൽ കയറി: കുടുക്കിയത് സാഹസികമായി; പൊലീസിനെ തല്ലിയോടിച്ച തീവ്രവാദി തലവനെ കുടുക്കിയത് പൊലീസ് തല

അൽ ഉമ്മ തീവ്രവാദിയെ പൊലീസ് പിടിച്ചത് പുലിമടയിൽ കയറി: കുടുക്കിയത് സാഹസികമായി; പൊലീസിനെ തല്ലിയോടിച്ച തീവ്രവാദി തലവനെ കുടുക്കിയത് പൊലീസ് തല

Spread the love

അപ്സര കെ സോമൻ

കോട്ടയം: കേരളത്തിൽ നിന്ന് നൂറിലേറെ കാറുകൾ തമിഴ് നാട്ടിലേയ്ക്ക് കടത്തി തീവ്രവാദ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച അൽ ഉമ്മ തീവ്രവാദി തൊപ്പി റഫീഖിനെ കേരള പൊലീസ് പിടിച്ചത് പുലിമടയിൽ കയറി. തമിഴ്നാട് പൊലീസിനും നാട്ടുകാർക്കും ഒരു പോലെ പേടിയുള്ള കോയമ്പത്തൂർ ഉക്കടത്തെ ഭായി റഫീഖിന്റെ കോളനിയിൽ കയറിയാണ് തീവ്രവാദികളുടെ തലതൊട്ടപ്പനെ കേരള പൊലീസ് പൊക്കി അകത്താക്കിയത്.

ഒരു വർഷം കൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറിലേറെ കാറുകളാണ് തീവ്രവാദികൾക്ക് എത്തിച്ചു നൽകിയിരുന്നത്. ഒ.എൽ.എക്സിൽ കാറുകൾ വാടകയ്ക്ക് നൽകുന്നു എന്ന പരസ്യം നൽകിയിരുന്നവരെയാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. ഇത്തരത്തിൽ പരസ്യം നൽകുന്നതിൽ നിന്ന് ആഡംബര കാറുകൾ മാത്രം ലക്ഷ്യമിട്ടാണ് പ്രതികൾ രംഗത്തിറങ്ങിയിരുന്നത്. ഈ കാറുകൾ രണ്ടും മൂന്നും മാസത്തേയ്ക്ക് വാടകയ്ക്ക് എടുക്കുന്നതാണ് പ്രതികളുടെ രീതി. ഇതിനായി ഒരു ലക്ഷം രൂപ വരെ അഡ്വാൻസ് തുകയായി നൽകും. ഒറ്റയടിക്ക് ഒന്നും ഒന്നരയും ലക്ഷം കയ്യിൽ കിട്ടുന്നതോടെ കാർ ഉടമകളും ഹാപ്പിയാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർ കയ്യിൽ കിട്ടുന്നതോടെയാണ് തട്ടിപ്പുകാർ തനി സ്വരൂപം പുറത്തിറക്കുന്നത്. കാറുമായി കേരളത്തിൽ നിന്ന് മുങ്ങുന്ന സംഘം നേരെ പൊങ്ങുന്നത് തമിഴ്നാട്ടിലാണ്. തമിഴ്നാട്ടിലെത്തിയ കാറുകൾ തിരികെ ലഭിക്കാതെ വന്നതോടെയാണ് കാർ ഉടമകൾ പരാതിയുമായി കോട്ടയം ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനെ സമീപിച്ചത്. തുടർന്ന് പൊലീസ് സംഘം സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്വത്തിൽ കേസ് അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലം ഒ.എൽ.എക്സിൽ ഇന്നോവ കാർ വാടകയ്ക്ക് നൽകാനുണ്ട് എന്ന് പരസ്യം നൽകി. പൊലീസിന്റെ പ്രതീക്ഷ തെറ്റിക്കാതെ ആ ചുണ്ടയിൽ പ്രതികൾ കൊത്തി. ഇന്നോവ കാർ കാണാൻ കേസിലെ പ്രതികളും കാർ ഇടനിലക്കാരുമായ തൃശൂര്‍ വാടനപ്പള്ളി ഗണേശമംലഗം പുത്തന്‍വീട്ടില്‍ അബ്ദുള്‍ റസാഖിന്റെ മകന്‍ ഇല്യാസ് (37), എറണാകുളം ആലുവ യു.സി കോളേജ് ചെറിയംപറമ്പില്‍ വീട്ടില്‍ അബുവിന്റെ മകന്‍ കെ.എ നിഷാദ് (37) എന്നിവർ എത്തി. തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം എത്തിയ ഇരുവരെയും വെസ്റ്റ് പൊലീസ് പൊക്കിയതോടെയാണ് കേസിന്റെ ചുണ്ട് വിരൽ തമിഴ്നാട്ടിലേക്ക് തിരിഞ്ഞത്.

ഇരുവരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഭായി നസീറിലേയ്ക്ക് എത്തുന്നത്. പ്രതികൾ തട്ടിയെടുക്കുന്ന കാറുകൾ ഭായി നസീറിനാണ് എത്തിച്ച് നൽകിയിരുന്നത്. തുടർന്ന് , കേരള പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഭായിയെ പിടികൂടുക അത്ര എളുപ്പമല്ല എന്ന മൊഴിയാണ് തമിഴ്‌നാട് പൊലീസിൽ നിന്ന് ലഭിച്ചത്. കേരളത്തിൽ നിന്ന് മുൻപ് തമിഴ്നാട്ടിൽ ഭായിയെ തപ്പിയെത്തിയ പൊലീസുകാരെ , ഇയാളുടെ അനുയായികൾ അടിച്ച് ഓടിക്കുകയായിരുന്നു എന്ന് കൂടി തമിഴ്നാട് പൊലീസ് പറഞ്ഞു. ഇതോടെയാണ് തമിഴ്നാട് പൊലീസിന്റെ സഹായം ഇല്ലാതെ ഭായിയെ അകത്താക്കാൻ കേരള പൊലീസ് പ്ളാൻ തയ്യാറാക്കിയത്.

രണ്ടാഴ്ചയിലേറെ കോട്ടയം വെസ്റ്റ് പൊലീസ് ഭായിയുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചു. എന്തിനും തയ്യാറായി , എല്ലാ നിമിഷവും അംഗരക്ഷകരുടെയും അനുയായികളുടെയും മധ്യത്തിൽ കഴിയുന്ന ഭായിയെ കോളനിക്കുള്ളിൽ കയറി പൊക്കുക പ്രയാസമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെ കാത്തിരുന്നു. ദിവസവും രണ്ടു തവണ മാത്രമാണ് ഭായി തമിഴ്നാട് ഉക്കത്തെ കോളനിയിലെ വീട്ടിൽ നിന്ന് പുറത്തിറക്കുന്നത് എന്ന് പൊലീസ് കണ്ടെത്തി. കോയമ്പത്തൂർ സ്ഫോടനക്കേസിൽ ജയിലിൽ കിടന്ന് മരിച്ച സഹോദരന്റെ മകളെ സ്കൂളിൽ കൊണ്ടു വിടുന്നതിനും തിരികെ കൊണ്ട് വരുന്നതിനും വേണ്ടിയാണ് ഇയാൾ പുറത്തിറങ്ങിയിരുന്നത്.

ഈ അവസരം മുതലെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. റഫീഖിനെ വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ റോഡിൽ തടഞ്ഞു നിർത്തിയ പൊലീസ് സംഘം ,വാഹനത്തിനുള്ളിൽ നിന്നും കസ്റ്റഡിയിൽ എടുത്തു. ഒപ്പമുണ്ടായിരുന്ന അംഗരക്ഷകരായ അനുയായികൾക്ക് ഒന്ന് അനക്കാൻ പോലും സമയം കൊടുക്കാതെയായിരുന്നു കേരള പൊലീസിന്റെ മിന്നൽ നീക്കം. കോട്ടയം വെസ്റ്റ് പ്രിൻസിപ്പൽ എസ്.ഐ ടി. ശ്രീജിത്ത് , എ.എസ് ഐ പി.എൻ മനോജ് , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജീവ് ടി.ജെ , സുദീപ് സി , സിവിൽ പൊലീസ് ഓഫിസർമാരായ കെ ആർ ബൈജു , വിഷ്ണു വിജയദാസ് എന്നിവർ ചേർന്നാണ് റഫീഖിനെ കുടുക്കിയത്. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുൺ ഓപ്പറേഷനുകൾക്ക് ചുക്കാൻ പിടിച്ചു.

കേരളത്തിൽ നിന്നും എത്തിക്കുന്ന ഈ കാറുകൾ പൊളിച്ച് വിൽക്കുകയായിരുന്നു എന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഇത് പൂർണമായും വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്യും.