പതിമൂന്നുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ആൺകുട്ടി പൊലീസ് പിടിയിൽ ; കൊലപാതകത്തിൽ കലാശിച്ചത് പബ്ജിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ
സ്വന്തം ലേഖകൻ
മംഗലാപുരം : ഉള്ളാൾ കെ സി റോഡിൽ പതിമൂന്നുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി പൊലീസ് പിടിയിൽ. ശനിയാഴ്ച രാത്രി മുതൽ കെ.സി റോഡ് കോട്ടെക്കാറിലെ മുഹമ്മദ് ഹനീഫിന്റെ മകൻ അകീഫിനെയാണ് ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിൽ നിന്നും മൂന്നുകിലോമീറ്റർ അകലെ കെ.സി നഗറിലെ ഫലാഹ് സ്‌കൂളിന്റെ പിറകിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പബ്ജി ഗെയിമുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വലിയ കല്ല് കൊണ്ട് തല ഇടിച്ച നിലയിലായിരുന്നു മൃതദേഹം. പബ്ജി ഗെയിമിൽ സ്ഥിരമായി വിജയിച്ചിരുന്ന ആളായിരുന്നു അകീഫ്. മൊബൈൽ ഷോപ്പിലേക്ക് പോകുന്നതിനിടയിൽ അയൽവാസിയായ ആൺകുട്ടിയെ അകീഫ് പരിചയപ്പെട്ടു.
ഇവർ രണ്ട് പേരും ഓൺലൈനിൽ പബ്ജി കളിച്ചിരുന്നു. ഗെയിമിൽ അകീഫ് ആൺകുട്ടിയെ പരാജയപ്പെടുത്തി. അതിൽ അത്ഭുതപ്പെട്ട ആൺകുട്ടി അകീഫിന് വേണ്ടി വേറെ ആരോ ആണ് ഗെയിം കളിക്കുന്നതെന്ന് സംശയം പ്രകടിപ്പിക്കുകയും ഒരേ സ്ഥലത്ത് നേർക്ക് നേർ ഇരുന്ന് കളിക്കാൻ അകീഫിനെ വെല്ലുവിളിക്കുകയും ചെയ്തു.
അകീഫ് വെല്ലുവിളി സ്വീകരിച്ച് ശനിയാഴ്ച വൈകുന്നേരം അവർ ഒരിടത്ത് ഇരുന്ന് കളിക്കുകയും അകീഫ് തോൽക്കുകയും ചെയ്തു. ഇതേ തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമായി. ദേഷ്യം വന്ന അകീഫ് ആൺകുട്ടിയുടെ നേർക്ക് ഒരു ചെറിയ കല്ല് എറിയുകയായിരുന്നു.
ഇതിൽ പ്രകോപിതനായ ആൺകുട്ടി അകീഫിനെ ഒരു വലിയ കല്ലുകൊണ്ട് അടിച്ചു. അതിൽ രക്തസ്രാവം ഉണ്ടാവുകയും സ്ഥലത്ത് തന്നെ മരണപ്പെടുകയും ചെയ്തു. ഉടനെ തന്നെ ആൺകുട്ടി അകീഫിനെ മതിലിനടുത്ത് വലിച്ച് കൊണ്ട് പോയി വാഴയിലയും തെങ്ങിന്റെ ഓലയും കൊണ്ട് മറച്ച് അവിടെ നിന്ന് ഓടി രക്ഷപെടുകയായിരുന്നു.
ഞായറാഴ്ച രാവിലെ മൃതദേഹം കണ്ട് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ ആൺകുട്ടി തനിച്ചാണോ അതോ മറ്റാരെങ്കിലുമുണ്ടോ എന്നറിയാൻ പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികെയാണ്.