play-sharp-fill
അടുക്കളയിൽ പോലും എ.കെ 47; അയ്യായിരം രൂപയ്ക്ക് അത്യാധുനിക തോക്ക്: പൊലീസിനെ വെടിവച്ച അമ്മയും മകളുമുള്ള  നാട്ടിൽ നിന്നും എടിഎം കൊള്ളക്കാരെ പുഷ്പം പോലെ പൊക്കി കേരള പൊലീസ്; വിരട്ടലും വിലപേശലും ഈ കേരള പൊലീസിനോടു വേണ്ട

അടുക്കളയിൽ പോലും എ.കെ 47; അയ്യായിരം രൂപയ്ക്ക് അത്യാധുനിക തോക്ക്: പൊലീസിനെ വെടിവച്ച അമ്മയും മകളുമുള്ള നാട്ടിൽ നിന്നും എടിഎം കൊള്ളക്കാരെ പുഷ്പം പോലെ പൊക്കി കേരള പൊലീസ്; വിരട്ടലും വിലപേശലും ഈ കേരള പൊലീസിനോടു വേണ്ട

തേർഡ് ഐ ബ്യൂറോ

കോട്ടയം: മകനെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിനു നേരെ വെടിയുതിർത്ത പാരമ്പര്യമുള്ള അമ്മയുടെ വീട്ടിൽ നിന്നും എ.ടി.എം കൊള്ളക്കാരെ പുഷ്പം പോലെ പൊക്കിയെടുത്താാണ് മേവാത്തിൽ നിന്നും കേരള പൊലീസിന്റെ ആറംഗ ചുണക്കുട്ടികൾ മടങ്ങുന്നത്. മൂന്നു ജില്ലകളിലെ പൊലീസിനെ വട്ടം ചുറ്റിച്ച്, എടിഎമ്മിന്റെ ലോക്ക് നിമിഷങ്ങൾക്കൊണ്ട് തകർത്ത് 35 ലക്ഷവുമായി കവർന്ന് പ്രഫഷണൽ മോഷ്ടാക്കളുടെ സംഘത്തിനെ പുലിമടയിൽ എത്തി പൊക്കി വലയിലിട്ട് മടങ്ങുമ്പോൾ കേരള പൊലീസിന്റെ ഈ ചുണക്കുട്ടികൾക്ക് കരുത്തായി കൂടെയുണ്ടായിരുന്നത് തോളിലെ നക്ഷത്രങ്ങളും, അശോകസ്തംഭത്തിലെ സിംഹവും ഉള്ളിലെ ആത്മവിശ്വാസവും മാത്രമായിരുന്നു.
യുപിയുടെയും രാജസ്ഥാന്റെയും ഹരിയാനയുടെയും അതിർത്തിയിൽ പടർന്നു കിടക്കുന്ന മൂന്ന് കുഞ്ഞു ഗ്രാമമായിരുന്നു കേരളത്തെ വിറപ്പിച്ച ഹൈവേ കൊള്ളക്കാരുടെ ആസ്ഥാനം. ഹരിയാനയിലെ മേവാത്, രാജസ്ഥാനിലെ ഭരത്പൂർ, ഉത്തർപ്രദേശിലെ മധുര. പേര് കേട്ടാൽ വീരൻമാരുടെ പാരമ്പര്യത്തിന്റെ കഥകൾ ആരുടെയും നാവിൻ തുമ്പിൽ ഓടിയെത്തും. പക്ഷേ, ആ പാരമ്പര്യത്തിന്റെ കണ്ണികൾ ഇന്ന് പക്ഷേ രക്തം കണ്ട് അറപ്പ് തീർന്ന കൊടും ക്രിമിനലുകളാണ്.
കഴിഞ്ഞ പന്ത്രണ്ടിന് സംസ്ഥാനത്ത് മോഷണം നടത്തി അതിവേഗം കേരള അതിർത്തി കടന്ന മോഷണ സംഘം മടങ്ങിയെത്തിയത് സ്വന്തം നാട്ടിലേയക്കായിരുന്നു. പക്ഷേ, ഇവർ നാട്ടിൽ മടങ്ങിയെത്തും മുൻപ് എ.ടി.എം പ്രഫഷണൽ രീതിയിൽ തകർത്ത സംഘത്തെ കേരള പൊലീസിലെ മിടുക്കൻമാർ കണ്ടെത്തിക്കഴിഞ്ഞിരുന്നു. കോട്ടയത്തെ രണ്ട് എടിഎമ്മുകളിലെ കവർച്ചാ ശ്രമവും, എറണാകുളത്ത് ഒരിടത്ത് കവർച്ചയും മറ്റൊരിടത്ത് കവർച്ചാ ശ്രമവും, തൃശൂരിൽ ഒരു എടിഎം കുത്തിപ്പൊളിച്ച് വൻ കവർച്ചയും നടത്തിയതോടെയാണ് പൊലീസ് അന്വേഷണത്തിൽ പിടി മുറുക്കിയത്.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എം.പി ദിനേശിന്റെയും, കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെയും നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു. മൂന്നു ജില്ലകളിലെയും മികച്ച കുറ്റാന്വേഷകരെ ഉൾപ്പെടുത്തിയായിരുന്നു അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിനായിരുന്നു അന്വേഷണത്തിന്റെ മേൽനോട്ടം.
അഞ്ചു ദിവസത്തോളം നീണ്ടു നിന്ന്, അൻപതിനായിരത്തോളം ഫോൺ നമ്പരുകൾ പരിശോധിച്ച്, രണ്ടായിരത്തിലേറെ വാഹനങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ച് കേരള പൊലീസ് സംഘം മേവാത്തിലെ മോഷ്ടാക്കളുടെ വേരുകൾ കണ്ടെടുത്തു. അതിഭീകര മോഷ്ടാക്കളുടെ കേന്ദ്രമായ മേവാത്തിലേയ്ക്കു പോകാനുള്ള നിയോഗമെത്തിയത് അന്വേഷണ സംഘത്തിലെ ഏറ്റവും ചുറുചുറുക്കുള്ള ആറ് ഉദ്യോഗസ്ഥർക്കായിരുന്നു. അങ്ങിനെയാണ് എറണ്ാകുളം ഹിൽപ്പാലസ് സി.ഐ ഉത്തംദാസ്, കോട്ടയം ഈസ്റ്റ് എസ്.ഐ ടി.എസ് റെനീഷ്, എ.എസ്.ഐമാരായ കെ.കെ റെജി, അജിത്, അനസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ദിനിൽ എന്നിവർക്ക് നറക്കു വീഴുന്നത്.
പതിനാറ് ദിവസം മുൻപ് സംഘം ഡൽഹിയ്ക്ക് വണ്ടികയറി. രാജസ്ഥാനിൽ എത്തിയതോടെയാണ് ആദ്യ പ്രതിസന്ധി ഉടലെടുക്കുന്നത്. മോഷണവും എ.ടി.എം കൊള്ളയും അടക്കം 19 കേസുകളിൽ പ്രതിയായ പപ്പി സിംഗ് ജയിലിൽ. ഇയാളെ കണ്ടെത്തി തീഹാർ ജയിലിൽ വച്ചു തന്നെ അറസ്റ്റ് രേഖപ്പെടുത്തി, ചോദ്യം ചെയ്യലും പൂർത്തിയാക്കി. പിന്നീട് മറ്റു പ്രതികൾക്കായി പ്രാദേശിക പൊലീസിന്റെ സഹായം തേടി. ഇങ്ങ് തെക്കേ അറ്റത്തു നിന്ന് മൂന്ന് പ്രതികളെ തപ്പി തങ്ങളുടെ സ്റ്റേഷനിലെത്തിയ കേരള പൊലീസിനെ കണ്ട് മേവാത്തിലെ ഉദ്യോഗസ്ഥർ പുച്ഛച്ചിരിയായിരുന്നു.
ലോക്കലിൽ മാന്യന്മാരായ കൊടും ക്രിമിനലുകളെ പിടിക്കാൻ പോകാനുള്ള വൈമനസ്യം ലോക്കൽ പൊലീസ് വ്യക്തമാക്കി. പിടിച്ചേ മടങ്ങു എന്ന കേരള പൊലീസിന്റെ മുറുക്കിപ്പിടിയിൽ ലോക്കൽ പൊലീസ് ഒന്ന് അയഞ്ഞു. പിന്നെ അതിവേഗ നീക്കത്തിൽ അപകടകരമായ മേവാത്തിലൈ ഗ്രാമത്തിൽ നിന്നും മോഷ്ടാക്കളെ വലിച്ച് പുറത്തെത്തിച്ച് അറസ്റ്റ് ചെയ്ത് മടക്കം.
കേസിലെ പ്രധാന പ്രതിയായ ഹനീഫിനെ അറസ്റ്റ് ചെയ്ത് വിലങ്ങ് വച്ച ജീപ്പിൽ കൊണ്ടു വരുന്നതിനിടെ ലോറിത്താവളത്തിനടുത്തെ ട്രാഫിക് ബ്ലോക്കിൽ പൊലീസ് സംഘത്തിന്റെ വാഹനം കുടുങ്ങി. മദ്രാസികൾ എന്നെ തട്ടിക്കൊണ്ടു പോകുന്നേ.. ഹനീഫ് അലറി വിളിച്ചു. നിമിഷങ്ങൾക്കുള്ളിൽ ലോറിയ്ക്കു ചുറ്റും ഇതര സംസ്ഥാനക്കാരായ ഡ്രൈവർമാർ തടിച്ചു കൂടി. ഒരു വിധത്തിൽ പ്രതിയെയുമായി പുറത്ത് കടക്കുകയായിരുന്നു പൊലീസ് സംഘം. കേരളത്തിൽ നിന്നു പുറപ്പെട്ട് പതിനാറാം ദിവസമാണ് കൊലകൊമ്പൻമാരായ പ്രതികളെയുമായി വിജയശ്രീലാളിതരായി കേരള പൊലീസ് മടങ്ങിയെത്തുന്നത്.

കേരളത്തിലേതിൽ നിന്നു നൂറ് മടങ്ങ് വ്യത്യസ്തമായ അന്തരീക്ഷമാണ് മേവാത്തിലേതെന്ന് പൊലീസ് പറയുന്നു. അയ്യായിരം രൂപയ്ക്ക് ഏത് മോഡൽ തോക്കും നിർമ്മിച്ച് ന്ൽകുന്ന സംഘങ്ങൾ മേവാത്തിൽ സജീവമാണ്. കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗം. പകുതിയിലധികം ആളുകളും സ്‌കൂളിന്റെ പടി പോലും കണ്ടിട്ടില്ല. യുവാക്കൾ ട്രക്ക് ഡ്രൈവർമാർ. വെള്ളമില്ലാതായതോടെ വർഷത്തിൽ പകുതിയിലേറെ സമയവും കൃഷിയില്ലാതെയായി.ഇതോടെയാണ് ഉപജീവനത്തിനായി ട്രക്ക് ഡ്രൈവർമാരായ യുവാക്കൾ മോഷണം തന്നെ തൊഴിലായി തിരഞ്ഞെടുത്തത്.
തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമത്തിന് സമാനമാണ് മേവാത്തിലെയും, ഭരത്പൂറിലെയും, മധുരയിലേയും ഗ്രാമങ്ങൾ. തിരുട്ട് ഗ്രാമത്തിലെ മോഷ്ടാക്കൾ കാര്യമായ ആക്രമണത്തിനു ശ്രമിക്കാതെ മോഷണം നടത്തി മടങ്ങാൻ ശ്രദ്ധിക്കുമ്പോൾ ഇവർ നേരെ തിരിച്ചാണ്. ആക്രമണം നടത്തി നാട്ടുകാരെ അറിയിച്ച ശേഷം അതിക്രൂരമായി മോഷണം നടത്തുന്നതാണ് സംഘത്തിന്റെ തന്ത്രം. ഡൽഹി പൊലീസിന്റെ പട്ടികയിലുള്ള ഹൈവേ മോഷ്ടാക്കളുടെ പട്ടികയിൽ മേവാത്തിലെ നൂറ് കൊടും ക്രിമിനലുകളുടൈ പേരും ഉൾപ്പെട്ടിട്ടുണ്ട്.
എടിഎം കവർച്ചാകേസിലെ പ്രതിയായ അസംഖാനെ തേടി 2017 ൽ രാജസ്ഥാനിലെ ഉദയ്പൂർ പൊലീസ് വീട്ടിലെത്തി. വീടിനുള്ളിൽ അസംഖാനില്ലെന്ന് മാതാവും സഹോദരിയും പറഞ്ഞിട്ടും വീടിനുള്ളിലേയ്ക്ക് കയറി പരിശോധ നടത്താൻ പൊലീസ് തയ്യാറായി. പിന്നെ, സംസാരിച്ചത് തോക്കുകളായിരുന്നു. കാര്യമായ മുൻകരുതലില്ലാതെ എത്തിയ രാജസ്ഥാൻ പൊലീസിനെ വെടിവച്ചാണ് ആ അമ്മയും മകളും ഓടിച്ചത്. ഇത്തരത്തിൽ പ്രതികരിക്കുന്ന ആളുകളുടെ അടുത്തു നിന്നാണ് കേരള പൊലീസ് സംഘം പ്രതികളെ പുഷ്പം പോലെ പൊക്കിയെടുത്ത് മടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group