
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മന്ത്രി സ്ഥാനം രാജിവെച്ച ശേഷം സജി ചെറിയാൻ മടങ്ങിയത് ഔദ്യോഗിക വാഹനം ഒഴിവാക്കി കൊണ്ടാണ്. പുതിയ മന്ത്രി വേണ്ടെന്നാണ് പാർട്ടിയിലെ ധാരണ. ഒന്നാം പിണറായി മന്ത്രിസഭയിൽ ഇപി ജയരാജൻ രാജിവെച്ച ശേഷം മടങ്ങി വന്നത് പോലെ സജി ചെറിയാനും ഇപ്പോഴത്തെ വിവാദങ്ങളും നിയമ പ്രതിസന്ധികളും മറികടന്ന് തിരികെ വരാനുള്ള സാധ്യതകൾ കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. രാജി തീരുമാനം തന്റെ സ്വതന്ത്രമായ തീരുമാനമാണെന്നായിരുന്നു സജി ചെറിയാൻ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേർന്ന മീഡിയ റൂമിൽ വെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ താൻ നടത്തിയ പ്രസംഗത്തിൽ ഭരണഘടനയെ വിമർശിച്ചെന്ന രീതിയിലാണ് വാർത്ത പുറത്തുവന്നതെന്നും അങ്ങനെ വ്യാഖ്യാനിക്കപ്പെടുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ മൂല്യങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ഇത് നിയമസഭയിൽ വ്യക്തമാക്കിയതാണ്. ഞാനടങ്ങുന്ന രാഷ്ട്രീയ പാർട്ടി ഭരണഘടന നേരിടുന്ന വെല്ലുവിളിക്കെതിരെ അതിശക്തമായ നിയമപരമായും അല്ലാതെയുമുള്ള മാർഗങ്ങൾ ഉപയോഗിച്ച് ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ശക്തമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ഭരണഘടനയ്ക്ക് എതിരായ പരാമർശങ്ങളെ തുടർന്നുള്ള വിവാദത്തിൽ മന്ത്രി സജി ചെറിയാനെതിരെ നടപടി വൈകുന്നതിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. ഇത് അറിയിച്ചതിന് പിന്നാലെയാണ് സിപിഎം മന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെട്ടത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മന്ത്രി സജി ചെറിയാനോട് രാജിവെക്കാൻ ആവശ്യപ്പെട്ടത്. പിന്നാലെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുന്നതായി അറിയിച്ച് കൊണ്ടുള്ള കത്ത് കൈമാറുകയായിരുന്നു.