play-sharp-fill
എയർഫോഴ്സ് വണ്ണിനെ വെല്ലാൻ എയർ ഇന്ത്യ വണ്ണുമായി ഇന്ത്യ; അമേരിക്കൻ പ്രസിഡൻ്റിനെ വെല്ലുവിളിക്കാൻ ഇന്ത്യക്കൊരു സുന്ദര വിമാനം: ആദ്യ യാത്ര തിരുപ്പതിയിലേയ്ക്ക്

എയർഫോഴ്സ് വണ്ണിനെ വെല്ലാൻ എയർ ഇന്ത്യ വണ്ണുമായി ഇന്ത്യ; അമേരിക്കൻ പ്രസിഡൻ്റിനെ വെല്ലുവിളിക്കാൻ ഇന്ത്യക്കൊരു സുന്ദര വിമാനം: ആദ്യ യാത്ര തിരുപ്പതിയിലേയ്ക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻ്റിൻ്റെ അഭിമാന വിമാനം എയർ ഫോഴ്സ് വണ്ണിനെ വെല്ലുന്ന ആഡംബര വിമാനവുമായി രാജ്യം. രാജ്യത്തെ വി.വി.ഐ.പികൾക്ക് സുരക്ഷ ഉറപ്പാക്കി യാത്ര ചെയ്യുന്നതിനാണ് വൻ തുക മുടക്കി രാജ്യം എയർ ഇന്ത്യ വൺ എന്ന വിമാനം പുറത്തിറക്കുന്നത്.

ഇന്ത്യന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവര്‍ക്ക് സഞ്ചരിക്കാനായി പ്രത്യേകം നിര്‍മിച്ച എയര്‍ ഇന്ത്യ വണ്‍ – ബി 777 വിമാനത്തില്‍ കന്നി യാത്ര നടത്തിയത് രാഷ്ട്രപതി റാം നാഥ് കോവിന്ദാണ്. തിരുപ്പതി വെങ്കടേശ്വര ക്ഷേത്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ചെന്നൈയിലേക്കാണ് രാഷ്ട്രപതിയും കുടുംബവും യാത്ര നടത്തിയത്. എയര്‍ ഇന്ത്യ വണ്‍ – ബി 777 വിമാനത്തിന്റെ ആദ്യ യാത്രയാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യു.എസ് പ്രസിഡന്റ് സഞ്ചരിക്കുന്ന വിമാനമായ എയര്‍ഫോഴ്സ് വണ്ണിനോടു കിടപിടിക്കുന്ന സുരക്ഷാ സന്നാഹങ്ങളാണ് വി.വി.ഐ.പി വിമാനമായ എയര്‍ ഇന്ത്യ വണ്ണിലുള്ളത്.എയര്‍ ഇന്ത്യ എന്‍ജിനീയറിംഗ് സര്‍വീസസ് ലിമിറ്റഡാണ് വിമാനത്തിന്റെ പരിപാലന ചുമതല നിര്‍വഹിക്കുന്നത്. എയര്‍ ഇന്ത്യ പൈലറ്റുമാരാണ് വിമാനങ്ങള്‍ പറത്തുന്നത്.

ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്‌സ് (LAIRCM), സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട്‌സ് (SPS), മിസൈല്‍ പ്രതിരോധ സംവിധാനം എന്നിവ വിമാനത്തിലുണ്ട്. മിസൈലുകളെ തുരത്താനുള്ള സാങ്കേതികവിദ്യയും ശത്രു റഡാറുകള്‍ സ്തംഭിപ്പിക്കുന്ന ജാമറുകളും വിമാനത്തിന്റെ സവിശേഷതയാണ്.

വിമാനത്തിനുളളില്‍ നിന്ന് തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാവുന്ന വിപുലമായ വാര്‍ത്താവിനിമയ സംവിധാനം, ശസ്ത്രക്രിയ ഉള്‍പ്പടെയുള്ള ചികിത്സ സൗകര്യങ്ങള്‍, ആകാശത്തു വച്ചുതന്നെ ഇന്ധനം നിറയ്ക്കാനുളള സൗകര്യങ്ങള്‍, ആണവ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പോലും ക്ഷതമേല്‍ക്കില്ല തുടങ്ങിയ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഈ വിമാനത്തിന്റെ പ്രത്യേകതയാണ്.

ആഡംബര സൗകര്യങ്ങള്‍, പത്രസമ്മേളന മുറി, മെഡിക്കല്‍ സജ്ജീകരണങ്ങള്‍ എന്നിവയെല്ലാം പ്രത്യേകമായി ഉള്‍പ്പെടുത്തിയാണ് ബോയിംഗ് 777 എയര്‍ ഇന്ത്യ സജ്ജമാക്കിയത്. 1434 കോടി (19 കോടി ഡോളര്‍) രൂപയ്ക്കാണ് യു.എസില്‍ നിന്ന് വിമാനത്തിനായുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യ വാങ്ങിയത്.