വീണ്ടും സ്വർണ്ണക്കടത്ത് ; യുവതി അറസ്റ്റിൽ
സ്വന്തം ലേഖിക
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ്ണക്കടത്ത് നടത്തിയ യുവതി കസ്റ്റംസിന്റെ പിടിയിൽ.ആലപ്പുഴ സ്വദേശി ശ്രീലക്ഷ്മിയാണ് അറസ്റ്റിലായത്. രണ്ടര കിലോ സ്വർണ്ണവുമായി ദുബായിലേക്ക് കടന്ന ഇവർ മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പിടിയിലാകുന്നത്.അതേസമയം ഒരേ വിമാനത്തിൽ മംഗളൂരു വിമാനത്താവളത്തിൽ വന്നിറിങ്ങിയ രണ്ടു മലയാളി യുവാക്കളിൽ നിന്ന് 29.15 ലക്ഷം രൂപ വരുന്ന സ്വർണ്ണം പിടികൂടിയിരുന്നു. ശനിയാഴ്ച രാവിലെ ദുബായിൽനിന്ന് എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് കുനിയ കാളിയടുക്കം അഹമദ് മൻസിലിലെ ഷിഹാബുദീൻ (25), ബദിയടുക്ക നെക്രാജെ കോലാരി വീട്ടിൽ ബദ്രുമുനീർ (25) എന്നിവരാണ് കസ്റ്റംസ് അധികൃതരുടെ പിടിയിലായത്.ഇരുവരും സ്വർണ്ണം പേസ്റ്റ് രൂപത്തിലുള്ള ചെറുഗോളങ്ങളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു. ഇത്തരത്തിൽ ഷിഹാബുദീൻ 14,78,154 രൂപ വിലമതിക്കുന്ന 443.890 ഗ്രാം സ്വർണപേസ്റ്റാണ് കടത്താൻ ശ്രമിച്ചത്. 14,37,461 രൂപ വിലമതിക്കുന്ന 431.670 ഗ്രാം സ്വർണപേസ്റ്റ് കടത്താൻ ശ്രമിക്കവേയാണ് ബദ്രുമുനീർ പിടിയിലായത്.