
സ്വന്തം ലേഖകൻ
കിങ്‌സ്ടൗണ്‍: ടി20 ലോകകപ്പിലെ നിര്‍ണായക സൂപ്പര്‍ 8 പോരാട്ടത്തില്‍ നടകീയ വിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍ ചരിത്രമെഴുതി. ചരിത്രത്തില്‍ ആദ്യമായി അവര്‍ ടി20 ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി. ഇന്ത്യയോടു തോറ്റ ഓസ്‌ട്രേലിയ ഇതോടെ ലോകകപ്പിന്റെ സെമി കാണാതെ പുറത്താകുമെന്നു ഉറപ്പായി.
മഴ ഇടക്കിടെ കളി തടസപ്പെടുത്തിയെങ്കിലും നിര്‍ണായക പോരില്‍ ആവേശ വിജയമാണ് അഫ്ഗാന്‍ പൊരുതി നേടിയത്. ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഒരിക്കല്‍ കൂടി ക്യാപ്റ്റന്‍ റാഷിദ് ഖാന്റെ നേതൃത്വത്തിലുള്ള ബൗളിങ് നിരയാണ് അഫ്ഗാനെ ജയിപ്പിച്ചത്. റാഷിദ് ഖാനും നവീന്‍ ഉള്‍ ഹഖും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശിനെ തകര്‍ത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് എടുത്തു. മറുപടി പറഞ്ഞ ബംഗ്ലാദേശിനു 12 ഓവറില്‍ കളി ജയിച്ചിരുന്നെങ്കില്‍ സെമിയിലെത്താമായിരുന്നു. എന്നാല്‍ അവരുടെ പോരാട്ടം 17.5 ഓവറില്‍ വെറും 105 റണ്‍സില്‍ അവസാനിച്ചു. അഫ്ഗാന്റെ ജയം 8 റണ്‍സിനാണ്. ഡക്ക്‌വര്‍ത്ത് ലൂയീസ് നിയമം അനുസരിച്ചാണ് ജയം. മഴ തടസപ്പെടുത്തിയതോടെ ബംഗ്ലാദേശിന്റെ ലക്ഷ്യം 19 ഓവറില്‍ 114 റണ്‍സാക്കി മാറ്റിയിരുന്നു.
ബംഗ്ലാ ഓപ്പണര്‍ ലിറ്റന്‍ ദാസിന്റെ ഒറ്റയാള്‍ പോരാട്ടമാണ് വലിയ നാണക്കേടില്‍ നിന്നു ബംഗ്ലാദേശിനെ രക്ഷിച്ചത്. താരം 54 റണ്‍സുമായി പുറത്താകാതെ നിന്നു. മറ്റൊരാളും ക്രീസില്‍ അധികം നില്‍ക്കാനുള്ള ആര്‍ജവം കാണിച്ചില്ല.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനായി ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസാണ് തിളങ്ങിയത്. താരം 43 റണ്‍സെടുത്തു. പിന്നീട് പുറത്താകാതെ 10 പന്തില്‍ മൂന്ന് സിക്‌സുകള്‍ പറത്തി 19 റണ്‍സെടുത്ത റാഷിദ് ഖാനാണ് 100 കടത്തി അഫ്ഗാനെ ഈ സ്‌കോറില്‍ എത്തിച്ചത്.
ബൗളിങ് കരുത്തില്‍ ചെറിയ വിജയ ലക്ഷ്യം പക്ഷേ അഫ്ഗാന്‍ പ്രതിരോധിക്കുന്ന കാഴ്ചയായിരുന്നു. സെമിയില്‍ അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയുമായും ഇന്ത്യ ഇംഗ്ലണ്ടുമായും ഏറ്റുമുട്ടും.