play-sharp-fill
ചിറ്റപ്പനും കൊച്ചാപ്പയും കൊടിവെച്ച കാറിൽ പാറിപ്പറക്കുന്നു, ജേക്കബ് തോമസ് സസ്പെൻഷനിലായിട്ട് ഒരുവർഷം; ജയശങ്കർ

ചിറ്റപ്പനും കൊച്ചാപ്പയും കൊടിവെച്ച കാറിൽ പാറിപ്പറക്കുന്നു, ജേക്കബ് തോമസ് സസ്പെൻഷനിലായിട്ട് ഒരുവർഷം; ജയശങ്കർ


സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇടത് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ.ജയശങ്കർ രംഗത്ത്. ജയരാജൻ ചിറ്റപ്പനും ജലീൽ കൊച്ചാപ്പയും കൊടിവെച്ച കാറിൽ പാറിപ്പറക്കുമ്പോൾ യാതൊരു സമ്മർദ്ദത്തിനും പ്രലോഭനത്തിനും ഭീഷണിക്കും വഴിപ്പെടാത്ത ജേക്കബ് തോമസ് സസ്പെൻഷനിലിരിക്കുന്നുവെന്ന് ജയശങ്കർ പറഞ്ഞു. നിലവിൽ സംസ്ഥാനത്തെ ഏറ്റവും സീനിയർ ഐ.പി.എസ് ഓഫീസറും സംസ്ഥാന പോലീസ് മേധാവി ആകേണ്ടിയിരുന്നയാളാണ് ജേക്കബ് തോമസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീതി നിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവർക്കുളളത്. അഴിമതിക്കു കുടപിടിക്കാത്തവർ അതിലുമേറെ ഭാഗ്യവാന്മാർ; അവർ സർവീസിൽ നിന്നു സസ്പെന്റു ചെയ്യപ്പെടും. ഇടതുപക്ഷ സർക്കാരിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ കുന്തമുന എന്നു വിശേഷിപ്പിക്കപ്പെട്ട ഡോ ജേക്കബ് തോമസ് സസ്പെൻഷനിലായിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. അഴിമതിക്കെതിരായ കുരിശുയുദ്ധം കെ ബാബുവിൽ ആരംഭിച്ചു ബാബുവിൽ തന്നെ അവസാനിച്ചു. ജയരാജൻ ചിറ്റപ്പനും ജലീൽ കൊച്ചാപ്പയും കൊടിവെച്ച കാറിൽ പാറിപ്പറക്കുന്നു. ടോം ജോസ് ചീഫ് സെക്രട്ടറിയായും ടോമിൻ തച്ചങ്കരി അഡീഷണൽ ഡിജിപി റാങ്കോടെ കെഎസ്ആർടിസി മാനേജിങ് ഡയറക്ടറായും പരിലസിക്കുന്നു. സ്വോഡ് ഓഫ് ഓണർ നേടി ഐപിഎസ് പരിശീലനം പൂർത്തിയാക്കിയ ആളാണ് ജേക്കബ് തോമസ്. യാതൊരു സമ്മർദ്ദത്തിനും പ്രലോഭനത്തിനും ഭീഷണിക്കും വഴിപ്പെടാത്തയാൾ. നിലവിൽ സംസ്ഥാനത്തെ ഏറ്റവും സീനിയർ ഐപിഎസ് ഓഫീസർ; സംസ്ഥാന പോലീസ് മേധാവി ആകേണ്ടിയിരുന്നയാൾ. എന്നാലും നമുക്ക് സങ്കടപ്പെടാനില്ല. ബെഹറയുണ്ട്, തച്ചങ്കരിയുണ്ട്, ശ്രീലേഖയുണ്ട്, എണ്ണിപ്പറയാൻ പറ്റിയ പ്രതിഭകൾ വേറെയുമുണ്ട്.