സ്വകാര്യ കമ്പനികൾക്കും ബാങ്കുകൾക്കും നൽകിയിട്ടുള്ള ആധാർ വിവരങ്ങൾ എന്തുചെയ്യും? വ്യക്തത തേടി കോടതിയെ സമീപിക്കുമെന്ന് ഹർജിക്കാർ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ആധാർ കേസിൽ നിയന്ത്രണങ്ങളോടെയാണ് സുപ്രീംകോടതി ഭരണഘടനാ സാധുത നൽകിയത്. സ്വകാര്യ കമ്പനികൾക്ക് വിവരങ്ങൾ പങ്കുവെക്കുന്ന ആധാർ നിയമത്തിലുള്ള വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചെങ്കിലും ഇതുസംബന്ധിച്ച കൂടുതൽ ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതുവരെ നിലവിൽ സ്വകാര്യ കമ്പനികൾക്കും ബാങ്കുകൾക്കും നൽകിയ ആധാർ വിവരങ്ങളിൽ എന്ത് തീരുമാനമെടുക്കുമെന്നാണ് എല്ലാവരുടേയും ആശങ്ക. വിവരങ്ങളുടെ അനധികൃതമായ ഉപയോഗം തടയാൻ എന്തുമാർഗം സ്വീകരിക്കും എന്ന ചോദ്യത്തിനൊന്നും ഭരണഘടനാ ബെഞ്ച് ഉത്തരം നൽകുന്നില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിന് കോടതിയെ സമീപിക്കുമെന്ന് ഹർജിക്കാർ വ്യക്തമാക്കി.
ഇതുവരെ ശേഖരിച്ച വിവരങ്ങൾ ഒരു വർഷത്തേക്ക് നശിപ്പിക്കരുതെന്നും ഈ കാലയളവിൽ വിവരങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വിധിന്യായത്തിൽ പറയുന്നു. ഒരു വർഷത്തിനുശേഷം വിധിയിൽ പറയുന്ന പ്രകാരം സർക്കാർ നിയമം നിർമിക്കുന്നില്ലെങ്കിൽ നൽകിയ വിവരങ്ങൾ നശിപ്പിക്കണം. ആധാർ പദ്ധതിയും നിയമവും ഭരണഘടനാ വിരുദ്ധമെന്നു വിധിച്ചശേഷമാണ് ചന്ദ്രചൂഡ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, പദ്ധതി ഭരണഘടനാ വിരുദ്ധമല്ലെന്നാണ് ഭൂരിപക്ഷത്തിന്റെ വിധി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാങ്ക് അക്കൗണ്ടും ഫോൺ നമ്പറും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നതടക്കം നിയന്ത്രണങ്ങൾ വെച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പുറമെ ജസ്റ്റിസുമാരായ എ.കെ.സിക്രി, എ.എം.ഖൻവിൽകർ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ജസ്റ്റിസ് സിക്രിയാണ് വിധി വായിച്ചത്. മൊബൈൽ നമ്പറുകൾ ഉൾപ്പെടെയുള്ളവ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ കേന്ദ്ര സർക്കാർ വാദത്തിനിടയിൽ ശക്തമായി ന്യായീകരിച്ചിരുന്നു. മൊബൈൽ ഉപയോക്താക്കളുടെ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും അതു ചെയ്തില്ലായിരുന്നെങ്കിൽ കോടതിയലക്ഷ്യമാകുമായിരുന്നെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു.