play-sharp-fill
പൂരം കലക്കല്‍ : എഡിജിപിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കില്ല, ജുഡീഷ്യല്‍ അന്വേഷണം വേണം, മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര അന്വേഷണത്തോട് ഒരു അകല്‍ച്ച?’ : കെ മുരളീധരന്‍

പൂരം കലക്കല്‍ : എഡിജിപിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കില്ല, ജുഡീഷ്യല്‍ അന്വേഷണം വേണം, മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര അന്വേഷണത്തോട് ഒരു അകല്‍ച്ച?’ : കെ മുരളീധരന്‍

സ്വന്തം ലേഖകൻ

തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന എഡിജിപി എം ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ‘തൃശൂര്‍ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട അന്വേഷണം എഡിജിപിയെ ഏല്‍പ്പിച്ചപ്പോള്‍ അന്ന് പ്രതികരിക്കാതിരുന്നത്, എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ട വാര്‍ത്ത അന്ന് പുറത്തുവന്നിരുന്നില്ല.

റിപ്പോര്‍ട്ട് വരട്ടെ, അന്നിട്ട് തീരുമാനിക്കാമെന്നായിരുന്നു പാര്‍ട്ടിയും മുന്നണിയും ധാരണയില്‍ എത്തിയിരുന്നത്. എന്നാല്‍ പിന്നീട് അജിത് കുമാറും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ വാര്‍ത്ത പുറത്തുവന്നപ്പോള്‍, ഇനി ഞങ്ങള്‍ക്ക് വേണ്ടത് ജുഡീഷ്യല്‍ അന്വേഷണമാണെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. അജിത് കുമാറിന്റെ റിപ്പോര്‍ട്ട് എന്ത് തന്നെയായാലും വിശ്വാസ്യത ഇല്ല’- കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘തൃശൂര്‍ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം വേണം. ഇതിന്റെ ഗുണഭോക്താക്കള്‍ ബിജെപിയാണല്ലോ. അവരും പറയുന്നത് ജുഡീഷ്യല്‍ അന്വേഷണം. സിപിഐ നേതാവ് വി എസ് സുനില്‍കുമാറും പറഞ്ഞത് റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ്. മൂന്ന് പ്രധാനപ്പെട്ട കക്ഷികളും ഒരേ ആവശ്യത്തില്‍ എത്തി നില്‍ക്കുന്നു.എന്നിട്ടും ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതില്‍ മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര വാശി? ജുഡീഷ്യല്‍ അന്വേഷണം വേണം. സംശയങ്ങള്‍ ഉണ്ട്. ഇത് ദൂരീകരിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണം’- കെ മുരളീധരന്‍ പറഞ്ഞു.

‘പൂരം കലങ്ങിയ വിവാദമാണ് അതുവരെ ഉണ്ടായിരുന്ന രാഷ്ട്രീയ ചിത്രം മാറാന്‍ കാരണം. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തു കൊണ്ടുവരണം. പൂരത്തിന് ഒരു വര്‍ഷം മുന്‍പാണ് അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. അന്നത്തെ ചര്‍ച്ച ഒരു പക്ഷേ എങ്ങനെ ബിജെപിയെയും ഇടതുപക്ഷത്തെയും പരസ്പരം സഹായിക്കാമെന്നതായിരിക്കാം. അന്ന് പൂരം കലക്കല്‍ അജണ്ടയില്‍ ഉണ്ടാവാന്‍ സാധ്യതയില്ല. എന്തായാലും ബിജെപിക്ക് ഒരു എംപി വേണമെന്ന കാര്യത്തില്‍ അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

പൂരത്തിന്റെ സമയം എത്തിയപ്പോള്‍ തെരഞ്ഞെടുപ്പിന്റെ ക്ലൈമാക്‌സ് ആയിരുന്നു. പൂരം കലക്കിയാല്‍ അന്നത്തെ പ്രയോജനം തൃശൂരില്‍ കിട്ടും. പൂരം കലക്കിയത് അന്നത്തെ ചര്‍ച്ചയുടെ ഭാഗമായാകാം. ബിജെപിയുടെ ഒരാളെ എങ്ങനെ ജയിപ്പിക്കാമെന്ന ചര്‍ച്ചയുടെ തുടക്കമാണ് അന്ന് നടന്നത്. സംശയം ദൂരീകരിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം ആയിക്കൂടെ?. ജയിച്ച എംപിയും തോറ്റ ഞങ്ങള്‍ രണ്ടുപേരും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെടുന്നത്. പിന്നെ എന്തിനാണ് മുഖ്യമന്ത്രിക്ക് ജുഡീഷ്യല്‍ അന്വേഷണത്തോട് ഒരു അകല്‍ച്ച?’- കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.