ആരോപണമുന്നയിച്ച പി.വി.അൻവർ എം.എല്‍.എയ്ക്ക് പിന്നില്‍ ഗൂഢ ശക്തികൾ ; സ്വർണക്കടത്ത്, കുഴല്‍പ്പണ- മയക്കുമരുന്ന് മാഫിയകളും നിരോധിത തീവ്രവാദ സംഘടനകളും ഗൂഢാലോചനയില്‍ പങ്കാളികള്‍ ; ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ ഉന്നയിച്ചവർക്കെതിരേ കേസെടുക്കണം : തന്ത്രങ്ങളുമായി എ.ഡി.ജി.പി എം.ആർ. അജിത്കുമാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വർണക്കടത്ത്, ആളെക്കൊല്ലിക്കല്‍, ക്രിമിനല്‍ പ്രവർത്തനങ്ങള്‍ എന്നിങ്ങനെ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന എ.ഡി.ജി.പി എം.ആർ. അജിത്കുമാർ, തനിക്കെതിരേ ഉയർന്ന ആരോപണങ്ങളെല്ലാം ഗൂഢാലോചനയുടെ ഫലമാണെന്ന് വരുത്തിതീർക്കാനുള്ള തന്ത്രങ്ങളാണ് ഇപ്പോള്‍ പയറ്റുന്നത്.
തനിക്കെതിരേ ആരോപണമുന്നയിച്ച പി.വി.അൻവർ എം.എല്‍.എയ്ക്ക് പിന്നില്‍ ഗൂഢ ശക്തികളുണ്ടെന്നും അതേക്കുറിച്ചാണ് അന്വേഷണം വേണ്ടതെന്നും ഡിജിപി ഷേയ്ഖ് ദർവേഷ് സാഹിബിന് അജിത് കുമാർ മൊഴി നല്‍കിയതായി സൂചനയുണ്ട്. പോലീസ് ആസ്ഥാനത്ത് ഇന്നലെയായിരുന്നു മൊഴിയെടുപ്പ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിജിപിയുടെ ചേംബറില്‍ നടന്ന മൊഴിയെടുപ്പില്‍ ഐ.ജി ജി.സ്പർജ്ജൻകുമാറും ഉണ്ടായിരുന്നു. അജിത്തിന്റെ ആവശ്യപ്രകാരം മൊഴിയെടുപ്പ് വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിലെ മറ്റുള്ളവർ തന്റെ ജൂനിയറായതിനാല്‍ ഡി.ജി.പി നേരിട്ട് തന്റെ മൊഴിയെടുക്കണമെന്ന് നേരത്തേ അജിത്ത് ആവശ്യപ്പെട്ടിരുന്നു.
നാല് മണിക്കൂർ നീണ്ട മൊഴിയെടുക്കലില്‍ തനിക്കെതിരായ എല്ലാ ആരോപണങ്ങളും അജിത്ത് നിഷേധിച്ചു. 29 വർഷത്തെ സർവീസില്‍ ഇതുവരെ ഇത്തരം ആരോപണങ്ങളൊന്നും തനിക്കെതിരേ ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഇത്തരം ആരോപണങ്ങള്‍ ഉയരുന്നതിന് പിന്നില്‍ ശക്തമായ ഗൂഢാലോചനയുണ്ട്.
പ്രധാനമായും അൻവറിനെതിരേ ആരോപണ ശരങ്ങളാണ് മൊഴിയില്‍ എ.ഡിജിപി ഉന്നയിച്ചതെന്നാണ് അറിയുന്നത്. തനിക്കെതിരായ ആരോപണങ്ങളുന്നയിച്ച പി.വി.അൻവർ എം.എല്‍.എയ്ക്ക് പിന്നില്‍ ബാഹ്യശക്തികളുണ്ട്. വ്യക്തമായ ഗൂഢാലോചന ആരോപണങ്ങള്‍ക്ക് പിന്നിലുണ്ട്.
സ്വർണക്കടത്ത്, കുഴല്‍പ്പണ- മയക്കുമരുന്ന് മാഫിയകളും നിരോധിത തീവ്രവാദ സംഘടനകളും ഗൂഢാലോചനയിലുള്ളതായി സംശയിക്കുന്നു. ചില മുസ്ലീം സംഘടനകളെ കേന്ദ്രസർക്കാർ നിരോധിച്ചപ്പോള്‍ അതിന്റെ ചുവടുപിടിച്ച് സംസ്ഥാനത്തും അതിശക്തമായ നടപടികളെടുത്തിരുന്നു.
നിയമപ്രകാരം ഇത്തരം നടപടികള്‍ ഒഴിവാക്കാൻ കഴിയാത്തതാണ്. ഇത് തന്നെ ഒരു വലിയ വിഭാഗത്തിന്റെ കണ്ണിലെ കരടാക്കിയതായും അദ്ദേഹം വിശദീകരിച്ചു. മാഫിയകള്‍ക്കെതിരേ ശക്തമായ നിയമനടപടികളെടുത്തതിന്റെ പകയാണ് തന്നോട് തീർക്കുന്നത്. ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ ഉന്നയിച്ചവർക്കെതിരേ കേസെടുക്കണം.
ആരോപണങ്ങള്‍ തെറ്റാണെന്നതിനുള്ള തെളിവുകളും ഡി.ജി.പിക്ക് കൈമാറി. ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ ഉന്നയിച്ചവർക്കെതിരേ സർക്കാർ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അജിത്ത് നേരത്തേ സർക്കാരിന് കത്ത് നല്‍കിയിരുന്നു.
പോലീസ് ആസ്ഥാനത്തെത്തി ഡിജിപിയെ കണ്ട പി.വി.അൻവർ എം.എല്‍.എ നേരത്തേ നല്‍കിയ പരാതിയില്‍ ഇല്ലാതിരുന്ന എ.ഡി.ജി.പിയുടെ ആർ.എസ്.എസ് കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ എഴുതി നല്‍കിയെന്നാണ് സൂചന.
അൻവറിന്റെ ആരോപണങ്ങള്‍ അന്വേഷിക്കാനാണ് ഡിജിപിയുടെ സംഘത്തെ നിയോഗിച്ചത്. എ.ഡി.ജി.പിയുടെ ആർ.എസ്.എസ് കൂടിക്കാഴ്ച അൻവർ മൊഴിയായി എഴുതി നല്‍കിയതോടെ അതേക്കുറിച്ച് ഡിജിപിയുടെ സംഘത്തിന് അന്വേഷിക്കാം.
പുതുതായി രണ്ട് കാര്യങ്ങള്‍ അന്വേഷിക്കാനായി ഡിജിപിക്ക് എഴുതിനല്‍കിയെന്നും ചില തെളിവുകള്‍ കൈമാറിയെന്നും ഡിജിപിയുമായുള്ള അരമണിക്കൂർ കൂടിക്കാഴ്ചയ്ക്ക് ശേഷം പി.വി.അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ചില കാര്യങ്ങള്‍ ഡിജിപി ചോദിച്ചു മനസിലാക്കി. അജിത്ത് ക്രമസമാധാന ചുമതലയില്‍ തുടരുന്നതിനാല്‍ തെളിവുകളും വിവരങ്ങളും നല്‍കാൻ പൊലീസ് ഉദ്യോഗസ്ഥരും വിരമിച്ചവരും ഭയപ്പെടുന്നതായും അൻവർ പറഞ്ഞു.
അതേസമയം, അജിത്തിന്റെ വിശദമായ മൊഴിയെടുത്ത ശേഷം രണ്ടാഴ്ചയ്ക്കകം ക്ലീൻ ചിറ്റ് നല്‍കി റിപ്പോർട്ട് ഡിജിപി സർക്കാരിന് സമർപ്പിക്കുമെന്ന് അറിയുന്നു. സ്വർണക്കടത്ത്, കൊലപാതകം, മന്ത്രിമാരുടെയടക്കം ഫോണ്‍ചോർത്തല്‍, സ്വർണംപൊട്ടിക്കല്‍, കോടികളുടെ കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങളാണ് പി.വി.അൻവർ എം.എല്‍.എ ഉന്നയിച്ചത്.
ഇതിലെല്ലാം എ.ഡി.ജി.പിയുടെ വിശദീകരണം മുഖവിലയ്ക്കെടുത്ത് ക്ലീൻചിറ്റ് നല്‍കുകയാവും പോലീസ് ചെയ്യുക. 30ദിവസത്തിനകം അന്വേഷണറിപ്പോർട്ട് നല്‍കാനാണ് സർക്കാർ ഉത്തരവ്. മുൻകാലങ്ങളില്‍ അന്വേഷണം നേരിടുന്നവരെ പദവിയില്‍ നിന്നൊഴിവാക്കുകയായിരുന്നു പതിവ്. ഗുരുത രആരോപണങ്ങളാണെങ്കില്‍ അന്വേഷണവിധേയമായി സസ്പെൻഡ്ചെയ്യും. എന്നാല്‍ സേനയുടെ ചരിത്രത്തിലെ ഏറ്റവും ഗുരുതര ആരോപണങ്ങള്‍ നേരിട്ടിട്ടും അജിത്കുമാറിനെ സംസ്ഥാനത്തിന്റെയാകെ ക്രമസമാധാനചുമതലയില്‍ തുടരാൻ അനുവദിക്കുകയാണ് സർക്കാർ.
തെളിവുകള്‍ ഇല്ലാതാക്കാനും അന്വേഷണത്തിന്റെ വഴിതിരിച്ചുവിടാനും ഇത് ഇടയാക്കും. എ.ഡി.ജി.പി ഉന്നതപദവിയില്‍ തുടരുന്നതിനാല്‍ അന്വേഷണസംഘത്തോട് സത്യം വെളിപ്പെടുത്താനും പരാതികളില്‍ ഉറച്ചുനില്‍ക്കാനും ആളുകള്‍ മടിക്കും. പോലീസുകാരില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങളും തെളിവുകളും കിട്ടുന്നില്ലെന്ന് അൻവർ പറയുന്നത് ഈ സാഹചര്യത്തിലാണ്.