play-sharp-fill
കവടിയാറിലെ കണ്ണായ ഭൂമിയില്‍ അജിത് കുമാർ പണിയുന്നത് ഭൂഗർഭ നിലയുള്‍പ്പെടെ മൂന്ന് നില കെട്ടിടം; എഡിജിപിയുടെ കൊട്ടാര സമാനമായ മണിമാളികയെ കുറിച്ച് പ്രധാന അന്വേഷണം; അൻവറിന്റെ ആരോപണങ്ങൾ പോലീസ് മേധാവി അന്വേഷിക്കുന്നതിനിടെ അനധികൃത സ്വത്ത് നിർമാണം, കൈക്കൂലി, സ്വർണം പൊട്ടിക്കല്‍, എന്നിവയിൽ വിജിലൻസ് അന്വേഷണം; ഒരേസമയം രണ്ട് ഡിജിപിമാരുടെ അന്വേഷണം നേരിടുന്ന എഡിജിപിക്ക് കുരുക്ക് മുറുകുന്നു

കവടിയാറിലെ കണ്ണായ ഭൂമിയില്‍ അജിത് കുമാർ പണിയുന്നത് ഭൂഗർഭ നിലയുള്‍പ്പെടെ മൂന്ന് നില കെട്ടിടം; എഡിജിപിയുടെ കൊട്ടാര സമാനമായ മണിമാളികയെ കുറിച്ച് പ്രധാന അന്വേഷണം; അൻവറിന്റെ ആരോപണങ്ങൾ പോലീസ് മേധാവി അന്വേഷിക്കുന്നതിനിടെ അനധികൃത സ്വത്ത് നിർമാണം, കൈക്കൂലി, സ്വർണം പൊട്ടിക്കല്‍, എന്നിവയിൽ വിജിലൻസ് അന്വേഷണം; ഒരേസമയം രണ്ട് ഡിജിപിമാരുടെ അന്വേഷണം നേരിടുന്ന എഡിജിപിക്ക് കുരുക്ക് മുറുകുന്നു

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് കവടിയാറില്‍ കൊട്ടാരം പോലെ മാളികയുണ്ടാക്കുന്നതടക്കം എ.ഡി.ജി.പി എം.ആർ അജിത്ത്കുമാറിനെതിരായ ആരോപണങ്ങളില്‍ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതോടെ, അദ്ദേഹം രണ്ട് ഡി.ജി.പിമാരുടെ അന്വേഷണം നേരിടുകയാണ്. പോലീസ് മേധാവിയും ഡിജിപിയുമായ ഷെയ്ഖ് ദർവേഷ് സാഹിബിന്റെ അന്വേഷണം പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചാണ് പോലീസ് മേധാവി അന്വേഷിക്കുന്നത്.

കൈക്കൂലി, സ്വർണം പൊട്ടിക്കല്‍ അടക്കം സാമ്പത്തിക ആരോപണങ്ങളാവും വിജിലൻസ് അന്വേഷിക്കുക. എ.ഡി.ജി.പിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് എറണാകുളം സ്വദേശിയാണ് വിജിലൻസ് മേധാവിക്ക് പരാതി നല്‍കിയിരുന്നത്. സർക്കാരിന്റെ അനുമതിയില്ലാതെ നിലവില്‍ വിജിലൻസിന് ഒരു കേസെടുക്കാനോ അന്വേഷണം നടത്താനോ കഴിയില്ല.

അതിനാല്‍ പരാതികള്‍ സർക്കാരിലേക്ക് അയച്ചുകൊടുത്ത് അനുമതി വാങ്ങിയ ശേഷമാണ് വിജിലൻസ് അന്വേഷണം. എ.ഡി.ജി.പിക്കെതിരേ ഉയർന്ന സാമ്പത്തിക ആരോപണങ്ങളില്‍ വിജിലൻസ് അന്വേഷണത്തിന് പോലീസ് മേധാവിയാണ് സർക്കാരിന് ശുപാർശ നല്‍കിയത്. ഈ ശുപാർശ സർക്കാർ അംഗീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുസംബന്ധിച്ച പരാതികള്‍ വിജിലൻസ് അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. പരാതികള്‍ വിജിലൻസ് ആസ്ഥാനത്തേക്ക് അയച്ചു. വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത അവധി കഴിഞ്ഞെത്തിയാലുടൻ അന്വേഷണം തുടങ്ങും. പ്രാഥമിക പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാലേ കേസെടുക്കൂ. കവടിയാറില്‍ എ.ഡി.ജി.പി കൊട്ടാര സമാനമായ മണിമാളിക പണിയുന്നതടക്കം അന്വേഷണത്തിന്റെ പരിധിയില്‍ വരും.

വസ്തു വാങ്ങാനും വീട് നിർമ്മിക്കാനുമുള്ള അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നാണ് ആവശ്യം. വെള്ളയമ്പലം-കവടിയാർ റോഡില്‍ നിന്ന് അല്‍പ്പം ഉള്ളിലേക്ക് മാറി ഗോള്‍ഫ് ക്ലബിനടുത്ത് കവടിയാർ പാലസ് അവന്യൂവിലെ വീടിന്റെ വിവരങ്ങള്‍ പി.വി.അൻവർ എം.എല്‍.എയാണ് വാർത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.

ഭൂഗർഭ നിലയുള്‍പ്പെടെ മൂന്ന് നില കെട്ടിടമാണ് കവടിയാറിലെ കണ്ണായ ഭൂമിയില്‍ അജിത് കുമാർ പണിയുന്നത്. പഴയകാലത്തെ വലിയ തറവാട് വീടിന്റെയും പുതിയ കാലത്തെ ഡിസൈനും സംയുക്തമായി ചേ‌ർത്തുള്ള ആഡംബര വീടാണ് പ്ലാനിലുള്ളത്.

ഫെബ്രുവരിയിലായിരുന്ന വീടിന്റെ തറക്കല്ലിട്ടത്. ഏറ്റവും അടുത്ത ഐ.എ.എസ്, ഐ.പി.എസ് സുഹൃത്തുക്കളാണ് ആ ലളിതമായ ചടങ്ങില്‍ പങ്കെടുത്തത്. 10സെന്റ് ഭൂമിയിലാണ് വീട്. നിലവില്‍ ഭൂ‌ഗ‌ർഭ അറയുടെ ജോലികളാണ് നടക്കുന്നത്. തറയില്‍ നിന്ന് 12അടി താഴ്ചയിലാണ് ഭൂഗ‌ർഭ അറ. പാർക്കിംഗ് ഉള്‍പ്പടെ ഇവിടെയാണ് ഉദ്ദേശിച്ചിട്ടുള്ളത്. വീടിനുള്ളില്‍ ചെറിയ ലിഫ്റ്റ് സൗകര്യമുള്‍പ്പെടെ ആഡംബര സൗകര്യങ്ങളുണ്ട്.

2024 ജനുവരിയിലാണ് ഈ കെട്ടിടത്തിന് നിർമാണത്തിന് അനുമതി ലഭിച്ചത്. വീടിന്റെ താഴത്തെ ബേസ്‌മെന്റിന് 2000ചതുശ്ര അടിക്ക് മുകളിലാണ് വിസ്തീർണം. താഴത്തെ നിലയില്‍ അതിഥികള്‍ക്കായുള്ള മുറികളുടെ സ്ഥലവും പ്ലാനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

2008ലാണ് അജിത്ത്കുമാർ ഇവിടെ ഭൂമി വാങ്ങിയതെന്നാണ് സൂചന. അടുത്ത കാലത്ത് വരെ ഒരു സെന്റിന് 65 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് ഇവിടെത്തെ ഭൂമി വില. സെന്റിന് 10ലക്ഷം രൂപയ്ക്ക് 2005ലാണ് ഈ ഭൂമി വാങ്ങിയതെന്നാണ് എ.ഡി.ജി.പി സർക്കാരിനോട് നേരത്തേ വിശദീകരിച്ചിരുന്നത്. നിർമ്മാണം നടത്താൻ അനുമതിയില്ലാത്ത സോണിലായിരുന്നു. അടുത്തിടെയാണ് ഇത് ഗ്രീൻസോണായത്.

4800 ചതുരശ്രഅടി വീടിനാണ് നഗരസഭയില്‍ നിന്ന് നിർമാണഅനുമതി ലഭിച്ചത്. വീടുനിർമ്മാണത്തിന് എസ്.ബി.ഐയില്‍ നിന്ന് ഒന്നരക്കോടിയുടെ വായ്പയുണ്ട്. ആദ്യഗഡു 15ലക്ഷം കിട്ടിയിട്ടുമുണ്ട്. ഈ സ്ഥലത്ത് ഭൂമിക്കു മുകളില്‍ രണ്ടു നിലകളേ പാടുള്ളൂ.- ഇതാണ് വിശദീകരണം.

പി.വി.അൻവറിന്റെ പരാതിയിലുള്ള ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനം, ഓണ്‍ലൈൻ ചാനലുടമയില്‍ നിന്ന് ഒന്നരക്കോടി കൈക്കൂലി, ബന്ധുക്കളെ ഉപയോഗിച്ച്‌ സ്വർണ ഇടപാടുകള്‍, സ്വർണം പൊട്ടിക്കലിലൂടെ പണമുണ്ടാക്കല്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളാവും വിജിലൻസ് അന്വേഷിക്കുക.

വിജിലൻസ് മേധാവി യോഗേഷ് ഗുപ്തയ്ക്ക് ഡി.ജി.പി റാങ്കുണ്ട്. അതിനാല്‍ എ.ഡി.ജി.പിക്കെതിരായ അന്വേഷണം വിജിലൻസ് മേധാവി നേരിട്ടായിരിക്കും നടത്തുക.