
സ്വന്തം ലേഖിക
കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ പ്രോസിക്യൂഷന് തന്നെ വിനയാകുമെന്ന് നിയമവിദഗ്ധര്‍.
വിജയ് ബാബു വിവാഹ വാഗ്ദാനം നല്‍കി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു എന്ന് പറയാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതി വിവാഹിതനാണെന്ന് പരാതിക്കാരിക്ക് അറിയാമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. ഇരുവരും തമ്മില്‍ ഗാഢമായ ബന്ധമുണ്ടായിരുന്നു എന്നതിന് ഡിജിറ്റല്‍ തെളിവുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതെല്ലാം തന്നെ കേസിന്റെ വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ വാദങ്ങളെ കുരുക്കിലാകുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉപാധികളോടെയാണ് ഹൈക്കോടതി വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വിജയ് ബാബു നാട്ടില്‍ ഉണ്ടാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകേണ്ടി വന്നാല്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച കോടതി തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണമെന്നും വ്യക്തമാക്കി. സമൂഹ മാധ്യമത്തിലൂടെയോ അല്ലാതെയോ അതിജീവിതയെയോ അവരുടെ കുടുംബത്തെയോ അപമാനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കി.
എന്നാൽ പ്രതി വിവാഹിതനായതിനാല്‍ വിവാഹ വാഗ്ദാനം നല്‍കി എന്ന് പറയാനാകില്ലെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി പറഞ്ഞത്. നടി ഒരിക്കലും ഇയാളുടെ തടവിലായിരുന്നില്ല. നടിയും വിജയ് ബാബുവും തമ്മില്‍ ഇന്‍സ്റ്റാഗ്രാമിലും മറ്റും ചാറ്റുകള്‍ നടത്തിയിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ ഗാഢമായ ബന്ധം സൂചിപ്പിക്കുന്നതാണ്. അതിലൊന്നും ലൈംഗികാതിക്രമത്തെക്കുറിച്ച് സൂചിപ്പിക്കുന്നില്ല എന്നതായിരുന്നു കോടതിയുടെ നിരീക്ഷണം.
എന്നാല്‍ നിയമവിദഗ്ധരും പൊതുസമൂഹവും ഈ വിധിയെ വിമര്‍ശിക്കുന്നുണ്ട്. കോടതി അതിജീവിതയുടെ ഭാഗത്ത് നിന്ന് ചിന്തിക്കുന്നില്ല എന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്.
പരസ്പര ബന്ധത്തോടെയുള്ള ലൈംഗികബന്ധം എന്ന സന്ദേശം ഈ നിരീക്ഷണങ്ങളില്‍ നിന്ന് പൊതുസമൂഹത്തിന് ലഭിച്ചേക്കാമെന്നും പ്രോസിക്യൂഷന്‍ വിലയിരുത്തുന്നു.
വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിലൂടെ കോടതിയിലുള്ള വിശ്വാസം നഷ്ടമാവുകയാണെന്ന് നടി മാല പാര്‍വ്വതിയും പ്രതികരിച്ചു.
ഒരു പെണ്‍കുട്ടിക്ക് അവര്‍ക്ക് ഇഷടമുള്ള മേഖലയില്‍ സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവകാശത്തെ കുറിച്ചാണ് ഇവിടെ സംസാരിക്കുന്നത്. പരാതിക്കാരിയായ പെണ്‍കുട്ടിക്ക് നിയമം നല്‍കുന്ന പരിരക്ഷയെ വെല്ലുവിളിച്ച ഒരാള്‍ക്ക് വീണ്ടും സംരക്ഷണം നല്‍കുന്നതായാണ് പൊതു സമൂഹത്തിന് അനുഭവപ്പെടുന്നത്. പത്ത് വര്‍ഷത്തിന് മുന്‍പുള്ള അതേ അവസ്ഥയിലേക്ക് സമൂഹം വീണ്ടും പോയി കൊണ്ടിരിക്കുകയാണെന്നും മാല പറഞ്ഞു.