ഇന്ധനവില ഉയരുന്നതിൽ പ്രതിഷേധം, സൈക്കിളിൽ വോട്ട് ചെയ്യാനെത്തി നടൻ വിജയ് ; സൈക്കിളിലെത്തി വോട്ട് ചെയ്ത് മടങ്ങുന്ന താരത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ

ചെന്നൈ : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ വോട്ട് ചെയ്യാനെത്തി ശ്രദ്ധ നേടിയത് നടൻ വിജയ് ആണ്. സൈക്കിളിലാണ് താരം വോട്ട് ചെയ്യാൻ ബൂത്തിലെത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സൈക്കിളിലെത്തി വോട്ട് ചെയ്ത് മടങ്ങുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

താരത്തെ കണ്ട ആവേശത്തിൽ നിയന്ത്രണം വിട്ട ആരാധകർരക്ക് നേരെ പൊലീസ് ലാത്തി വീശുകയും ചെയ്തു. അതേസമയം രാജ്യത്തെ ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചാണ് താരം സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയതെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

കേരളം, തമിഴ്‌നാട്, പുതുച്ചേരി അടക്കം വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി തന്നെ പാലിച്ച് സജ്ജീകരിച്ചിരിക്കുന്ന പോളിംഗ് ബൂത്തുകളിൽ രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ്. കനത്ത പോളിംഗാണ് പലയിടങ്ങളിലും ആദ്യമണിക്കൂറുകളിൽ തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസ് -ഡിഎംകെ സഖ്യം, ബിജെപി-എഐഎഡിഎംകെ സഖ്യം പോരിനിറങ്ങുന്ന തമിഴ്‌നാട്ടിൽ ഇത്തവണ മത്സരം കടുത്തതാണ്. പ്രമുഖ മുന്നണികൾക്ക് വെല്ലുവിളി ഉയർത്തി കമൽ ഹാസന്റെ മക്കൾ നീതി മയ്യവും തെരഞ്ഞെടുപ്പിൽ ഇക്കുറി മത്സരിക്കുന്നുണ്ട്.

കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ നിന്നും കമൽഹാസനും ജനവിധി തേടുന്നുണ്ട്. രാവിലെ ഏഴ് മണി മുതൽ ആരംഭിച്ച വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറുകളിൽ തന്നെ പ്രമുഖ താരങ്ങളെല്ലാം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ എത്തിയിരുന്നു.