കുന്നത്ത്കളത്തിൽ വിശ്വനാഥന്റെ മരണം അന്വേഷിക്കണം: തേർഡ് ഐ ന്യൂസ് വാർത്ത ശരിവച്ച് ആക്ഷൻ കൗൺസിലും; കുന്നത്ത്കളത്തിലിനെ തകർത്തത് മക്കളുടെയും മരുമക്കളുടെയും ധൂർത്ത്..?
സ്വന്തം ലേഖകൻ
കോട്ടയം: കുന്നത്ത്കളത്തിൽ ജുവലറി ഗ്രൂപ്പ് ഉടമ വിശ്വനാഥന്റെ മരണത്തിനു പിന്നിലെ ദുരൂഹത ആന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ സമരത്തിലേയ്ക്ക്. കുന്നത്ത്കളത്തിൽ ജുവലറി – ചിട്ടി തട്ടിപ്പിന് ഇരയാക്കപ്പെട്ടവരുടെ സംഘടനയായ ആക്ഷൻ കൗൺസിലാണ് സമരത്തിനു ഇറങ്ങുന്നത്. വിശ്വനാഥന്റെ മരണത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ഇവരുടെ ആരോപണം. ഇതു സംബന്ധിച്ചുള്ള തുടർ സമരപരിപാടികൾ അടക്കം ആലോചിക്കുന്നതിനായി പത്തിന് രാവിലെ 11 ന് തിരുനക്കര ഹോട്ടൽ ആനന്ദമന്ദിരത്തിൽ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ യോഗം ചേരും.
കുന്നത്ത്കളത്തിൽ വിശ്വനാഥൻ മരിച്ച ദിവസം തന്നെ ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയിരുന്നു. വിശ്വനാഥന്റെ മരുമക്കളുടെയും മക്കളുടെയും ധൂർത്താണ് ബിസിനസിനെ തകർത്തതെന്നായിരുന്നു തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്. ഇതേ തുടർന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് സംഘം ഇതു സംബന്ധിച്ചു വിശദമായ പഠനം നടത്തിയതും അന്വേഷിച്ചതും.
ഇതേ ആരോപണങ്ങൾ തന്നെയാണ് കുന്നത്ത്കളത്തിൽ ഡിപ്പോസിറ്റേഴ്‌സ് അസോസിയേഷനും ഇപ്പോൾ ഉയർത്തുന്നത്. വിശ്വനാഥന്റെ മരണത്തിനു പിന്നിൽ രണ്ട് മരുമക്കളും തന്നെയാണെന്നാണ് ഇവരുടെയും ആരോപണം. നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സ്ഥാപനത്തിൽ നിന്നു വ്യവസ്ഥകളൊന്നുമില്ലാതെ മക്കളും മരുമക്കളും ചേർന്ന് പണം ചോർത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വിശ്വനാഥന് സാമ്പത്തിക ബാധ്യതയുണ്ടായതെന്ന ആരോപണമാണ് ആക്ഷൻ കൗൺസിൽ ഉയർത്തുന്നത്. മൂത്തമരുമകൻ ഡോ.സുനിൽ ബാബുവാണ് വിശ്വനാഥന്റെ ഇടപാടുകളെല്ലാം നിയന്ത്രിച്ചിരുന്നത. ആശുപത്രി നിർമ്മാണത്തിനടകം വൻ തുക ഇയാൾ പിൻവലിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. ഇതെല്ലാം സമ്മർദത്തിലാക്കിയ വിശ്വനാഥൻ ഒടുവിൽ ജീവനൊടുക്കുകയായിരുന്നുവെന്നാണ് സൂചന.
വിശ്വനാഥന്റെ മരണത്തെ തുടർന്ന് കേസ് മുന്നോട്ട്‌കൊണ്ടു പോകേണ്ട രീതികൾ സംബന്ധിച്ച് ആക്ഷൻ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യും. നിലവിൽ കോട്ടയം സബ് കോടതിയിലും, ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും കുന്നത്ത്കളത്തിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് നടക്കുന്നുണ്ട്. ഈ കേസുകളിലെല്ലാംകുന്നത്ത്കളത്തിൽ ഡിപ്പോസിറ്റേഴ്‌സ് അസോസിയേഷനും പ്രതിനിധീകരിച്ചിട്ടുണ്ട്. തുടർ സമരങ്ങളും പ്രക്ഷോഭങ്ങളും അടക്കമുള്ള കാര്യങ്ങൾ ആക്ഷൻ കൗൺസിൽ യോഗത്തിൽ ചർച്ചയാകും. വിശ്വനാഥന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ചുള്ള വിവാദങ്ങളും അന്വേഷിക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെടും.
Whatsapp Group 1 | Whatsapp Group 2 |Telegram Group