കെഎസ്ആര്‍ടിസിക്ക് നല്‍കിയിരുന്ന എട്ട് ലക്ഷത്തോളം രൂപയുടെ പരസ്യം പിന്‍വലിച്ച് അച്ചായന്‍സ് ഗോള്‍ഡ്; അക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തി നാല് വര്‍ഷത്തെ യാത്രാ ചിലവ് കൈമാറി; കരച്ചിലിനിടയിലും അനീതിക്കെതിരെ കൈ ഉയര്‍ത്തി പ്രതിഷേധിച്ച പെണ്‍കുട്ടിയെ ചേര്‍ത്ത് പിടിച്ച് ടോണിയും കൂട്ടരും
സ്വന്തം ലേഖകന്‍
കോട്ടയം: കാട്ടാക്കട സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിക്ക് നല്‍കിയിരുന്ന പരസ്യം പിന്‍വലിച്ചതിന് പിന്നാലെ, അക്രമത്തിനിരയായ പെണ്‍കുട്ടിക്ക് സഹായഹസ്തവുമായി അച്ചായന്‍സ് ഗോള്‍ഡ്. 5 മാസമായി കെഎസ്ആര്‍ടിസിക്ക് നല്‍കിവന്നിരുന്ന 8 ലക്ഷത്തോളം രൂപയുടെ പരസ്യകരാറില്‍ നിന്നാണ് കോട്ടയത്തെ അച്ചായന്‍സ് ഗോള്‍ഡ് പിന്മാറിയത്. തുടര്‍ന്ന് കെഎസ്ആര്‍ടിസിയുമായുള്ള പരസ്യ കരാര്‍ പുതുക്കേണ്ടതില്ലെന്നും തീരുമാനമെടുത്തു.
പരസ്യം പിന്‍വലിച്ചതിന് പിന്നാലെ കുടുംബത്തിന് നിയമസഹായം നല്‍കാനും പെണ്‍കുട്ടിയുടെ നാല് വര്‍ഷത്തെ യാത്രാ ചെലവ് വഹിക്കാനും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി അച്ചായന്‍സ് ഗോള്‍ഡ് ഉടമ ടോണി വര്‍ക്കിച്ചനും കൂട്ടരും തിരുവനന്തപുരം കാട്ടാക്കടയില്‍ എത്തി പെണ്‍കുട്ടിക്ക് നാല് വര്‍ഷത്തേക്കുള്ള യാത്രാ ചിലവിന് ആവശ്യമായ തുക കൈമാറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
”സംഭവത്തിന്റെ വീഡിയോ കണ്ടപ്പോള്‍ ദുഃഖം തോന്നി. നാളെ ആര്‍ക്കും ഈ അവസ്ഥ വരാം. നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശം ഇല്ല. പക്ഷേ ഇതിലെല്ലാമുപരി എന്നെ ആകര്‍ഷിച്ചത് ആ പെണ്‍കുട്ടിയുടെ പ്രതിഷേധ സ്വരമാണ്. കരച്ചിലിനിടയിലും അവള്‍ കൈ ഉയര്‍ത്തി. അക്രമികളുടെ മുഖത്ത് നോക്കി പറഞ്ഞ വാക്കുകള്‍ നെഞ്ചിലാണ് കൊണ്ടത്. ‘എന്റെ അച്ഛനെ മാത്രമല്ല, എന്നെയും തല്ലി.. നോക്കിക്കോ കേറ്റും ഞാന്‍.. നിങ്ങളെ മാത്രമല്ല എല്ലാരേം…’
എത്ര ധൈര്യത്തോടെയാണ് അവള്‍ പെരുമാറിയത്. മിടുക്കി എന്ന വാക്ക് പോരാ വിശേഷിപ്പിക്കാന്‍. അപ്രതീക്ഷിത പ്രതിസന്ധികളില്‍ ആ കുട്ടിയെ മാതൃകയാക്കേണ്ടതാണ് ഓരോ പെണ്‍മക്കളും. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്ന് പറയുംപോലെ. ഈ പെണ്‍കുട്ടി പൊന്നാണ്. ഊതിക്കാച്ചിയ പത്തരമാറ്റ്. – അച്ചായന്‍സ് എം ഡി ടോണി വര്‍ക്കിച്ചന്‍ പറഞ്ഞു.
അതേസമയം, വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ ഘട്ടത്തിലാണ് ‘അച്ചായന്‍സ്’ കെഎസ്ആര്‍ടിസിക്ക് പരസ്യം നല്‍കി തുടങ്ങിയതെന്നും കെഎസ്ആര്‍ടിസി ജീവനക്കാരുടെ മനോഭാവം നന്നാവാതെ ഈ സ്ഥാപനത്തിന് നിലനില്‍പ്പ് ഉണ്ടാവില്ലെന്നും ജനറല്‍ മാനേജന്‍ ഷിനില്‍ കുര്യന്‍ വിമര്‍ശിച്ചു.