പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം ; 55 കാരന് 32 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി

പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം ; 55 കാരന് 32 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി

സ്വന്തം ലേഖകൻ 

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയ്‌ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 32 വര്‍ഷം തടവും 1,40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കയ്പമംഗലം സ്വദേശി കുട്ടനെതിരെ ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് രവിചന്ദ്രന്‍ സി ആര്‍ ആണ് വിധി പ്രസ്താവിച്ചത്. 2017 സെപ്റ്റംബര്‍ മുതല്‍ 2018 വരെയുള്ള കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. കയ്പമംഗലം പൊലീസാണ് പ്രതിക്കെതിരെ കേസ് ചാര്‍ജ് ചെയ്തതും കുറ്റപത്രം സമർപ്പിച്ചതും.

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 15 സാക്ഷികളെയും 26 രേഖകളും പ്രതിഭാഗത്തുനിന്നും ഒരു രേഖയും തെളിവുകളായി നല്‍കിയിരുന്നു. കയ്പമംഗലം പൊലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന അനൂപ് പി ജി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടറായിരുന്ന ജയേഷ് ബാലനാണ് അന്വേഷണം നടത്തിയത്. കയ്പമംഗലം ഇന്‍സ്‌പെക്ടറായിരുന്ന കെ എസ് സുബിന്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.ആര്‍. രജനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോക്‌സോ നിയമത്തിന്റെ ആറാം വകുപ്പ് പ്രകാരം 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും പിഴയടക്കാതിരുന്നാല്‍ ആറുമാസം വെറും തടവും പോക്‌സോ നിയമത്തിന്റെ 10 -ാം വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം വെറുംതടവും 25,000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ മൂന്നുമാസം വെറും തടവും 12 -ാം വകുപ്പ് പ്രകാരം ആറുവര്‍ഷം തടവും 20,000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ രണ്ടുമാസം വെറും തടവും കൂടാതെ ഇന്ത്യന്‍ ശിക്ഷാനിയമം വിവിധ വകുപ്പുകളിലായി 11 വര്‍ഷം കഠിന തടവും ഒരു മാസം വെറും തടവും 45,000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ അഞ്ചുമാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ ആയത് അതിജീവതയ്ക്ക് നഷ്ടപരിഹാരമായി നല്‍കുവാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്.