തൊടുപുഴ ന്യൂമാന്‍ കോളജ് മലയാളം അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി പിടിയില്‍; 13 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പൊക്കിയത് എൻ.ഐ.എ; വിവിധ ഇടങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിൽ .പ്രതിയെ പിടികൂടിയത് കണ്ണൂരില്‍ നിന്നും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ കൈ ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്നു വെട്ടിയ കേസിലെ പിടികിട്ടാപ്പുള്ളി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുടെ പിടിയിലായി.

2010 ജൂലൈയില്‍ സംഭവത്തിനു ശേഷം 13വര്‍ഷമായി സവാദ് ഒളിവിലായിരുന്നു. പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടി മാറ്റിയത് സവാദായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു. സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവര്‍ക്ക് എൻഐഎ തുക പ്രഖ്യാപിച്ചിരുന്നു. കണ്ണൂരില്‍നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് സൂചന. സവാദിനെ തിരഞ്ഞ് എൻഐഎ വിവിധ ഇടങ്ങളിലാണ് തിരച്ചില്‍ നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റകൃത്യം നടന്ന 2010 ജൂലൈ 4നു ആലുവയില്‍ നിന്നു സവാദ് ബെംഗളൂരുവിലേക്കു കടന്നതായി അന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ 13 വര്‍ഷം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നടത്തിയ അന്വേഷണത്തിനും സവാദിനെ കണ്ടെത്താനായില്ല.ഇതോടെ ഇയാള്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നു എന്നായിരുന്നു സൂചനകള്‍.

കേസില്‍ പിന്നീടു കീഴടങ്ങിയ മുഖ്യസൂത്രധാരൻ എം.കെ.നാസറിനൊപ്പം സവാദിനെ നേപ്പാളില്‍ കണ്ടതായുള്ള രഹസ്യവിവരം എൻഐഎക്കു ലഭിച്ചിരുന്നു. കേസില്‍ നാസര്‍ കീഴടങ്ങിയ ശേഷം സവാദ് അഫ്ഗാനിസ്ഥാനിലേക്കു കടന്നതായും വിവരം ലഭിച്ചിരുന്നു. ഇതേ ത്ുടര്‍ന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ സഹായത്തോടെ എൻഐഎ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാൻ കോളജ് അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിമാറ്റിയത്. 2010 മാര്‍ച്ച്‌ 23ന് നടന്ന രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യ പേപ്പറിലെ 11-ാം നമ്ബര്‍ ചോദ്യത്തില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ടി ജെ ജോസഫ് തയ്യാറാക്കിയ ചോദ്യപ്പേപ്പറിലെ ചോദ്യം പ്രവാചകനെ നിന്ദിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

പി ടി കുഞ്ഞഹമ്മദ് എഴുതിയ ‘തിരക്കഥയിലെ രീതിശാസ്ത്രം’ എന്ന പുസ്തകത്തില്‍ നിന്നുള്ള ഭ്രാന്തനും ദൈവവുമായുള്ള സംഭാഷണമായിരുന്നു ചോദ്യം. വിഷയം വിവാദമായതോടെ, വിവിധ സംഘടനകള്‍ കോളജിനെതിരെ പ്രതിഷേധം ആരംഭിച്ചു. ഒരു പത്രത്തില്‍ വന്ന വാര്‍ത്തയായിരുന്നു വിവാദത്തിന് തിരി കൊളുത്തിയത്. കോളജ് ടി ജെ ജോസഫിനെ തള്ളിപ്പറഞ്ഞതോടെ അദ്ദേഹം ഒളിവില്‍ പോയി. കോളജില്‍ നിന്ന് പ്രൊഫസറെ സസ്‌പെൻഡ് ചെയ്യുകയും കോളജ് അധികൃതര്‍ പരസ്യമായി മാപ്പു പറയുകയും ചെയ്തു.

വിഷയത്തില്‍ മതനിന്ദ കുറ്റം ചുമത്തി ടി ജെ ജോസഫിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. ജോസഫ് ഒളിവില്‍ പോയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ 22 കാരനായ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്റെ മകനും കുടുംബത്തിനും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചതോടെ, ആറ് ദിവസത്തിന് ശേഷം അദ്ദേഹം പൊലീസിന് മുന്നില്‍ കീഴടങ്ങി, ജയിലിലായി.

ഒരാഴ്ചയോളം ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യം നേടി പുറത്തിറങ്ങിയ ജോസഫിനെത്തേടി പലതവണ അക്രമികള്‍ വന്നിരുന്നു. ജൂലൈ നാലിന് അമ്മയോടൊപ്പം മൂവാറ്റുപുഴയിലെ പള്ളിയില്‍ പോയി മടങ്ങി വരുകയായിരുന്ന ടി ജെ ജോസഫിന് നേരെ വീടിന് അടുത്തുവച്ചാണ് ആക്രമണമുണ്ടാകുന്നത്. മിനിവാനിലെത്തിയ ഒരു സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ആറംഗ സംഘത്തില്‍ ഒരാള്‍, കോടാലിയുപയോഗിച്ച്‌ കാറിന്റെ ചില്ല് തകര്‍ത്തു. കാറിന്റെ വാതില്‍ ഉള്ളില്‍ നിന്ന് തുറന്ന് പ്രൊഫസറെ റോഡിലൂടെ വലിച്ചിഴച്ചു.

കൈകളിലും കാലിലും ആഞ്ഞുവെട്ടി. ഇടതു കൈപ്പത്തി പൂര്‍ണമായും വെട്ടിമാറ്റുകയും വലതുകൈക്ക് സാരമായി വെട്ടേല്‍ക്കുകയും ചെയ്തു. ഒരു മാസത്തിന് ശേഷം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ ജോസഫിനെ ന്യൂമാൻ കോളേജില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനെതിരെയും പ്രതിഷേധങ്ങള്‍ ഉണ്ടായി. അദ്ദേഹത്തിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നതിനായി അദ്ധ്യാപകര്‍ പിരിവുകള്‍ സംഘടിപ്പിച്ചു. പുറത്താക്കലിനെതിരെ കോളജിന് മുന്നില്‍ സത്യഗ്രഹമിരുന്നു.

കുട്ടികളുടെ വിദ്യാഭ്യാസത്തിനായി എടുത്ത വിദ്യാഭ്യാസ ലോണ്‍ ഉള്‍പ്പെടെ കുടുംബം കടക്കെണിയിലായി. തുടര്‍ച്ചയായ പ്രതിസന്ധികള്‍ക്ക് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സലോമി വിഷാദരോഗത്തിന് അടിമപ്പെട്ടു. 2014 മാര്‍ച്ചില്‍ സലോമി ആത്മഹത്യ ചെയ്തത് ജനരോഷത്തിനു കാരണമായി. വിരമിക്കാൻ മൂന്ന് ദിവസം ബാക്കിനില്‍ക്കെ, കോളജ് ടി ജെ ജോസഫിനെ തിരിച്ചുവിളിച്ചു. പെൻഷൻ ആനുകൂല്യങ്ങള്‍ക്ക് അദ്ദേഹം അര്‍ഹനാണെന്ന് കണ്ടെത്തുകയും ചെയ്തു.

അക്രമവുമായി ബന്ധപ്പെട്ട് 31 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം കേരളാ പൊലീസ് അന്വേഷിച്ച കേസ് 2011 മാര്‍ച്ച്‌ ഒൻപതിനാണ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത്. വിചാരണ പൂര്‍ത്തിയാക്കി കൊച്ചിയിലെ എൻഐഎ കോടതി 2015 ഏപ്രില്‍ 30ന് ആദ്യഘട്ടം വിധിപറഞ്ഞു. സംഭവത്തില്‍ 13 പേരെ കോടതി ശിക്ഷിച്ചു. ഇതില്‍ 10 പേരെ എട്ടുവര്‍ഷത്തെ തടവിന് വിധിച്ചു. ശേഷം തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ 11 പേരെക്കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.