കാളികാവ് വാഹനാപകടം: മഴയിൽ കുതിർന്നു കിടന്ന റോഡിൽ തെന്നിയ ഇന്നോവ ബൈക്കിനെ ഇടിച്ചു തെറുപ്പിച്ചു; അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്
സ്വന്തം ലേഖകൻ
കുറവിലങ്ങാട്; എം.സി റോഡ് കുറവിലങ്ങാട് കാളികാവിൽ ബൈക്കിൽ ഇന്നോവ ഇടിച്ച് യുവാവ് മരിക്കാനിടയായ സംഭവത്തിൽ വില്ലനായത് മഴയെന്നു സൂചന. കനത്ത മഴയെ തുടർന്നു നനഞ്ഞു കിടന്ന റോഡിൽ തെന്നി നീങ്ങിയ ഇന്നോവ കാർ ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുന്ന സിസിടിവി ക്യാമാറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു.
കുറവിലങ്ങാട് കാളികാവ് പള്ളിയ്ക്കു സമീപത്ത് ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് ബൈക്ക് യാത്രക്കാരെ ഇന്നോവ കാർ ഇടിച്ചു തെറുപ്പിച്ചത്. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന മരങ്ങാട്ടുപള്ളി മണ്ണയ്ക്കനാട് ഈഴക്കുന്നേൽ ജോർജ് ജോസഫ് (ജോർജുകുട്ടി -34) മരിച്ചിരുന്നു. ഇയാളുടെ ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ എലിസബത്തിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമിത വേഗത്തിൽ എറണാകുളം ഭാഗത്തു നിന്നും വരുന്ന ഇന്നോവ വളവിൽ ബ്രേക്ക് ചെയ്യാൻ ശ്രമിക്കുന്നതും റോഡിൽ നിന്നും തെന്നി മാറി ബൈക്ക് യാത്രക്കാരെ ഇടിച്ചു വീഴ്ത്തുന്നതും വീഡിയോയിൽ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. കാറിന്റെ അമിത വേഗവും, റോഡ് മഴയെ തുടർന്നു തെന്നിക്കിടന്നതുമാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്.
പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചിരിക്കുന്നത്. പ്രദേശത്ത് നിരീക്ഷണം നടത്തിയ പൊലീസ് സംഘം അപകടത്തിന്റെ കാരണം അടക്കം കണ്ടെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്യും. ഇതിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.
വീഡിയോ ഇവിടെ കാണാം –
https://m.facebook.com/story.php?story_fbid=733723810766095&id=207496670055481