
അപകടകാരണം അശ്രദ്ധയെന്ന് കണ്ട് ഹൈക്കോടതി തള്ളിയ കേസിൽ സുപ്രീം കോടതി ഇടപെടൽ: പൊലീസ് ജീപ്പ് മരത്തിലിടിച്ച് മരിച്ച സിഐയുടെ കുടുംബത്തിന് 23 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
സ്വന്തം ലേഖകൻ
തൃശൂർ: അപകടകാരണം അശ്രദ്ധയാണെന്ന് കണ്ട് ഹൈക്കോടതി തള്ളിയ കേസിൽ സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ. ജീപ്പ് മരത്തിലിടിച്ച് പോലീസ് സി.ഐ. മരിച്ച സംഭവത്തിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടലുണ്ടായിരിക്കുന്നത്. ആശ്രിതർക്ക് 23 ലക്ഷം രൂപയും പലിശയും നൽകാൻ മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ഉത്തരവ്. അപകടത്തിൽ മരിച്ച ഇരിങ്ങാലക്കുട സി.ഐ. ആയിരുന്ന കാഞ്ഞൂക്കാരൻ ജോസിന്റെ ഭാര്യയും മക്കളും നൽകിയ ഹർജിയിലാണ് കേരള സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റിനോട് നഷ്ടപരിഹാരമായി 23,19,952 രൂപയും 7.5 ശതമാനം പലിശയും കോടതിച്ചെലവും നൽകുവാൻ കോടതി ഉത്തരവിട്ടത്.
2007 ഓഗസ്റ്റ് എട്ടിനായിരുന്നു സംഭവം. ചാലക്കുടിയിൽ താമസിച്ചിരുന്ന ജോസ് പൊറത്തിശ്ശേരിയിലുണ്ടായ ഒരു കൊലക്കേസ് അന്വേഷിക്കുന്നതിനായി പുലർച്ചെ ഡിപ്പാർട്ട്മെന്റ് ജീപ്പിൽ വരുമ്‌ബോൾ കല്ലേറ്റുംകര ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് മുൻവശത്തുള്ള മരത്തിൽ ഇടിച്ചായിരുന്നു മരിച്ചത്. നഷ്ടപരിഹാരത്തിനായി ജോസിന്റെ ഭാര്യയും മക്കളും എം.എ.സി.ടി. കോടതിയിലും ഹൈക്കോടതിയിലും ഹർജി നൽകിയെങ്കിലും ജോസിന്റെ അശ്രദ്ധമൂലമായിരുന്നു അപകടമെന്ന് കാരണം പറഞ്ഞ് തള്ളുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈക്കോടതിവിധിയെത്തുടർന്ന് സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ, മരിച്ച ജോസിന്റെ ഭാഗത്തുനിന്ന് അശ്രദ്ധ ഉണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി കണ്ടെത്തി. കേസ് തീരുമാനിക്കുന്നതിനായി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു. ഹൈക്കോടതി നഷ്ടപരിഹാരസംഖ്യ നിശ്ചയിക്കുവാൻ നിർദേശിച്ച് കേസ് ഇരിങ്ങാലക്കുട എം.എ.സി.ടി. കോടതിക്ക് തിരിച്ചയച്ചു. തുടർന്നാണ് കോടതി, മരിച്ച ജോസിന്റെ അവകാശിക്ക് നഷ്ടപരിഹാരവും പലിശയും കോടതിച്ചെലവും ജീപ്പ് ഇൻഷുർ ചെയ്തിരുന്ന കേരള സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റിനോട് നൽകാൻ വിധിച്ചത്.