നഗരമധ്യത്തിൽ നിയന്ത്രണം വിട്ട കാർ റോഡരികിലേയ്ക്ക് പാഞ്ഞ് കയറി: പാഞ്ഞ് കയറിയത് രമണിക ജുവലറിയ്ക്ക് സമീപത്തെ പാർക്കിങ്ങ് ഏരിയയിലേയ്ക്ക്: അഞ്ച് ബൈക്കുകൾ തകർന്നു: റോഡരികിൽ നിന്ന മൂന്നു പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ തിരുക്കര മൈതാനത്തിന് സമീപം രമണിക ജുവലറിയക്ക് സമീപത്തെ നടപ്പാതയിലേയ്ക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞ് കയറി അഞ്ച് ബൈക്കുകൾ തകർന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ നഗരമധ്യത്തിലായിരുന്നു അപകടം. നടപ്പാതയിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്കിടയിലേയ്ക്കാണ് കാർ പാഞ്ഞ് കയറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളത്ത് നിന്നും തിരുവനന്തപുരത്തിന് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. റോഡരികിൽ നിന്ന തിരുവഞ്ചൂർ മണിയാറ്റിങ്കൽ ശശി (56), ഫുട്പാത്ത് കച്ചവടക്കാരൻ അനസ് , മറ്റൊരു വഴിയാത്രക്കാരൻ എന്നിവർക്കാണ് പരിക്കേറ്റത്.
തലയ്ക്ക് സാരമായി പരിക്കേറ്റ ശശിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനകൾക്ക് ശേഷം ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് അയക്കും. മറ്റുള്ളവർക്ക് നിസാര പരിക്കുണ്ട്.
സെൻട്രൽ ജംഗ്ഷനിൽ നിന്നും വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് രമണിക ജുവലറി ഭാഗത്തേയ്ക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ സമയം ഇവിടെ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. ഈ വാഹനത്തിനു ഇടയിലേയ്ക്കാണ് കാർ ഓടിക്കയറിയത്. അപകട സമയത്ത് കാര്യമായ യാത്രക്കാർ ഇവിടെ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സാധാരണ ഞായറാഴ്ചകളിൽ ഇവിടെ ഇതരസംസ്ഥാനക്കാരായ വഴിയോരക്കച്ചവടക്കാർ നിരവധിപ്പേർ ഉണ്ടാകാറുള്ളതായിരുന്നു. എന്നാൽ, സംഭവം നടക്കുമ്പോൾ ഇവിടെ കാര്യമായ ആളുകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെയാണ് അപകടത്തിന്റെ തീവ്രത കുറഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. സംഭവത്തിൽ ട്രാഫിക് പൊലീസ് കേസെടുത്തിട്ടുണ്ട്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന അഞ്ച് ബൈക്കുകൾ അപകടത്തിൽ തകർന്നു. പരിക്കേറ്റവരെ സമീപത്തെ കടയിലെ കച്ചവടക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്.