
സ്വന്തം ലേഖകൻ
കോട്ടയം: തമിഴ്‌നാട് അവിനാശിയിൽ വൺവേ തെറ്റിച്ചെത്തിയ കണ്ടെയ്‌നർ ലോറി ഇടിച്ച് മരിച്ച 20 മലയാളികൾ അഞ്ചു ജില്ലകളിൽ നിന്നുള്ളവരെന്ന് റിപ്പോർട്ട്. തൃശൂർ, പാലക്കാട്, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ളവർ വോൾവോ ബസിലുണ്ടായിരുന്നതായാണ് വിവരം ലഭിക്കുന്നത്. ശിവരാത്രി അവധിയായതിനാൽ ബംഗളൂരുവിൽ ജോലി ചെയ്യുന്നവർ അടക്കമുള്ളവർ ബസിനുള്ളിലുണ്ടായിരുന്നു എന്ന വിവരമാണ് ലഭിക്കുന്നത്. 48 പേരാണ് വണ്ടിയ്ക്കുള്ളിലുണ്ടായിരുന്നത്.
അപകടത്തിൽ അഞ്ചു സ്ത്രീകൾ അടക്കം 17 പേരാണ് മരിച്ചത്. ആകെ ബസിലുണ്ടായിരുന്ന 48 പേരിൽ 25 പേർ തമിഴ്‌നാട്ടിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരിൽ എട്ടു പേരുടെ നില അതീവ ഗുരുതരമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരായ് ഇഗ്നി റാഫേൽ (31), റോസ്ലിൻ (69), കിരൺ കുമാർ, കൃഷ്, ജോർദാൻ, തൃശൂർ സ്വദേശികളായ വിനോദ് (45), ക്രിസ്‌റ്റോ ചിറക്കേക്കാരൻ (25), നിബിൻ ബേബി, റഹീം എന്നിവരെയും, പാലക്കാട് സ്വദേശി സോന സണ്ണിയെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോയുടെ ആർ.എസ് 784 നമ്പർ ബംഗളൂരു- എറണാകുളം ബസാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ 3.15 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തെപ്പറ്റി അന്വേഷിക്കുന്നതിനായി കെ.എസ്.ആർ.ടി.സി എം.ഡി സ്ഥലത്തേയ്ക്കു തിരിച്ചിട്ടുണ്ട്. പാലക്കാട് ജില്ലാ കളക്ടറും, തൃശൂർ ജില്ലാ കളക്ടറും ഉടൻ അവിനാശിയിൽ എത്തും.
എറണാകുളം രജിസ്‌ട്രേഷനിലുള്ള കണ്ടെയ്‌നർ ലോറിയാണ് അപകടത്തിനിടയാക്കിയത്. ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ലോറി വൺവേ തെറ്റിച്ചു കയറി, ബസിൽ ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എറണാകുളത്തേയ്ക്കു ടൈലുമായാണ് ലോറി വന്നിരുന്നത്. ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ മൂന്നു മണിക്കൂറോളം പരിശ്രമിച്ച ശേഷം, വണ്ടി വെട്ടിപ്പൊളിച്ചാണ് പുറത്തെടുക്കാൻ സാധിച്ചത്.